തിരുവനന്തപുരം: ചന്ദ്രിക വിവാദത്തെ ചൊല്ലി ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ വെളിപ്പെടുത്തലുകൾ നടത്തിയ മുന്മന്ത്രി കെ.ടി.ജലീലിന് വധഭീഷണി. ജലീലിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്സാപ്പിൽ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് ജലീൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഹംസ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. ശബ്ദസന്ദേശം ഉൾപ്പടെ പൊലീസിൽ പരാതി നൽകി.വോയ്സ് ക്ലിപ്പ് ആയിട്ടാണ് ഫോണിൽ സന്ദേശം ലഭിച്ചത്. എന്നെ അറിയാമല്ലോ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്.

മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് സൂചന. ലീഗിനെതിരെ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാൽ മതിയെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്.

സന്ദേശത്തിൽ ഹംസ എന്നാണ് അജ്ഞാതൻ പരിചയപ്പെടുത്തുന്നത് എങ്കിലും ഇത് ഇയാളുടെ യഥാർത്ഥ പേരാണോയെന്നും വ്യക്തമല്ല. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോൾ ഇരിക്കുന്ന കൊമ്പാണ് ജലീൽ മുറിക്കുന്നതെന്ന് ഓർക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തിൽ പറയുന്നു. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലുള്ളവരുടെ പ്രദേശിക ശൈലിയിലാണ് ഭീഷണിപ്പെടുത്തിയാൾ ഉപയോഗിച്ചിരിക്കുന്നത്.നേരത്തെ ചന്ദ്രിക വിവാദവുമായി ബന്ധപ്പെട്ട് മൂഈൻ അലി തങ്ങളുടെ വാർത്താ സമ്മേളനത്തിൽ അസഭ്യം പറഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുഭാവിയാണെന്ന് വ്യക്തമായിരുന്നു.

ഭീഷണി സന്ദേശം

'എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓർക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്റെയീ സിപിഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാൽ മതി. നല്ലോണം ഓർമ്മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓർമ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ'