കണ്ണൂർ:ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ അധ്യക്ഷനും മാധ്യമപ്രവർത്തകനുമായ ശിവദാസൻ കരിപ്പാലിനെതിരെ മുഖ്യമന്ത്രിയുടെ സഹോദരന്റെ മകനായ സി.സത്യൻ വധഭീഷണി മുഴക്കിയ സംഭവത്തിൽ നാളെ ഡി.ജി.പിക്ക് പരാതി നൽകും. തൊഴിലെടുക്കാനും ജീവിക്കാനുമുള്ള അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടു ജീവന് നേരെ ഭീഷണിയുയർത്തുന്നുവെന്നാണ് ശിവദാസന്റെ പരാതി.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് കോലംകത്തിക്കൽ പരിപാടി റിപ്പോർട്ട് ചെയതതിനെ തുടർന്നാണ് നിന്റെ ശ്വാസം നിലപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ സഹോദരപുത്രനും കായലോട് പാനുണ്ടയിൽ താമസക്കാരനുമായ അഡ്വ. സി.സത്യൻ വാട്സ് ആപ്പ് സന്ദേശം വഴി വധഭീഷണി മുഴക്കിയത്.

നേരത്തെ തലശേരി ജഗന്നാഥ ക്ഷേത്രം ഭരണസമിതിയായ ജ്ഞാനോദയ യോഗം ഭാരവാഹിയായിരുന്നു ഇയാൾ. തലശേരി ബാറിലെ അഭിഭാഷകനായ സത്യൻ ഇപ്പോഴും പറഞ്ഞകാര്യങ്ങളിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവനാളുകൾക്കും മനോവിഷമമുണ്ടെന്നും ഇതു ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി. പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എങ്കിലും താൻ പറഞ്ഞത് പിൻവലിക്കില്ലെന്നാണ് അഡ്വ.സത്യന്റെ നിലപാട്.

ഇതേ തുടർന്നാണ് ശിവദാസൻ കരിപ്പാൽ ഡി.ജി.പിക്ക് പരാതി നൽകാൻ തീരുമാനിച്ചത്. ഇതേ സമയം ശിവാദസൻ കരിപ്പാലിനെതിരയെയുള്ള വധഭീഷണിയിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻജില്ലാകമ്മിറ്റിയോഗം പ്രതിഷേധിച്ചു.

അതേസമയം, ഭീഷണി നേരിടുന്ന കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനു മതിയായ സുരക്ഷ നൽകണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ബന്ധുവാണു ഭീഷണിക്ക് പിന്നിലെന്ന ആരോപണം വളരെ ഗൗരവതരമാണു. ഇക്കാര്യം അന്വേഷിക്കുന്ന കാര്യത്തിൽ ലോക്കൽ പൊലീസ് ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു. ഭീഷണിയുള്ള സ്ഥിതിക്ക് ശിവദാസനു മതിയായ സുരക്ഷ ഒരുക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മകനാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നാണ് ശിവദാസൻ നേരത്തെ ആരോപിച്ചിരുന്നു. കണ്ണൂർ മീഡിയയിലാണ് ശിവദാസൻ ജോലിചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സി സത്യൻ, കരിപ്പാലിന്റെ വാട്സാപ്പിൽ കൊലവിളി സന്ദേശം അയച്ചത്.

പിണറായിക്കെതിരെ വരുന്ന പ്രചരണങ്ങൾ ഒക്കെ വളരെ പ്രാധാന്യത്തോടെ കൊടുക്കാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകുമെന്ന് അറിയാം. ശ്രദ്ധയോടുകൂടി കൊടുത്താൽ മതി, കാരണം നിങ്ങളുടെ കാര്യങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുണ്ട് , എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. 'നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ കൊടുത്താൽ ആളാവാം എന്ന്. എന്നാൽ ആളുണ്ടെങ്കിൽ അല്ലേ ആളാകാൻ പറ്റു. നിങ്ങൾ ആളാകാതിരിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ഞങ്ങളുടെ കൈയിൽ ഉണ്ട്. നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്താൽ മതി' എന്നാണ് ശബ്ദ സന്ദേശത്തിലെ ഭീഷണി.

പിണറായിക്ക് പാർട്ടി കൊടുത്ത ഒരു പ്രവർത്തനമാണ് മുഖ്യമന്ത്രി സ്ഥാനം. അതൊരു അലങ്കാരമായി പാർട്ടിയും പിണറായിയും കാണില്ല . 'അതിനെതിരെ പ്രതികരിക്കുമ്പോൾ, അമിതപ്രാധാന്യം കൊടുക്കുമ്പോൾ ശ്വാസം ഉണ്ടെങ്കിൽ അല്ലേ, നമ്മുടെ ശ്വാസം ആണല്ലോ പ്രധാനം. നന്നായിട്ട് ശ്വസിക്കുക. ഒക്കെ കാണാം. ' എന്ന ഭീഷണിയോടെ കൂടിയാണ് സന്ദേശം അവസാനിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നൽകിയ രഹസ്യമൊഴിയിലെ ചില വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. അന്നേ ദിവസം രാത്രി കണ്ണൂരിൽ യൂത്ത് കോൺഗ്രസും കെഎസ്‌യു വും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധപ്രകടനം റിപ്പോർട്ട് ചെയ്തതാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ പ്രകോപിപ്പിച്ചത്. വാർത്തയുടെ ഓൺലൈൻ ലിങ്ക് മറ്റുള്ളവർക്ക് എന്നപോലെ പോലെ അടുത്ത പരിചയക്കാരനായ മുഖ്യമന്ത്രിയുടെ ബന്ധുവിനും അയച്ചുകൊടുത്തിരുന്നു.

നേരത്തെ മാതൃഭൂമി പത്രത്തിലും അമൃത അമൃത ചാനലിലും ജോലി ചെയ്തരുന്നു. തനിക്ക് പരിചയമുള്ള മുഖ്യമന്ത്രിയുടെ ബന്ധുവിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മാധ്യമപ്രവർത്തകനായ ശിവദാസൻ കരിപ്പാൽ. ഭീഷണിപ്പെടുത്താൻ ആയി 3 സന്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ ബന്ധു വാട്സാപ്പ് വഴി തനിക്ക് അയച്ചു തന്ന ശിവദാസൻ കരിപ്പാൽ  പറഞ്ഞു. ആദ്യത്തെ 2 സന്ദേശങ്ങൾ വായിച്ചു കഴിഞ്ഞതും അയച്ച ആൾ തന്നെ ഡിലീറ്റ് ചെയ്തു.

അതുകൊണ്ട് മൂന്നാമത്തെ സന്ദേശം കിട്ടിയ ഉടനെ തന്നെ മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്തു. മൂന്നാമത്തെ സന്ദേശവും അയച്ചയാൾ ഡിലീറ്റ് ചെയ്തു. എങ്കിലും അത് മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്തു കൊണ്ട് കൊണ്ട് തെളിവായി, ശിവദാസൻ കരിപ്പാൽ പറഞ്ഞു