ഹൈദരാബാദ്: തെലുങ്കാനായിലെ എഴുത്തുകാരനും ചിന്തകനും ദളിത് പ്രവർത്തകനുമായ കാഞ്ച ഐലയ്യക്ക് സമുദായിക നേതാക്കന്മാരുടെ വധ ഭീഷണി. ആര്യ വൈശ്യ മഹാ സഭ തനിക്കെതിരെ വധ ഭീഷണി മുഴക്കിയതായി ആരോപിച്ച് ഹൈദരാബാദ് ഒസ്മാനിയ സർവ്വകലാശാല പൊലീസിൽ അദ്ദേഹം പരാതി നൽകി. ഞായറാഴ്ച ഉച്ചമുതൽ അജ്ഞാതർ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കാഞ്ച ഐലയ്യയുടെ പുതിയ പുസ്തകമായ 'വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്‌സ്' നെ ചൊല്ലിയലാണ് ഭീഷണി നടത്തിയത്. പുസ്തകത്തിലെ ചില പരാമർശങ്ങൾ തങ്ങളെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ആര്യ വൈശ്യ മഹാസഭ രംഗത്ത് എത്തിയിരിക്കുന്നത്. കാഞ്ച ഐലയ്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയവർ തന്റെ നാവരിയുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഐലയ്യ പരാതി നൽകിയിരിക്കുന്നത്.

കാഞ്ച ഐലയ്യയുടെ പുതിയ പുസ്തകത്തിന്റെ പേരിന്റെ പേരിലും, ഉള്ളടക്കത്തിലെ ചില ഭാഗങ്ങളുടെ പേരിലും ആര്യ വൈശ്യ മഹാസഭ തന്നെ ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം പരാതിയിൽ പറയുന്നു. കാഞ്ച ഐലയ്യക്കെതിരെ ദ ഇന്റർനാഷണൽ ആര്യ-വൈശ്യ സംഘം തലവൻ കെ. രാമകൃഷ്ണ ടി.വി ചാനലിലൂടെ രംഗത്തെത്തിയിരുന്നു.

തന്റെ ജീവന് എന്തെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഐലയ്യ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പുസ്തകത്തിലെ പരാമർശങ്ങൾ ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും, ഉടൻ പിൻവലിണമെന്നുമാവശ്യപ്പെട്ട് വൈശ്യ അസോസിയേഷൻ പൊലീസിസൽ പരാതി നൽകിയിരുന്നു. എന്നാൽ പുസ്തകം പിൻവലിക്കാൻ ഐലയ്യ തയ്യാറായിരുന്നില്ല.