കണ്ണൂർ: അക്രമ കേസുകളിൽ നടപടിയെടുക്കാൻ ഒരുങ്ങുന്ന പൊലീസിനു നേരെ സമൂഹ മാധ്യമങ്ങളിൽ വധ ഭീഷണിയും പരസ്യമായ ചെറുത്തു നിൽപ്പും വ്യാപകമാവുന്നു. രാമന്തളി മൊട്ടക്കുന്നിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ പൊലീസ് അതിക്രമം കാട്ടിയെന്ന് ഫെയ്സ് ബുക്കിലൂടെ വ്യാജ ഫോട്ടോകൾ ഇട്ട് പ്രചരണം നടത്തുകയും പൊലീസിനു നേരെ വധഭീഷണി ഉയർത്തുകയും ചെയ്തതിന് പതിനെട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിയാരം എസ്.ഐ. വിനീഷിന്റെ തല തെറിപ്പിക്കുമെന്നായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിന് കമന്റ് ചെയ്തവർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് കേരളത്തിനകത്തും പുറത്തുമുള്ള പതിനെട്ട് പേർക്കെതിരെ പൊലീസ് കേസ്.

പരിയാരം മെഡിക്കൽ കോളേജിനു നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനായ റിജു രവീന്ദ്രനെ അന്വേഷിച്ച് പരിയാരം എസ്.ഐ. യുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തിയിരുന്നു. വീട്ടിൽ പൊലീസ് അതിക്രമം കാട്ടിയെന്ന് ബിജെപി. ആരോപണം ഉന്നയിച്ചിരുന്നു. അതോടനുബന്ധിച്ച് കേസിൽപെട്ട റിജു. 'പൊലീസായാൽ ഇങ്ങിനെ വേണം. അല്ലേടാ '.എന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എന്റെ വീട്ടിൽ പരിയാരം എസ്.ഐ. വിനീഷിന്റെ നേതൃത്വത്തിൽ പൊലീസ് അതിക്രമം നടത്തിയെന്നും കണ്ണിൽ കണ്ടതെല്ലാം തല്ലി തകർത്തുവെന്നും കുട്ടിയുടെ കളിപ്പാട്ടം പോലും ഒഴിവാക്കിയില്ലെന്നുമുള്ള പോസ്റ്റിൽ ഭരണം മാറുമെന്നും അപ്പോൾ തൊപ്പി തെറിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ പോസ്റ്റിന് കമന്റ് ചെയ്ത പതിനേഴ് പേർ തൊപ്പിയല്ല തലയാണ് തെറിപ്പിക്കേണ്ടതെന്ന് അഭിപ്രായ പ്രകടനവും നടത്തി. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഫെയ്സ് ബുക്ക് പോസ്റ്റിട്ട റിജു രവീന്ദ്രൻ ഉൾപ്പെടെ പതിനെട്ട് പേരാണ് കേസിൽപെട്ടത്. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്നവരാണ് കേസിൽ പെട്ടിട്ടുള്ളത്.

മറ്റൊരു സംഭവത്തിൽ രാമന്തളി -മൊട്ടക്കുന്നിൽ ആർ.എസ്. എസ്. നേതാവ് ബിജു വധത്തെതുടർന്ന് അക്രമത്തിൽ പങ്കാളികളെന്നു കരുതുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ എത്തിയിരുന്നു. ഈ നാല് പേരെ പിടികൂടി മടങ്ങുകയായിരുന്ന തളിപ്പറമ്പ് ഡി.വൈ.എസ്‌പി. കെ.വി. വേണുഗോപാലൻ ഉൾപ്പെടുന്ന സംഘത്തെ അമ്പതോളം വരുന്ന ബിജെപി. ആർ.എസ്. എസ്. പ്രവർത്തകർ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ള അമ്പതു പേരാണ് കേസിലെ പ്രതികൾ. പൊലീസും ബിജെപി. പ്രവർത്തകരും തമ്മിൽ ഏറെ നേരം നില നിന്ന സംഘർഷാവസ്ഥയ്ക്കു ശേഷം മറ്റൊരു വാഹനത്തിൽ കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിക്കേണ്ടി വന്നു.

ഇവരെ ഡി.വൈ. എസ്. പി.യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. പരിയാരം മെഡിക്കൽ കോളേജിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ അക്രമബന്ധങ്ങൾ തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതോടെ പ്രതികളായവരെ പൊലീസ് അറസ്റ്റ് ചെയ്യും. അടുത്ത കാലത്ത് രാഷ്ട്രീയ അക്രമ സംഭവങ്ങളിൽ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രതികളെ രക്ഷിക്കാൻ പരസ്യമായി ശ്രമിക്കുന്ന സംഭവങ്ങളാണ് രാഷ്ട്രീയ പ്രവർത്തകർ ജില്ലയിൽ സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങൾ പൊലീസിനും ആശങ്ക സൃഷ്ടിക്കുകയാണ്.