വിക്ടോറിയ: വിക്ടോറിയൻ റോഡുകളിൽ മരണം പതിയിരിക്കുന്നുവെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഫെബ്രുവരി മാസത്തിൽ റോഡിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം കണക്കാക്കുമ്പോൾ ഒരു ദിവസം ഒരാളിൽ കൂടുതൽ എന്ന കണക്കിന് വിക്ടോറിയൻ റോഡുകളിൽ മരിച്ചു വീഴുകയാണെന്നാണ് തെളിയുന്നത്. ഫെബ്രുവരി മാസം 26 ആയപ്പോഴേയ്ക്കും 29 ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. അതിൽ 11 പേരും മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്നവരാണ്.

കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ തന്നെ വ്യത്യസ്ത അപകടങ്ങളിൽ മൂന്നു ടീനേജുകാരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ പെട്ട മറ്റൊരു പതിനെട്ടുകാരൻ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണിപ്പോൾ. ഫെബ്രുവരിയിലെ മരണനിരക്ക് റെക്കോർഡ് നിരക്കുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ ഡഗ് ഫ്രെയർ ചൂണ്ടിക്കാണിക്കുന്നത്.

26 ദിവസത്തിനുള്ളിൽ തന്നെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന 11 പുരുഷന്മാർ കൊല്ലപ്പെടുകയെന്നത് വളരെ അസ്വഭാവികമാണെന്നും ഏറെക്കാലമായി ഫെബ്രുവരി പോലൊരു മാസത്തെ നേരിടേണ്ടി വന്നിട്ടില്ലെന്നും ഫ്രെയർ പറയുന്നു. അപകടങ്ങൾ പെരുകിയതിന്റെ അടിസ്ഥാനത്തിൽ, ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും യാത്രക്കിടയിൽ മറ്റു അശ്രദ്ധകളൊന്നും പാടില്ലെന്നും വാഹനമോടിക്കുന്നവരോടും കാൽനടക്കാരോടും വിക്ടോറിയ പൊലീസ് നിർദേശിക്കുന്നു.