ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങൾക്ക് 'ബി.എസ്-4' മലിനീകരണ മാനദണ്ഡം നിർബന്ധമാക്കാൻ ഉറച്ച് കേന്ദ്ര സർക്കാർ. പരിസ്ഥിതി മലനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ ചില ആശയക്കുഴപ്പങ്ങൾ ഇതുമായി ബന്ധപ്പെട്ട് സജീവമാണ്.

ബി.എസ്.-4 (ഭാരത് സ്റ്റേജ്-4) പാലിക്കുന്ന വാഹനങ്ങൾ മാത്രമേ അടുത്തമാസം മുതൽ നിർമ്മിക്കാവൂ എന്ന നിർദ്ദേശത്തോട് നിർമ്മാതാക്കൾക്ക് എതിർപ്പില്ല. എന്നാൽ ഏപ്രിൽ ആദ്യം വിവിധ കമ്പനികളുടേതായി ഏതാണ്ട് ഏഴരലക്ഷം ഇരുചക്ര വാഹനങ്ങൾ, 20,000 കാറുകൾ, 45,000 മുച്ചക്ര വാഹനങ്ങൾ, 70,000 വാണിജ്യവാഹനങ്ങൾ എന്നിവ സ്റ്റോക്കുണ്ടാകുമെന്നാണ് കണക്ക്. ഇതിൽ ബി.എസ്-4 പാലിക്കാത്തവ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുമോ എന്നതിലാണ് വ്യക്തത വരുത്തേണ്ടത്.

നിർമ്മിച്ചുകഴിഞ്ഞ ബി.എസ്-3 വാഹനങ്ങൾ ഏപ്രിൽ ഒന്നിനുശേഷവും വിൽക്കാനും രജിസ്റ്റർ ചെയ്യാനും സർക്കാർ അനുവദിക്കുമോ എന്ന ആശയക്കുഴപ്പമാണ് ഇപ്പോൾ സജീവമാകുന്നത്. ഇതുമായി ബന്ധപ്പെട്ടവരുമായി ഗതാഗത മന്ത്രാലയം ഈമാസം 20-ന് നടത്തുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമരൂപമായേക്കും.

ബി.എസ്-3 എൻജിനുകളെ അപേക്ഷിച്ച് 80 ശതമാനം കുറവ് മലിനീകരണമേ ബി.എസ്.-4 വാഹനങ്ങൾക്കുള്ളൂ. പതിമ്മൂന്ന് മെട്രോ നഗരങ്ങളിൽ 2010 ഏപ്രിൽ മുതൽ തന്നെ ബി.എസ്-4 നടപ്പാക്കിയിരുന്നു. എന്നാൽ, ബി.എസ്-4 വാഹനങ്ങളിൽ ഉപയോഗിക്കേണ്ട നിലവാരമുള്ള ഇന്ധനങ്ങൾ എല്ലായിടത്തും ലഭ്യമല്ലാത്തതിനാൽ മറ്റിടങ്ങളിൽ നടപ്പാക്കാൻ വൈകി.

ബി.എസ്-4 എൻജിനുകൾ നിർമ്മിക്കാൻ തയ്യാറല്ലെന്ന് കമ്പനികളാരും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ സൊസൈറ്റി(സിയാം)യുടെ സീനിയർ ഡയറക്ടർ അതനു ഗാംഗുലി പറഞ്ഞു. ഒട്ടുമിക്ക കാർ നിർമ്മാതാക്കളും നേരത്തെതന്നെ ബി.എസ്-4 എൻജിനുകളാണ് ഇറക്കുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഹെവി വാഹനങ്ങളും മുഴുവനായി ബി.എസ്.-4ലേക്ക് മാറിക്കഴിഞ്ഞിട്ടില്ല.

അടുത്തമാസം മുതൽ പുതിയ മാനദണ്ഡം നിർബന്ധമാകുന്നതിനാൽ പല ഇരുചക്ര വാഹനക്കമ്പനികളും ബി.എസ് -4ലേക്ക് മാറിക്കൊണ്ട് വില വർധിപ്പിക്കുകയാണ്. ബി.എസ്-4ലേക്ക് മാറുമ്പോൾ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിർമ്മാണച്ചെലവിൽ ഏതാണ്ട് 5,000 രൂപ വരെയും ട്രക്കുകൾക്ക് 70,000 മുതൽ ഒരു ലക്ഷം രൂപ വരെയും വർധനയുണ്ടാകും.