തിരുവനന്തപുരം: തൊടുപുഴ യൂണിയൻ ബാങ്ക് മാനേജർ ആയിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ടിനെ കള്ളക്കേസിൽ കുടുക്കി എസ്‌പി ഓഫീസിൽ വെച്ച് തല്ലിച്ചതച്ച കേസിനു നിർണായകമായ ട്വിസ്റ്റ്. തൊടുപുഴ കോടതി തള്ളിക്കളഞ്ഞ ഈ വ്യാജ കേസുമായി ബന്ധപ്പെട്ടു ഇപ്പോൾ ഹൈക്കോടതിയിലും തൊടുപുഴ കോടതിയിലും നിലനിൽക്കുന്ന കേസുകളെയാണ് ഈ ട്വിസ്റ്റ് ബാധിക്കുക. എസ്‌പി നിശാന്തിനിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായ കേസ് ഒത്തുതീർക്കാനായുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതായാണ് സൂചന.

കേസിൽ പേഴ്സി ജോസഫ് ഡെസ്മണ്ടിന് അനുകൂലമായി വാദിച്ച് വിധി വാങ്ങി നൽകിയ പ്രമുഖ അഭിഭാഷകൻ ടോമിനെ മാറ്റിയാണ് കേസ് പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഐപിഎസ് ഓഫീസർ ആയ നിശാന്തിനിയുടെ ജോലി തന്നെ പോകാവുന്ന സ്ഥിതിയിലേക്ക് കേസ് നീങ്ങവേയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ തകൃതിയായത്. വിദേശത്തേക്ക് പോകാൻ പോലും സാധിക്കാത്ത രീതിയിൽ ഈ കേസ് നിശാന്തിനിക്ക് മുന്നിൽ മാർഗ തടസവും സൃഷ്ടിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും കണക്കിലെടുത്താണ് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമായത്. സംഭവം നടക്കുമ്പോൾ എസ്‌പിയായിരിക്കുകയും പിന്നീട് വിരമിക്കുകയും ചെയ്ത ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനും ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് പിന്നിലുണ്ടെന്നാണ് സൂചന.

പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയിൽ ദ്രോഹിച്ചെന്ന കേസിൽ പൊലീസുദ്യോഗസ്ഥരുടെ പേരിൽ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ കേസിൽ നിശാന്തിനി ഉൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനൽ സമീപനത്തോടെയായിരുന്നില്ല. നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. പേഴ്സിക്കെതിരെ കള്ളക്കേസ് ചുമത്തിയതിനും മൂന്നാംമുറ പ്രയോഗിച്ചതിനുമാണ് നിശാന്തിനിയടക്കം ആറ് പൊലീസുകാർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം വന്നത്.

നിശാന്തിനിക്ക് പുറമേ അന്ന് എസ്‌ഐയായിരുന്ന കെ.വി മുരളീധരൻ, വനിത പൊലീസ് ഓഫീസർ പി.ഡി പ്രമീള, സീനിയർ സിവിൽ ഓഫീസർ നൂർ സമീർ, ഡ്രൈവർമാരായ ടി.എം സുനിൽ, കെ.എ ഷാജി എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് നിർദ്ദേശം. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനേയും, ഇപ്പോൾ എഡിജിപിയായ ശ്രീലേഖയേയും സംസ്ഥാന സർക്കാരിനെയുമെല്ലാം ദോഷകരമായി ബാധിക്കാവുന്ന കേസിലാണ് ഇപ്പോൾ ഒത്തുതീർപ്പ് മണക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടു തൊടുപുഴ മജിസ്‌ട്രേറ്റു കോടതിയിൽ കേസുള്ള കാര്യം മറച്ചുവെച്ച് അതിലുൾപ്പെട്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോയെന്ന് സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കണമെന്നും ഈ കേസിൽ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നിശാന്തിനി തൊടുപുഴ എഎസ്‌പിയായിരുന്നപ്പോൾ ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദ്ദിച്ചുവെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കേസിലെ വാദിയായ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ സ്വാധീനിച്ച് കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായാണ് പേഴ്സി ജോസഫ് ഡെസ്മണ്ടുമായുള്ള കേസുകളിൽ തുടർച്ചയായി ഹാജരാക്കുകയും അനുകൂല വിധി ഹൈക്കോടതിയിൽ നിന്ന് വരെ വാങ്ങിക്കൊടുക്കുകയും ചെയ്ത അഭിഭാഷകൻ ടോമിനെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

കള്ളക്കേസിനെ തുടർന്ന് നിരപരാധിത്വം തെളിയിക്കാൻ ഏഴ് വർഷം നടത്തിയ നിയമയുദ്ധമാണ് പേഴ്‌സി ജോസഫ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്. ടോമിനെ മാറ്റിയ കാര്യം പേഴ്സി ജോസഫ് ഡെസ്മണ്ട് മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകനെ മാറ്റുന്നത് വ്യക്തിപരമായ കാര്യമാണ്. അഭിഭാഷകനെ മാറ്റേണ്ട അവസ്ഥ വന്നു. അതുകൊണ്ട് മാറ്റി- പേഴ്സി ജോസഫ് ഡെസ്മണ്ട് പറയുന്നു. തൊടുപുഴ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച് പേഴ്സിക്ക് അനുകൂലമായി വിധി വാങ്ങി നൽകിയ പ്രമുഖ അഭിഭാഷകനെവെച്ചുള്ള ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കില്ലെന്ന തോന്നൽ കാരണമാണ് അഭിഭാഷകനെ മാറ്റിയത് എന്നാണ് സൂചന. കേരളീയ സമൂഹവും മാധ്യമങ്ങളും ഉറച്ച പിന്തുണ നൽകിയ കേസ് ആണ് പേഴ്സി ജോസഫ് ഡെസ്മണ്ട് ഏകപക്ഷീയമായി ഒത്തുതീർക്കാൻ ശ്രമിക്കുന്നത്. ഒത്തുതീർപ്പുമായി ബന്ധപ്പെട്ടു വൻതുക ഈ ഇടപാടിന്റെ പേരിൽ കൈമറിയുന്നുണ്ട് എന്നാണ് മറുനാടന് ലഭിച്ച സൂചനകൾ.

ജോലി പോകുന്ന ഘട്ടത്തിലാണ് നിശാന്തിനി അടക്കമുള്ളവർ ഈ കേസിനു ഒത്തുതീർപ്പിനു ശ്രമിക്കുന്നത്. ബാങ്ക് ലോണിന് ചെന്ന വനിതാ പൊലീസ് ഓഫീസർമാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു യൂണിയൻ ബാങ്ക് മാനേജരായിരുന്ന പേഴ്സിക്ക് എതിരായ കേസ്. ഈ കേസിലാണ് അന്നത്തെ ഇടുക്കി എഎസ്‌പിയായിരുന്ന നിശാന്തിനിയും സംഘവും ബാങ്ക് മാനേജർക്ക് നേരെ മൂന്നാം മുറയും കേസും പ്രയോഗിച്ചത്. വ്യക്തി വൈരാഗ്യം തീർക്കാൻ നിശാന്തിനി വനിതാ പൊലീസുകാരെ ഉപയോഗിക്കുകയായിരുന്നു എന്നാണ് പിന്നീട് തെളിഞ്ഞത്. മർദ്ദനം നടന്ന് അവശ നിലയിൽ പൊലീസ് സ്റ്റേഷനിൽ വീണു കിടക്കുമ്പോൾ മുതൽ പേഴ്‌സിക്ക് തുണയായി നിന്ന അഭിഭാഷകനെയാണ് പേഴ്‌സി ഒത്തുതീർപ്പ് ശ്രമങ്ങളുടെ ഭാഗമായി മാറ്റിയിരിക്കുന്നത്.

ടോമിന്റെ സമയോചിതമായ ഇടപെടൽ വഴിയാണ് അന്ന് എസ്‌പി ഓഫീസിൽ പേഴ്‌സിക്ക് ജാമ്യം ലഭിക്കാനും പിന്നീട് അനുകൂല വിധി ഹൈക്കോടതിയിൽ നിന്നും തൊടുപുഴ കോടതിയിൽ നിന്നും വിവിധ കേസുകളിൽ പേഴ്സിക്ക് അനുകൂല വിധി ലഭിച്ചത്. ഇപ്പോൾ തൊടുപുഴ കോടതിയിലും ഹൈക്കോടതിയിലും നിലനിന്ന മൂന്നു കേസുകളാണ് പിൻവലിക്കപ്പെടാൻ സാധ്യത തെളിയുന്നത്. പേഴ്‌സിയുടെ കേസിൽ വൻ ജനപിന്തുണയാണ് പേഴ്‌സിക്ക് പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. സ്ത്രീ പീഡനക്കേസിൽ യഥാർത്ഥ നീതി ലഭിക്കാൻ ഈ പിന്തുണയാണ് പേഴ്‌സിക്ക് തുണയായത്. ഇപ്പോൾ ഈ പിൻതുണ വഴി ലഭിച്ച നീതിയാണ് ആരും അറിയാതെ ഒത്തുതീർക്കാൻ പേഴ്‌സി ശ്രമിക്കുന്നത്. വളരെ ശക്തമായ കേസാണ് നിശാന്തിനി അടക്കമുള്ളവർക്ക് എതിരെ നിലനിൽക്കുന്നത്. ഊരിപ്പോരാൻ പ്രയാസം. അതിനാലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമായത്.

ഹൈക്കോടതിയിലുള്ള ഈ കേസിൽ വിധി വന്നാൽ നിശാന്തിനി മാത്രമല്ല എഡിജിപിയായ ശ്രീലേഖ കൂടി കുടുങ്ങും. കാരണം പേഴ്സിയെ തല്ലിച്ചതച്ച കേസിൽ അന്നത്തെ എഎസ്‌പിയായ നിശാന്തിനിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് നടപടി സ്വീകരിച്ചത്. ഒരാഴ്ച കാലത്തോളം ഈ സസ്പെൻഷൻ നീണ്ടിരുന്നു. അപ്പോഴാണ് അന്നത്തെ ഐജിയായ ശ്രീലേഖ ഈ സസ്പെൻഷന് എതിരെ ആഭ്യന്തര സെക്രട്ടറിക്ക് കത്തു നൽകുന്നത്. സംഭവം നടന്ന ദിവസം നിശാന്തിനി എന്നെ വിളിച്ച് പേഴ്‌സി ജോസഫിന്റെ കാര്യം പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തിനു ശ്രമിച്ച പേഴ്‌സിക്ക് നേരെ കേസെടുക്കാൻ ഞാനാണ് അന്ന് നിശാന്തിനിക്ക് നിർദ്ദേശം നൽകുന്നത്. ഇത്തരം വിവരണമാണ് ആഭ്യന്തര സെക്രട്ടറിക്ക് ശ്രീലേഖ നൽകിയ കത്തിലുള്ളത്. ഈ കത്ത് പരിഗണിച്ചാണ് നിശാന്തിനിയുടെ പേരിലുള്ള സസ്പെൻഷൻ ഒഴിവാക്കി ആഭ്യന്തര സെക്രട്ടറി ഉത്തരവ് ഇറക്കുന്നത്. പക്ഷെ ആ കത്തിൽ പറഞ്ഞ തീയതി സംഭവം നടക്കുന്നതിനു തലേന്നാളത്തെ തീയതിയിലായിരുന്നു. അതായത് സംഭവം നടക്കുന്നതിനു മുൻപ് തന്നെ പേഴ്‌സിക്കെതിരെ കേസ് എടുക്കാൻ ശ്രീലേഖ നിർദ്ദേശം നൽകിയിരുന്നു. തീയതി തെറ്റിയതുപോലെ അതിലെ സമയവും തെറ്റാണ്.

സംഭവം നടക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരിക്കെ ശ്രീലേഖ പറയുന്നത് രാവിലെ 11 മണിക്കാണ്. ഈ കത്ത് തന്നെ നിഷാന്തിനിക്കും ശ്രീലേഖയ്ക്കും എതിരായ തെളിവായി മാറുകയാണ്. ഇത്തരം ഒട്ടേറെ തെളിവുകൾ ഉള്ള കേസ് ആണ് പേഴ്‌സി ജോസഫ് ഒത്തുതീർക്കാൻ ശ്രമിക്കുന്നത്. നിരന്തര സമ്മർദ്ദം തന്നെ കേസ് പിൻവലിക്കാൻ പേഴ്സിക്ക് മുകളിൽ വന്നതായാണ് ലഭിക്കുന്ന സൂചനകൾ. 2011ലാണ് പേഴ്‌സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാർ ചേർന്ന് കള്ളക്കേസിൽ കുടുക്കിയത്. സ്‌കൂട്ടർ വാങ്ങാൻ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യിൽ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്‌സി ജോസഫിനെ കുരുക്കാൻ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രിൽ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. തുടർന്ന് തനിക്കെതിരെ കള്ളക്കേസ് ചമച്ച പൊലീസുകാർക്കെതിരെ പേഴ്‌സി ജോസഫ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് നിശാന്തിനി ഐപിഎസ് അടക്കം പ്രതിക്കൂട്ടിലായത്.

അന്നത്തെ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീജ ജയന്റെ ഭർത്താവിന് ബാങ്കിൽ ഒരു ഭവന വായ്പ നിലവിലുണ്ടായിരുന്നു. അതിന്റെ കുടിശിക നിലനിൽക്കുമ്പോൾ തന്നെ മറ്റൊരു ലോണിനായി ഇയാൾ ബാങ്കിനെ സമീപിച്ചിരുന്നു. സ്ഥലത്തിന്റെ രേഖകൾ കാണിച്ചാൽ അമ്പതിനായിരം രൂപ കാർഷിക വായ്പ നൽകാമെന്ന് പേഴ്സി ജോസഫ് അറിയിച്ചു. എന്നാൽ അമ്പതിനായിരം രൂപയല്ല മറിച്ച് ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് വായ്പയായി ലഭിക്കണമെന്ന് ജയൻ നിർബന്ധപ്പെടുകയായിരുന്നുവെന്നും പേഴ്സി പറയുന്നു. അത്തരം ക്രമക്കേടുകളിലൂടെ ഒരു വായ്പയും നൽകാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ തൊടുപുഴയിൽ തങ്ങൾ ആരാണെന്നും എന്താണ് തങ്ങളുടെ ശക്തിയെന്നും കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് ക്ഷുഭിതനായ ജയൻ ബാങ്കിൽ നിന്നും ഇറങ്ങിപ്പോയതെന്നും പേഴ്സി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊലീസ് ആസൂത്രണം ചെയ്ത നാടകം നടക്കുന്നത്.

ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തിൽ, പ്രമീള ബിജു, യമുന എന്നീ പൊലീസുകാരികളെ വേഷപ്രച്ഛന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കിൽ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു. 2011 ജൂലൈ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. പൊലീസൂകാരികളായ പ്രമീള ബിജു 25-നും, യമുന 26 നും സ്‌കൂട്ടറിന് ലോൺ എടുക്കുവാൻ വേണ്ടി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ആ സമയം പ്രതി ക്യാബിനിൽ വച്ച് പ്രമീള ബിജുവിന്റെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. സംഭവത്തിൽ പേഴ്സിയെ പിന്നീട് അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയും ഇതിന് പിന്നീൽ നിശാന്തിനി ഐപിഎസ് ആണെന്നും കോടതി വിലയിരുത്തി.

പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ 38 സാക്ഷികൾ ഉണ്ടായിരുന്നു. ഷീജാ ജയൻ ഉൾപ്പെടെ 17 സാക്ഷികളെ വിസ്തരിച്ചു. ബാങ്ക് മാനേജറുടെയും വാദങ്ങൾ കേട്ട ശേഷണാണ് പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന് കോടതി വ്യക്തമാക്കിയത്. കേസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. ഇതിലെല്ലാം വിധികൾ പേഴ്സിക്ക് അനുകൂലമായിരുന്നു. ഇനിയിപ്പോൾ നിശാന്തിനി അടക്കമുള്ളവർ വകുപ്പുതല നടപടികൾ നടന്നു വരുന്ന ഘട്ടത്തിലും ഹൈക്കോടതി നിരീക്ഷണം ഈ കേസിൽ നിലനിൽക്കുകയും ചെയ്യുമ്പോഴാണ് നാടകീയമായി കേസിൽ നിന്നും പിൻവാങ്ങാനുള്ള സൂചനകൾ പേഴ്‌സി ജോസഫിന്റെ ഭാഗത്തു നിന്നും വരുന്നത്. ഒത്തുകളിയുടെയും പിന്മാറ്റത്തിന്റെയും പണം കൈമാറ്റത്തിന്റെയും നാറിയ കഥകൾ തന്നെയാണ് പേഴ്‌സി ജോസഫിന്റെ കേസുകളിൽ നിന്നും വരാൻ പോകുന്നത് എന്ന് തന്നെയാണ് ലഭ്യമാകുന്ന സൂചനകൾ.