- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കർഷകരുടെ സംശയങ്ങൾക്കും ആശങ്കൾക്കും ഒറ്റ ക്ലിക്കിൽ പരിഹാരം; ഡീപ്പ് ഫ്ളോ ടെക്നോളജിയുമായി യുവ എഞ്ചിനിയർമാരുടെ സംഘം; 'ഡീപ്പ് ഫ്ളോ ടെക്നോളജി; ഫാർമേഴ്സ് അസ്സിസ്റ്റ്'യാഥാർത്ഥ്യമാക്കിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി
കണ്ണുർ: കർഷകരുടെ സംശയങ്ങൾക്കും, ആശങ്കകൾക്കും ഇനി മുതൽ സെക്കന്റുകൾക്കുള്ളിൽ പരിഹാരം കാണാം.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം യുവ എഞ്ചിനിയർമാർ.
കണ്ണൂർ ഗവ. എഞ്ചിനിയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ അത്രി ആനന്ദ്, വിഷ്ണു ബി രാജ്, എൻ എസ് സായന്ത് എന്നിവർ ചേർന്നാണ് 'ഡീപ്പ് ഫ്ളോ ടെക്നോളജി; ഫാർമേഴ്സ് അസ്സിസ്റ്റ്' എന്ന പേരിൽ ആപ്പ് വികസിപ്പിച്ചെടുത്തത്.സ്റ്റാർട്ടപ്പ് സംരംഭമായി വികസിപ്പിച്ച കർഷക സഹായ മൊബൈൽ ആപ്പിന് നബാർഡിന്റെ സഹായവും പിന്തുണയും ലഭിച്ചു.
ഇനി മുതൽ കർഷകരുടെ ആശങ്കകൾക്ക് വിരൽത്തുമ്പിൽ പരിഹാരം കാണാം.ജില്ലയിലെ വിവിധ മേഖലയിലെ തെരഞ്ഞെടുത്ത 600ഓളം കർഷകരിൽ രണ്ടര വർഷം നീണ്ട പഠനം നടത്തിയതിനു ശേഷമാണ് ഇത്തരമൊരു മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത്.
കൃഷി വിജഞാന കേന്ദ്രത്തിന്റെയും, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെയും സഹായത്തോടെയായിരുന്നു പഠനം.
പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. സബ്സ്‌ക്രൈബ് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തിയാൽ അതത് വിളകൾക്ക് വേണ്ട മണ്ണ്, അതിന്റെ ഘടകങ്ങൾ, വെള്ളത്തിന്റെ അളവ്, കാലാവസ്ഥ, വളപ്രയോഗം സംബന്ധിച്ച നിർദേശങ്ങൾ, വിള ഉത്പാദനകാലം, വിളിവെടുപ്പ് കാലം, സസ്യരോഗങ്ങൾ , പ്രതിവിധികൾ തുടങ്ങി എല്ലാ സംശയങ്ങൾക്കും ആപ് ഉത്തരം നൽകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന സംശയ നിവാരണ സേവനവും ഇത് വഴി ലഭിക്കും. കർഷകർക്കാവശ്യമായ വ്യക്തിഗത കാർഷിക ഉപദേശങ്ങൾ, കൃഷിയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ഇടപെടലുകൾ, എന്നിവക്ക് പുറമെ ഉത്പന്നങ്ങൾ ഉയർന്ന വിലക്ക് വിൽക്കാനുള്ള സഹായവും ഇതിൽ ലഭ്യമാണ്.
തുടക്കത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലെ 1200 കർഷകരെയാണ് ആപ്പിൽ അംഗങ്ങളാക്കുക. ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളിലെ അംഗങ്ങളെയാണ് ആദ്യം പരിഗണിക്കുക. 1500 രൂപയാണ് വാർഷിക വരിസംഖ്യ. ആദ്യഘട്ടത്തിൽ വരിസംഖ്യയുടെ 75 ശതമാനം നബാർഡ് സബ്സിഡി അനുവദിച്ചതിനാൽ കർഷകർ 270 രൂപ നൽകിയാൽ മതിയാകും. ഫാം സെക്ടർ പ്രൊമോഷൻ ഫണ്ടിൽ നിന്നാണ് സബ്സിഡി അനുവധിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്