തൃശ്ശൂർ: 'അങ്ങനെയിരിക്കേ' കവിത മോഷ്ടിച്ചതല്ലെന്നാണ് വിവാദം ഉയരുമ്പോൾ ദീപാ നിശാന്ത് നൽകിയ വിശദീകരണം. സൈബർ ലോകത്തെ പേരെടുക്കാനുള്ള ശ്രമത്തിനിടെ വിവാദ നായികയായ വ്യക്തിയാണ് ദീപ. വരികൾ ഒന്നായതിന്റെ കാരണം ഉടൻ വെളിപ്പെടുത്തുമെന്നും അത് ഇപ്പോൾ പറയാനാകില്ല. തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ അതിന് പിന്നിലുണ്ടെന്നുമാണ് ദീപ അഭിപ്രായപ്പെട്ടത്. അതേസമയം ഇത്തരത്തിൽ വാക്കുകൾ വ്യാഖ്യാനിക്കുന്നതിൽ ദീപക്ക് പറ്റിയ പിഴവു മൂലം ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തെറിച്ച ഒരു യുവാവുണ്ട്. സിപിഎമ്മിന്റെ സൈബർ പോരാളിയായിരുന്ന ദീപക് ശങ്കരനാരായണനായിരുന്നു ഈ വ്യക്തി.

അദ്ധ്യാപികയെന്ന ജോലിയിൽ ഇരുന്നു സേഫ് സോണിൽ ഇരുന്നു കൊണ്ടായിരുന്നു ദീപ നിശാന്ത് 'സാമൂഹ്യ വിപ്ലവങ്ങൾ' നടത്തിയത്. അതേസമയം ദീപക് ശങ്കരനായരായണൻ ഐടി രംഗത്തെ ജോലി നഷ്ടമാകാൻ കാരണം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ദീപ ഷെയർ ചെയ്ത് പരിഹാസ പോസ്റ്റിന് സീരിയസായ മുഖം നൽകിയപ്പോഴാണ്. ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട് സോഷ്യൽമീഡിയയിൽ ശക്തമായ പ്രതികരണങ്ങൾ നടത്തുന്നവരാണ് ഇരുവരുമെങ്കിലും വിവാദ പോസ്റ്റിന്റെ പേരിൽ ദീപക്കിന്റെ ജോലി വരെ പോയ സാഹചര്യമുണ്ടായി.

ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്നുമായിരുന്നു ദീപകിന്റെ പോസ്റ്റ്. ഈ പോസ്റ്റ് എഴുതിയത് പരിഹാസ രൂപേണ ആയിരുന്നു. ദീപകിന്റെ സുഹൃദ് വലയത്തിലുള്ളവർക്ക് മാത്രമായി ഷെയർ ചെയ്ത പോസ്റ്റ് ദീപ നിശാന്തും ഷെയർ ചെയ്തതോട കളി കാര്യമായി. ദീപയുടെ പോസ്‌റ്റോടെ വിവാദം സീരിയസായി. സംഘപരിവാറുകാർ ദീപക്കിനെതിരെ ഉറഞ്ഞു തുള്ളി. അദ്ദേഹം ജോലി ചെയ്ത കമ്പനിയിൽ സമ്മർദ്ദം ചെലുത്തിയതോടെ ജോലി പോകേണ്ട അവസ്ഥയും അന്നുണ്ടായി.

വിഷയം സോഷ്യല് മീഡിയയിൽ വിവാദമായി മാറിയതോടെ പുലിവാലായി. ഒടുവിൽ പോസ്റ്റ് പിൻവലിക്കുന്നതായി അറിയിച്ച് ദീപക് രംഗത്തെത്തി. ദീപ നിഷാന്തും പോസ്റ്റു പിൻവലിച്ചു. ദീപകിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവരും ഇടതു ചിന്താഗതിക്കാരും രംഗത്തുവന്നതും ശ്രദ്ധേയമായി. എങ്കിലും വിവാദം ശമിച്ചിരുന്നില്ല. ഇതിനിടെ പൊലീസ് നടപടിയും ദീപക് ശങ്കരനാരായണനെതിരെയുണ്ട്.

പരാതിയിൻ മേൽ നിയമോപദേശം തേടിയ ഡിജിപി ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. അതിനിടെ സിപിഎം സൈബർ പോരാളികളിൽ പ്രമുഖനായ ഒരാൾക്കെതിരെ കേസെടുത്തത് സൈബർ പോലാളികൾക്കിടയും അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിരുന്നു. ഇങ്ങനെ ദീപക് ശങ്കരനാരായണനെ വിവാദത്തിൽ ചാടിച്ച ദീപാ നിശാന്തിന് തന്നെയാണ് പണി കിട്ടിയത്. എസ് കലേഷിന്റെ കവിത ദീപ തന്നെയാണ് പ്രസിദ്ധീകരിക്കാൻ അയച്ചു നൽകിയതെന്നും വ്യക്തമായിട്ടുണ്ട്.

എന്നാൽ, വിവാദമായപ്പോൾ കവിത മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ല. കലേഷിനും അതിന്റെ ആവശ്യമില്ല. ഞാനൊരു മലയാളം അദ്ധ്യാപികയാണ്. കലേഷിന്റെ കവിതയും എഴുത്തും അറിയുന്ന ആളാണ്. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നും ദീപാനിശാന്ത് പ്രതികരിച്ചത്. തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ടന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.

കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് യുവകവി എസ് കലേഷാണ് ദീപയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. 2011ൽ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചെന്നാണ് എസ് കലേഷിന്റെ ആരോപണം. കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി 'അങ്ങനെയിരിക്കെ' എന്ന പേരിൽ കോളേജ് അദ്ധ്യാപകസംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് വ്യക്തമാക്കി. ഈ കവിതയിലെ അതേവരികൾ എങ്ങനെ ദീപ നിശാന്ത് എഴുതിയെന്ന ചോദ്യത്തിന് മാത്രം അവർക്ക് കൃത്യമായ ഉത്തരമില്ല.