കോഴിക്കോട്; വിടി ഭട്ടതിരിപ്പാടിന് പോലും സാധിക്കാതിരുന്ന കാര്യം ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ ചരിത്രപ്രധാനമായ വിധിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ധ്യാപിക ദീപനിഷാന്ത്. പെട്രോളിനും പാചകവാതകത്തിനും വിലകൂടിയപ്പോൾ പോലും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാതിരുന്ന സ്ത്രീകളൊക്കെ തങ്ങൾ അശുദ്ധരാണെന്ന് വിളിച്ചുപറയാനാണെങ്കിൽ പോലും റോട്ടിലിറങ്ങി എന്നത് സന്തോഷമുണ്ടാക്കുന്നതാണ്.

നേരത്തെ രാത്രി ഇരുട്ടിയാൽ റോട്ടിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോട്ടിലിറങ്ങാൻ തുടങ്ങിയെന്നതും ഈ വിധിയുടെ പ്രതിഫലനമാണെന്നും അവർ പറഞ്ഞു. 14ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന സാസ്‌കാരിക സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു അവർ. അമ്പലത്തിൽ കയറുന്നതാണ് വിപ്ലവമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ മറ്റൊരാളെ അമ്പലത്തിൽ കയറ്റാതിരിക്കുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് നിരക്കാത്തതാണ്.

അതിനെ പൂർണ്ണമായും എതിർക്കേണ്ടതാണ്. നവോത്ഥാനത്തിന്റെ പാതയിലൂടെ കടന്ന് വന്നവരാണ് കേരളീയർ. ആചാരങ്ങൾ പലതും വഴിയിൽ ഉപേക്ഷിച്ചാണ് നാം ഇന്ന് കാണുന്ന നിലയിലെത്തിയിട്ടുള്ളത്. ആ ചരിത്രമെല്ലാം വിസ്മരിച്ചാണ് പലരും ആചാരങ്ങളും, വിശ്വാസങ്ങളും സംരക്ഷിക്കാനെന്ന വ്യാജേന യാത്ര നടത്തുന്നത്. ഇതിനെയെല്ലാം വിസ്മരിച്ചുകൊണ്ടാണ് ഇപ്പോൾ സ്ത്രീകൾ പെരുമാറുന്നത്. സ്വാതന്ത്ര്യം അനുഭവിച്ചവർക്ക് മാത്രമെ അതിന്റെ നിരാകരണത്തെകുറിച്ച് മനസ്സിലാകൂ. അപകടകാരിയല്ലാത്ത ഒരുവീട്ടുമൃഗമാണ് സ്ത്രീയെന്ന് പാശ്ചാത്യർ നിർവചിച്ചിട്ടുണ്ട്.

എല്ലാവർക്കും വേണ്ടി ജോലികളെല്ലാം ചെയ്ത്, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് എവിടെയോ തന്നെ മറന്നുവെച്ചവർ. അവരാണ് കുല സ്ത്രീകൾ. അവർക്കാണ് കയ്യടി ലഭിക്കുന്നത്. അഭിപ്രായം പറയുന്ന സ്ത്രീകൾക്കൊക്കെ ലഭിക്കുന്നത് ശകാരവും കൂവലുകളുമാണ്. വിശ്വാസം നല്ലതാണെങ്കിൽ അത് നല്ലതാണ്. എല്ലാവിധ അപകടത്തിൽ നിന്നും തന്നെ രക്ഷിക്കുന്നവനാണ് ദൈവമെന്ന വിശ്വാസമാണ് നമുക്കെങ്കിൽ അത് നല്ലതാണ്. എന്നാൽ സംഘപരിവാറിന്റെ വിശ്വാസവും രീതികളും അതല്ല.

ഹിന്ദുവും രാജ്യവും അപകടത്തിലാണെന്ന ഒരു വിഭ്രാന്തി ജനങ്ങളിൽ ജനിപ്പിച്ച് അവരെ മുതലെടുക്കുന്നതാണ് അവരുടെ രീതി.അത്തരം വിഭ്രാന്തികളിൽ പെട്ട സ്ത്രീകളാണ് ഇന്ന് നിരത്തിലിറങ്ങി തങ്ങൾ അശുദ്ധരാണെന്ന് പ്രഖ്യാപിച്ച് നാമം ജപിക്കുന്നത്. അങ്ങനെയുള്ള സ്ത്രീകളിൽ പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

അന്യവീടിന് വേണ്ടി നമ്മുടെ പെൺകുട്ടികളെ പാകപ്പെടുത്തിയിരിക്കുന്നവരാണ് ഏറെയും.വിവാഹത്തിന് മുമ്പേ പെൺകുട്ടികളെ ഭർത്താവിന്റെ വീട്ടിലെ ജോലികൾ നന്നായി ചെയ്യാൻ പരിശീലിപ്പിക്കുന്ന കുടുംബങ്ങളാണ് ഇന്ന് കേരളത്തിലേറെയും. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ അതിരായി പുരുഷാധിപത്യ സമൂഹം കൽപിച്ചിരിക്കുന്നത് ഇരുട്ടാകുന്നതിന് മുമ്പ് തിരിച്ച് വീട്ടിലെത്തുക എന്നതാണ്. ദീപ നിഷാന്ത് കോഴിക്കോട് പറഞ്ഞു.