ഞാനും മുലയൂട്ടിയിരുന്ന ഒരമ്മയാണ്... അഭിമാനത്തോടെ പറയുന്നു ഓരോ തവണ കൃത്യമായി ലാച്ചു ചെയ്തു, മുല കുടിച്ചു കഴിഞ്ഞു എന്റെ കുഞ്ഞാവ സംതൃപ്തമായി ഉറങ്ങുന്നതിനോളം സന്തോഷം മറ്റൊന്നിനും ആ ദിവസങ്ങളിൽ തരാൻ കഴിഞ്ഞിട്ടില്ല...

ഇതൊക്കെ വെറും പ്രദർശനമല്ലേ എന്ന് ചോദിക്കുന്നവരോട് എന്റെ മുലയൂട്ടൽ കാലത്തിലേക്ക് ഒന്നു വരൂ... ചിലത് പറയാനുണ്ട്.

ഒരു എമർജൻസി C സെക്ഷൻ നു ശേഷം ഏതാണ്ട് രണ്ടു മണിക്കൂർ (കാലിലെ മരപ്പു മാറുന്ന സമയം) കഴിഞ്ഞു നടന്നു വാർഡിൽ എനിക്കായി തന്ന ബെഡിൽ ചെന്ന് കിടക്കുമ്പോൾ, അടുത്ത തൊട്ടിലിൽ എന്നെ നോക്കി അവൻ കിടക്കുന്നു, എന്റെ കുഞ്ഞ്!. ആ മുറിയിൽ അവനും ഞാനും മാത്രം. സന്ദർശന സമയം കഴിഞ്ഞതിനാൽ അവന്റെ അച്ഛൻ പോയിരുന്നു. ഏറെ ശ്രമപ്പെട്ട് അവനെ എടുക്കുന്ന സമയം കൊണ്ട് നേഴ്‌സ് എത്തി..

'ഫീഡ് ചെയ്യൂ'
അവർ പറഞ്ഞു...

അടുത്തു കിടന്ന തുണികഷ്ണം എടുത്തു എന്റെ ശരീരം മുഴുവൻ മൂടി, മണികൂറുകൾ പ്രായമുള്ള അവനെയും മൂടാൻ ശ്രമിപ്പോൾ നേഴ്‌സ് ശകാരിച്ചു...

'നിങ്ങൾ എന്താ ഈ ചെയ്യുന്നേ? കുട്ടി ശരിയായി ലാച്ചു ചെയ്യുന്നോ എന്ന് അറിയണ്ടേ?' എന്നിട്ട് കുട്ടിയെ എങ്ങനെ ശരിയായി മുലയൂട്ടാം എന്ന് പറഞ്ഞു ചില പോസിഷനുകൾ കാണിച്ചു തന്നു.

സർജറിയുടെ ക്ഷീണം, കരയുന്ന കുഞ്ഞ്, സഹായത്തിനു ആരുമില്ലാത്ത ഒരു അപരിചിത നഗരത്തിൽ ഇങ്ങനെ ഒരു അവസരത്തിൽ ഒറ്റക്കായ സങ്കടം.

തുറന്ന മാറ് സങ്കടം അല്ലാതെ പാല് ചുരത്തിയില്ല.. അത് മാനസികവും ശാരീരികവുമായ ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാണ് എന്ന് അന്നറിഞ്ഞില്ല.

സിസേറിയനു ശേഷമുള്ള recovery താരതമ്യേന എളുപ്പമായിരുന്നുവെങ്കിലും മുലയൂട്ടൽ മാത്രം ഒരു ബാലികേറാ മലയായി.

ഇവിടെ (UK) അമ്മയും കുഞ്ഞും പൂർണമായി സ്വയം പര്യാപ്തരാകും വരെ നമ്മളെ സഹായിക്കാൻ മിഡൈ്വഫ് വരും. അമ്മ കൂടെ ഉണ്ടായിരുന്നതുകൊണ്ട് പറഞ്ഞു തന്നതും പഠിപ്പിച്ചതും മുലയൂട്ടുമ്പോൾ മാറ് മറയ്ക്കണം എന്ന് തന്നെയായിരുന്നു. എന്നാൽ കുഞ്ഞു പലപ്പോഴും ഫീഡ് ചെയ്യുമ്പോൾ മുഖം മാറിൽ ഇട്ടു അടിച്ചു അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് അവനെ അടിമുടി കീഴടക്കിയ എസ്സ്മയുടെ തുടക്കമായിരുന്നു അതെന്നു ഞങ്ങൾ അന്നറിഞ്ഞില്ല.

പിന്നീട് ഡോക്ടറെ കണ്ടപ്പോൾ അവനു അലർജി ടെൻഡൻസികളും കണ്ടെത്തി, 6 മാസം നിർബന്ധമായും മുലപ്പാൽ മാത്രം. അത് അവനു വിശപ്പിനു മാത്രമായിരുന്നില്ല ദേഹമാസകലം അതി കഠിനമായി പലപ്പോഴും ചോര പൊടിയുന്നത് വരെ ചൊറിയുമ്പോൾ അവനു ഇത്തിരി ആശ്വാസം എന്റെ നെഞ്ചോട് പറ്റി കിടന്നു പാല് നുണയുന്നതായിരുന്നു. എന്നാൽ വായിലും കുരുക്കൾ ഉള്ളതിനാല് മാറാസകലം മുഖമിട്ടു ഉരുട്ടും.
(പിന്നീട് മനസിലായി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ അമ്മമാരോട് സംവദിക്കുന്നതും സങ്കടം പറയുന്നതും അങ്ങനെയാണെന്ന് ) ആറു മാസം കഴിഞ്ഞിട്ടും മോന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. ഫലം ഏതാണ്ട് മിക്കവാറും സമയം അവൻ എന്റെ ശരീരത്തോട് ചേർന്നിരുന്നു.

പുറത്തു പോകുമ്പോൾ ആയിരുന്നു ഏറ്റവും കഷ്ടം, സീസൺ മാറുന്നതിനു അനുസരിച്ചു വരുന്ന എൻവിറോണ്മെന്റൽ പൊല്യൂഷൻസ്, മണങ്ങൾ എന്ന് തുടങ്ങി ഇനിയും അറിയാൻ കഴിയാത്ത എന്തൊക്കയോ അവന്റെ Ezcema യുടെ ആക്കം കൂട്ടി. ഒപ്പം ആ കുഞ്ഞു മനസ്സിന്റെ സ്‌ട്രെസ്സും. സ്ഥലകാലങ്ങൾ അറിയാത്ത അവൻ എന്റെ നെഞ്ചു തിരയാൻ തുടങ്ങും.

ഷാളും എക്‌സ്ട്രാ ജമ്പറും ഇട്ടു അവനെ പൊതിഞ്ഞു കാറിന്റെ സുരക്ഷിതത്വം (?) തുടങ്ങി ആരോ ഉപയോഗിച്ചു ശേഷം കൃത്യമായി ക്ലീൻ ചെയ്യാത്ത പബ്ലിക് ടോയ്ലറ്റ് വരെ തിരഞ്ഞു ഓടാൻ തുടങ്ങും. ആ ഓട്ടത്തിനിടയിലും മുഖം മൂടിയ തുണി വലിച്ചു മാറ്റി ശുദ്ധവായുവിനായി എന്റെ കുഞ്ഞു ഞാനുമായി യുദ്ധത്തിലാവും. ??

ആ ഓട്ടത്തിനിടയിൽ ഒരു ദിവസം ഞാൻ ഉറപ്പിച്ചു. എനിക്ക് വലുത് എന്റെ കുഞ്ഞിന്റെ വിശപ്പാണ്. അവനു കുറച്ചെങ്കിലും ആശ്വാസമാകുന്നത് ഡോക്ടർ അനുശാസിക്കുന്ന രീതിയിൽ വായു സഞ്ചാരത്തോടെ അവന്റെ ഭക്ഷണം കഴിക്കുക എന്നതാണ്.

ചെറിയ കുഞ്ഞുങ്ങൾക്കും ഭക്ഷണത്തിനും അത് diginity യോടെ കഴിക്കാനുമുള്ള അവകാശമുണ്ട്. അത് ഒരിക്കലും public ടോയിലറ്റി ലല്ല. വായും മുഖം കണ്ണും തുണിയിട്ട് മൂടി ശ്വാസം മുട്ടിയല്ല. അവനു ഏറ്റവും സുരക്ഷിതവും സന്തോഷവുമായ രീതിയിൽ അവന്റെ ഭക്ഷണം കഴിക്കാനാവണം. അത് അവന്റെ അവകാശമാണ്. ആ അവകാശത്തിനു മേൽ തുണിയിട്ട് മറയ്ക്കാൻ 'അമ്മ' യെങ്കിലും എനിക്കെന്തവകാശം?

ആ തിരിച്ചറിവിൽ കുഞ്ഞിനേയും പൊതിഞ്ഞുള്ള എന്റെ ഓട്ടം ഞാൻ നിറുത്തി. മോൻ കരഞ്ഞു തുടങ്ങിയാൽ കഴിയുന്നതും ഒരു ഒഴിഞ്ഞ കോണ് കിട്ടുമെങ്കിൽ അത് ഒരു public space ആണ് എങ്കിൽ പോലും അവിടെ മാറിയിരുന്നു അവനു അവന്റെ ഭക്ഷണം കൊടുത്തു തുടങ്ങി.

എന്നാൽ ആദ്യം ഒന്നും അതൊട്ടും എളുപ്പമായിരുന്നില്ല. നാം വളരുന്നതിനൊപ്പം നമ്മുടെതായി വളരുന്ന എത്ര എത്ര നല്ല നടപ്പു മാർഗ്ഗനിർദേശങ്ങൾ...അതിൽ നിന്നു ഒരമ്മ മാറി നടക്കാൻ ആഗ്രഹിച്ചാലും അവളിലെ സത്രീ പറഞ്ഞു പഠിപ്പിക്കപ്പെട്ട നാട്ടു നടപ്പുകളെ കുറിച്ചു ഓർമ്മിപ്പിച്ചു കൊണ്ടെയിരിക്കും...

ഇവിടെയാണ് ഈ നാട് എന്നോട്/ എന്നെ പോലെയുള്ള അമ്മമാരോട് ഒപ്പം നിന്നത്....

കുഞ്ഞിനു പാലുകൊടുത്തു കൊണ്ടിരുന്നപ്പോൾ ആ സൂപ്പർ മാർക്കറ്റിന്റെ ഒരു അരികിലേയ്ക് സാധനം എടുക്കാൻ വന്ന യുവാവ്, അത് കണ്ടു ഏറ്റവും സ്വാഭാവികമായി തിരിഞ്ഞു നടക്കും മുൻപ് പറഞ്ഞു..

please be comfortable..എനിക്ക് ഒരു മോനുണ്ട്....

മറ്റൊരിക്കൽ പ്രായമായ അമ്മമാരുടെ ഒരു ചെറിയ കൂട്ടം അടുത്തു വന്നിരുന്നു വിശേഷങ്ങൾ പറഞ്ഞു..മോനെ കൈയിൽ വാങ്ങി പുറത്തു കൊട്ടി ലാളിച്ചു..

പിന്നെ അടുത്തിരുന്നു ഫീഡ് ചെയ്തിരുന്ന പെൺകുട്ടി അവളുടെ കോളേജ് വിശേഷങ്ങൾ പറഞ്ഞു...

അവരൊക്കെ കുഞ്ഞിന്റെ വിശപ്പു മാറ്റൽ എന്നത് ഏറ്റവും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമെന്ന് എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. അവരുടെ പ്രവൃത്തികളിലൂടെ.

എങ്കിലും അപൂർവമായ തുറിച്ചും ഒളിഞ്ഞും നോട്ടങ്ങൾ ഇല്ലാതെയിരുന്നില്ല. നഴ്‌സിങ് സ്‌പെഷ്യൽ ലൂസ് ടോപ്പുകളോ അതുപോലെ ഉള്ള വസ്ത്രങ്ങളോ മിക്കപ്പോഴും ഉപയോഗിച്ചിട്ടും കടന്നു പോകുന്ന ആളുകളിൽ ചിലർ മാത്രം എന്തോ അരുതായ്ക കാണുമ്പോലെ
തിരിഞ്ഞു നോക്കി.

സങ്കടകരമായ വസ്തുത പലപ്പോഴും ആ തിരിഞ്ഞു നോട്ടക്കാർ നമ്മുടെ തന്നെ 'കരക്കാരായിരുന്നു' എന്നതും കുറിക്കട്ടെ ...

3 വർഷങ്ങൾ കടന്നു പോയതിനു ശേഷം ഇപ്പോൾ അമ്മമാരായവരോടും ഇനി അമ്മമാരാകാൻ ഇരിക്കുന്നവരോടും ഒരു സഹയാത്രിക എന്ന നിലയിൽ പറയുന്നത്...

പുറമെയുള്ള ശബ്ദങ്ങൾക്കല്ല മറിച്ചു നിങ്ങളുടെ കൈക്കുള്ളിൽ ഇരിക്കുന്ന സ്വന്തം കുഞ്ഞിന്റെ ആവശ്യങ്ങൾക്ക് ചെവിയോർക്കുക.

ആ കുഞ്ഞിനു എന്താണ് ഉചിതമായത് എന്ന് അവനെ/ അവളെ നോക്കുന്ന ഡോക്ടർ പറയുന്നത് അനുസരിക്കുക.

ഭക്ഷണം അത് അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ആസ്വദിക്കാൻ അനുവദിക്കുക അത് അവരുടെ അവകാശമാണ്.

ഏറ്റവും ഒടുവിൽ ഒരമ്മയുടെ ഇത്തിരി തുറന്നിരിക്കുന്ന മാറിടത്തിലെ തൊലി അപരന് കണ്ണു കൊണ്ട് ആസ്വദിക്കാനുള്ള ഇടമല്ല,
മറ്റൊരുവന് കുറ്റപ്പെടുത്തലിന്റെ പോസ്റ്റർ ഒട്ടിക്കാനുള്ള ഇടവുമല്ല.

It is their body and their personal space. Admit it and respect it.