മേപ്പയ്യൂർ: തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്നും കണ്ടെത്തി സംസ്‌കരിച്ച മൃതദ്ദേഹം കൂനംവള്ളിക്കാവിൽ നിന്നും കാണാതായ വടക്കേടത്ത് കണ്ടി ദീപക്കിന്റെത്(36) അല്ലെന്ന് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തിയതോടെ ദീപക് എവിടെയെന്ന ചോദ്യം സജീവം. മേപ്പയ്യൂരിൽ ഒരു തുണികട നടത്തുകയായിരുന്ന ദീപക്ക് ജൂൺ ആറിനാണ് എറണാകുളത്ത് പോവുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിറ്റേ ദിവസം അമ്മയെ ഫോൺ ചെയ്‌തെങ്കിലും പിന്നീട് ഒരു വിവരവും ലഭിക്കാതെയായി. പ്രവാസിയായിരുന്ന ദീപക്കും സ്വർണക്കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ടിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അബുദാബിയിലായിരുന്ന ദീപക് ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്. സ്വർണ്ണ കടത്ത് മാഫിയയുടെ ക്രൂരതകളാണ് ദീപക്കിന്റെ തിരോധാനവും ചർച്ചയാക്കുന്നത്.

'അന്ത്യകർമങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോൻ പിന്നെ എവിടെപ്പോയി?', മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കാനുള്ളത് ഈ ഒരു ചോദ്യംമാത്രമാണ്. ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജൂലൈ 19-ന് ചിതയൊരുക്കി സംസ്‌കരിച്ചു. മകന്റെ വിയോഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോളാണ് ഡി.എൻ.എ. പരിശോധനാ ഫലം വന്നതും മൃതദേഹം ആളുമാറി സംസ്‌കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. കാണാതായ മകനെ ഓർത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ശ്രീലത.

അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണ് നാട്ടിൽ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു ദീപക്. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്. മുമ്പൊരിക്കൽ സുഹൃത്തിന്റെ കയ്യിൽനിന്ന് പണം വാങ്ങാൻ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

വിസയുടെ ആവശ്യത്തിനായി മുമ്പും തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയതിനാലും തുടക്കത്തിൽ സംശയം ഒന്നും തോന്നിയില്ല, അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്. കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോൾ ഫോണിൽ ചാർജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു. ഇതാണ് ദീപകിന്റെ ഫോണിൽ നിന്നും വന്ന അവസാനത്തെ കോൾ. ബിസിനസ് തുടങ്ങാനായി പത്തുലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്ന് കിട്ടാനുണ്ടെന്നും ഇത് വാങ്ങാനാണ് പലപ്പോളായി പോയതെന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

പക്ഷെ, ഇത് ആരിൽ നിന്നാണെന്ന് ആർക്കും അറിയില്ല. വീട്ടിൽ മറ്റു സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ല. സാമ്പത്തിക ഇടപാടിനെക്കുറിച്ച് സൂചനയുള്ളതിനാൽ ഇതുകൂടി ഉൾപ്പെടുത്തി ദീപകിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും ബന്ധുക്കൾ പറയുന്നു. സ്വർണക്കടത്ത് സംഘങ്ങളുടെ കാര്യത്തിലും ബന്ധുക്കൾക്ക് സംശയം ഉണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ബന്ധുക്കൾ റൂറൽ എസ്‌പിക്ക് പരാതിയും നൽകിയിട്ടുണ്ട്.

കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്‌പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇൻഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.