- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് കെ എന്നിന്റെ വഴിയേ പത്രപ്രവർത്തക യൂണിയനും; മുട്ടിൽ മരം മുറിയിൽ നാണക്കേടായ ദീപക് ധർമ്മടത്തെ സസ്‌പെന്റ് ചെയ്ത് കെയുഡബ്ല്യൂജെ; നിർണ്ണായകമായത് എറണാകുളം സെക്രട്ടറിയുടെ അതിശക്ത നിലപാട്; പാസ്പോർട്ടിലേയും പ്രതിരോധ കോഴ്സിലേയും വ്യാജ ഡിഗ്ര സർട്ടിഫിക്കറ്റും അന്വേഷിക്കാൻ തീരുമാനം; പിണറായിയുടെ 'അജയഘോഷ്' ആക്രമണം വെറുതെയാകുമ്പോൾ
കൊച്ചി: മുട്ടിൽ മരം മുറി കേസിൽ കുടുങ്ങിയ മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടത്തെ നേരത്തെ 24 ന്യൂസ് സസ്‌പെന്റ് ചെയ്തിരുന്നു. ശ്രീകണ്ഠൻ നായരുടെ തീരുമാനത്തിന്റെ ചുവടു പിടിച്ച് കെയുഡിബ്ലുജെയും ദീപക്കിനെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന ആരോപണം കൂടി പരിഗണിച്ചാണ് തീരുമാനം. പാസ്‌പോർട്ടിൽ ഇസിഎൻആർ അടിക്കാൻ ദീപക് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇതിന്റെ രേഖകൾ കെയുഡബ്ല്യുജെ ഭാരവാഹികൾക്ക് ലഭിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് തീരുമാനം.
ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമിതിയിൽ ആരും ദീപക്കിനെ പിന്തുണച്ചില്ല. ദീപക്കിനെതിരെ നടപടി വേണമെന്ന് വാദിച്ചു. സംഘടനാ രീതി അനുസരിച്ച് അച്ചടക്ക സമിതിയുടെ പരിഗണനയ്ക്ക് പരാതി വിട്ടു. ഇതിനൊപ്പം അനിശ്ചിതകാലത്തേക്ക് സസ്‌പെന്റും ചെയ്തു. അച്ചടക്ക സമിതി തീരുമാനം വരും വരെ ദീപക്കിന് സംഘടനയിൽ തിരിച്ചെത്തിക്കാൻ കഴിയില്ല. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണവും കെയുഡബ്ല്യൂജെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇതിന് പിന്നിലെ വസ്തുതകളെല്ലാം അച്ചടക്ക സമിതിക്ക് മുമ്പിൽ ദീപക്കിന് വിശദീകരിക്കേണ്ടി വരും.
നേരത്തെ ഈ വിഷയങ്ങൾ പരിഗണിച്ച് 24 ന്യൂസും ദീപക്കിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ വിവിധ സ്ഥാനങ്ങളിലും ഇപ്പോഴും ദീപക്കുണ്ട്. മീഡിയാ അക്കാഡമിയുടെ ജനറൽ കൗൺസിൽ അംഗമാണ് ഇപ്പോഴും ദീപക് എന്ന് അവരുടെ വെബ് സൈറ്റ് പറയുന്നു. അക്രഡിറ്റേഷൻ കമ്മറ്റിയിലും ദീപക്കുണ്ട്. നേരത്തെ മാധ്യമ പ്രവർത്തകർക്കിടയിലെ പ്രശ്‌നമാണ് ദീപക്ക് വിവാദത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ അജയഘോഷിന്റെ ചോദ്യത്തിനായിരുന്നു ഈ ന്യായീകരണം. ദീപക്കിനെതിരെ പത്രപ്രവർത്തക യൂണിയനും നടപടി എടുത്തതോടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുകയാണ്.
ദീപക്കിനെ സർക്കാർ പദവികളിൽ നിന്ന് മാറ്റുമെന്ന ആവശ്യവും ശക്തമാണ്. തിരുവോണത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് നിന്ന് ദീപക്ക് ഫോട്ടോ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുട്ടിൽ മരം മുറിയിൽ ദീപക്കിന്റെ പേര് പരമാർശിക്കുന്ന റിപ്പോർട്ട് എത്തിയത്. ഈ കേസിൽ ഇനിയും ദീപക്കിനെ പ്രതിചേർത്തിട്ടില്ല. ദീപക്കിനെ ഒഴിവാക്കാൻ വ്യാപക സമ്മർദ്ദം ക്രൈംബ്രാഞ്ചിന് മുമ്പിലുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് കേരളത്തിലെ പത്രപ്രവർത്തക യൂണിയനും ദീപക്കിന്റെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് നടപടി എടുക്കുന്നത്. എറണാകുളം ജില്ലാ കമ്മറ്റിയുടെ ഉറച്ച നിലപാടാണ് നിർണ്ണായകമായത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അജയഘോഷിന്റെ ചോദ്യത്തിന് കിട്ടിയ മറുപടിയിൽ ദീപക് ധർമ്മടവും കൂട്ടരും സോഷ്യൽ മീഡിയാ പ്രചരണങ്ങൾ നടത്തിയിരുന്നു. എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകനെ കളിയാക്കും വിധം പ്രചരണവും ഉണ്ടായി. എന്നാൽ കെയുഡബ്ല്യുജെയുടെ നടപടിയോടെ അത്തരത്തിലൊരു ഭിന്നതയല്ല, മറിച്ച് മുട്ടിൽ മരം മുറിയിലെ നാണക്കേടും സത്യവുമാണ് ദീപക്കിനെതിരായ വാർത്തകൾക്ക് കാരണമെന്നും വ്യക്തമാകുകയാണ്. ഇനിയെങ്കിലും ദീപക്കിനെ സർക്കാർ പദവികളിൽ നിന്ന് മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന ജേർണലിസ്റ്റുകൾ പറയുന്നു.
യൂണിയനിൽ നിന്നു സസ്‌പെൻഷനിലായിരുന്ന സംസ്ഥാന സെക്രട്ടറി ശ്രീല പിള്ളയെയും ജിനേഷ് പൂനത്തിനെയും തിരിച്ചെടുത്തതിനെ ചൊല്ലിയും യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. സസ്‌പെൻഷൻ കാലാവധി അവസാനിച്ചുവെന്നും ഇരുവരെയും സംഘടനയിലുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തതായും അച്ചടക്ക സമിതി അധ്യക്ഷൻ അബ്ദുല്ല മട്ടാഞ്ചേരി പ്രഖ്യാപിച്ചു. ശ്രീല പിള്ളയ്‌ക്കെതിരായി നടപടി അവസാനിപ്പിച്ചതിനെതിരെ തിരുവനന്തപുരം ജില്ലയിലെ ചില അംഗങ്ങൾ യോഗത്തിൽ ബഹളം വച്ചു. വോട്ടർ പട്ടികയിൽ ശ്രീല പിള്ളയുടെ സ്ഥാപനത്തിന്റെ പേരു തെറ്റായി പ്രസിദ്ധീകരിച്ചത് അവരുടെ ഭാഗത്തെ പിഴവു കൊണ്ടല്ലെന്നും അതിന്റെ പേരിൽ അച്ചടക്ക നടപടി തുടരാനാകില്ലെന്നും അബ്ദുല്ല മട്ടാഞ്ചേരി വ്യക്തമാക്കി.
ശ്രീല പിള്ള സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന ആരോപണവുമായി ബഹളം തുടർന്നതോടെ ചർച്ചകൾ മുഴുവൻ ശ്രീല പിള്ളയെ കേന്ദ്രീകരിച്ചായി. കെയുഡബ്ല്യൂജെ നടത്തിയ സിഎഎ വിരുദ്ധ സമരത്തിൽ നിന്നു ശ്രീല പിള്ള വിട്ടു നിന്നതും ജനം ജന്മഭൂമി മാധ്യമ പ്രവർത്തകരുടെ സിഎഎ അനുകൂല പ്രകടനത്തിൽ പങ്കെടുത്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും എതിർവിഭാഗം വാദിച്ചു. ശ്രീല പിള്ളയെ യൂണിയനിൽ നിന്നു പുറത്താക്കണമെന്ന ആവശ്യവുമായി ഇടതു അനുകൂലർ പ്രതിഷേധം തുടർന്നു. അച്ചടക്ക നടപടികളെല്ലാം അവസാനിച്ചതായും ശ്രീല പിള്ളയെ തിരിച്ചെടുത്ത നടപടിയിൽ മാറ്റം വരുത്താനാകില്ലെന്നും അബ്ദുല്ല മട്ടാഞ്ചേരിയും നിലപാടെടുത്തു. ഇതേ തുടർന്നു സംസ്ഥാന ഭാരവാഹികൾ ഇടപെട്ട് ശ്രീല പിള്ളയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കി സംസ്ഥാന സമിതി അംഗത്വത്തിൽ നിലനിർത്താമെന്ന് ധാരണയിലെത്തി.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്നു ശ്രീല പിള്ളയും സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചു.അച്ചടക്ക നടപടി തർക്കം വൈകുന്നേരം വരെ നീണ്ടു പോയതിനാൽ മറ്റു സംഘടനാ വിഷയങ്ങളും തിരഞ്ഞെടുപ്പും ചർച്ച ചെയ്യാൻ സമയമില്ലാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ