- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരം തലവേദന, ദീപക് ധർമ്മടത്തെ കൈവിടാൻ 24 ന്യൂസ്; മുട്ടിൽ മരം മുറിക്കേസ് അട്ടിമറിയിൽ പങ്കെന്ന വാർത്തക്ക് പിന്നാലെ ദീപക്കിന് ചാനലിൽ നിന്ന് സസ്പെൻഡ് ചെയ്തു; മരംമുറിയിലെ പ്രതികളുമായുള്ള ദീപക്കിന്റെ അടുത്തബന്ധത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ മറ്റുവഴിയില്ലാതെ നടപടി
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന സർക്കാർ അന്വേഷണ റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ 24 ന്യൂസ് ചാനലിന്റെ മലബാർ റീജനൽ ചീഫ് ദീപക് ധർമടത്തിനെതിരെ മാനേജ്മെന്റ് നടപടി. ദീപക്കിനെ സസ്പെൻഡ് ചെയ്തുവെന്ന് മാധ്യമം ദിനപത്രം റിപ്പോർട്ടു ചെയ്തു. ദീപക്കിന്റെ പങ്ക് വെളിപ്പെടുത്തിയുള്ള വനംവകുപ്പ് അന്വേഷണ റിപ്പോർട്ടും പ്രതികളുമായുള്ള ദീപക്കിന്റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോൺ സംഭാഷണ രേഖകളും ബുധനാഴ്ച പുറത്തുവന്നിരുന്നു.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനും മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഇക്കാലയളവിൽ നിരവധി തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. എൻ.ടി സാജനും കേസിലെ പ്രതികളും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഫോൺ വിളി വിവരങ്ങളുള്ളത്.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ സാജനും ആന്റോ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ഒരു സംഘമായി പ്രവർത്തിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് വനം വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഫോൺ വിളി വിവരങ്ങൾ.
മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്റെ പേരിൽ കേസെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് എൻ.ടി സാജൻ സമീറിനെതിരെ റിപ്പോർട്ട് നൽകിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഫോണിൽ സംസാരിച്ചു. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ വിവരമനസുരിച്ച് സമീറിനെതിരെ കള്ളകേസ് എടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്.
മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒയുമായി ബന്ധപ്പെട്ടിരുന്നു. ഈ ദിവസം ആൻേറാ അഗസ്റ്റിനും ദീപകും തമ്മിൽ അഞ്ച് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോർട്ടുണ്ടായിട്ടും എൻ.ടി സാജനെതിരെ സ്ഥലംമാറ്റ നടപടി മാത്രമാണുണ്ടായത്. നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കാതിരുന്നതിന് പിറകിൽ ഉന്നത ഇടപെടലുകളുണ്ടായെന്ന സംശയം ബലപ്പെടുകയാണ്.
അതേസമയം തനിക്കെതിരെ ഏകപക്ഷീയമായ വേട്ടയാടൽ നടക്കുകയാണെന്ന് ദീപ് ഫേസ്ബുക്കിൽ കുറിച്ചു. 'ഒരു അഴിമതിക്കും കൂട്ടുനിന്നിട്ടില്ല. നിൽക്കുകയുമില്ല. വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസം. അതുവരെ ഇനി പ്രതികരിക്കുന്നില്ല' എന്നും ദീപക് വ്യക്തമാക്കി. വിവാദം കൊഴുക്കുവേയാണ് ദീപക് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
മറുനാടന് മലയാളി ബ്യൂറോ