- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം; സഭാ പത്രത്തിന്റെ അവകാശവാദം ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ; ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിന്റെയോ സംഘടനയുടേതോ കുത്തകയല്ലെന്ന് ഓർത്തഡോക്സ് സഭയും
കോഴിക്കോട്: ന്യൂനപക്ഷ േേക്ഷമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമരര്ശഷനം ഉയരുമ്പോൾ തീരുമാനത്തിന് കൈയടിച്ച് ദീപിക ദിനപത്രം. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തിരുത്തി കൊണ്ടാണ് തിരുത്തി സഭാ ദിനപത്രമായ ദീപികയിൽ ലേഖനം വന്നിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ ആഗ്രഹ പ്രകാരമാണെന്ന് 'പിണറായിയുടെ പുതിയ മുഖം' എന്ന ലേഖനത്തിൽ അവകാശപ്പെടുന്നു. പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് നല്ല സൂചനയാണെന്നും ക്രൈസ്തവ സമൂഹം തെരഞ്ഞെടുപ്പിന് മുമ്പ് ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടായ കാലം മുതൽ ഒരു സമുദായത്തിന് വേണ്ടി മാത്രം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല മറ്റ് ന്യൂനപക്ഷങ്ങളോട് അനീതി കാണിച്ചു എന്ന പരാതിയും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ക്രൈസ്തവ നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചത്. ആ നിർദേശത്തോട് കാണിച്ച ആദരവ് പ്രശംസിക്കപ്പെടുമെന്നും ദീപികയിലെ ലേഖനത്തിൽ പറയുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സംബന്ധിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെ ചില സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന് വെള്ളിയാഴ്ച പിണറായി വിജയൻ പറഞ്ഞത്. പ്രവാസികാര്യം മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നതെന്നും അതുപോലെ ന്യൂനപക്ഷക്ഷേമവും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം വന്നതായും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരുവിഭാഗം സ്ഥിരമായി കൈവശം വെക്കുന്നെന്നും ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നെന്നും ചിലർക്ക് പരാതിയുണ്ടായിരുന്നല്ലോയെന്നും അവർക്ക് നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണോ മാറ്റമെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു പരാതി ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാട് തള്ളികളയുന്നതാണ് ദീപികയിലെ ലേഖനം.
അതിനിടെ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനോട് പ്രതികരിച്ച് ഓർത്തഡോക്സ് സഭയും രംഗത്തെത്തി. ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിനോ ഒരു സംഘടനയുടേതോ കുത്തകയല്ലെന്നും മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കുമ്പോൾ ആ പരാതിക്ക് പരിഹാരമുണ്ടാകണമെന്നും വൈദിക ട്രസ്റ്റി ഫാ. എം ഒ ജോൺ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായി ഒതുങ്ങുന്നുവെന്ന് ഓർത്തഡോക്സ് സഭ വിമർശിച്ചു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. പള്ളിത്തർക്കത്തിൽ കോടതിവിധി നടപ്പാക്കാൻ ഇനിയെങ്കിലും സർക്കാർ ആർജ്ജവം കാണിക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
ഒന്നാം പിണറായി സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി. ജലീലാണ്. എന്നാൽ, പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനി വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹിമാനാണെന്നും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ചങ്ങനാശ്ശേരി അതിരൂപതയും കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ