വിഷാദ രോഗം ആർക്കും എപ്പോഴും സംഭവിക്കാവുന്നതേ ഉള്ളൂ. കടുത്ത മാനസിക സംഘർഷത്തിലേക്ക് വഴുതി വീഴുമ്പോൾ സൂക്ഷിക്കണം. ആത്മഹത്യയ്ക്ക് പോലും മനസ്സ് വെമ്പും. ഈ ഘട്ടത്തെ അതിജീവിക്കാൻ എല്ലാം തുറന്നു പറയണം. അതു തന്നെയാണ് ബോളിവുഡിലെ താര സുന്ദരി ദീപികാ പദുകോണും ചെയ്തത്. ഒരു കൊല്ലം മുമ്പാണ് തന്നെ വിഷാദ രോഗം പിടികൂടിയതെന്ന് സൂപ്പർ താരം വെളിപ്പെടുത്തി. ഒളിച്ചു വയ്‌ക്കേണ്ട കാര്യമായി ദീപിക ഇതിനെ ഇന്ന് കാണുന്നില്ല. അതുകൊണ്ട് തന്നെയാണ് തുറന്നു പറച്ചിലും. തന്റെ തിരിച്ചുവരവ് വിഷാദ രോഗം പിടികൂടിയവർക്ക് കരുത്തും അവേശവുമാകണമെന്നാണ് താരത്തിന്റെ ആഗ്രഹം.

കഴിഞ്ഞ വർഷം തുടക്കത്തിലായിരുന്നു അത്. അഭിനയത്തിൽ എല്ലാവരിൽ നിന്നും അംഗീകാരവും പ്രശംസയും ആവോളം കിട്ടുന്ന സമയം. ഒരു ദിവസം എഴുന്നേറ്റപ്പോൾ എന്തോ അപാകത തോന്നി. തലചുറ്റൽ അനുഭവപ്പെട്ടു. താഴേയ്ക്ക് വീഴുന്നതായും തോന്നി. വയറിൽ ഒന്നുമില്ലെന്നും അനുഭവപ്പെട്ടു. ജോലിയുടെ ആയാസമുണ്ടാക്കിയ ആരോഗ്യ പ്രശ്‌നമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ജോലിയിൽ ശ്രദ്ധ കൊടുത്ത് ഈ അവസ്ഥയെ മറികടക്കാൻ ശ്രമിച്ചു. കുറച്ചു കാലം അത് സഹായിച്ചു. പിന്നേയും പ്രശ്‌നങ്ങൾ അലട്ടി. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയായി. പലപ്പോഴും താൻ തളർന്നു പോയി-ദീപിക പറയുന്നു

കുറച്ചു കാലം ഇത് തുടർന്നു. മാനസികാവസ്ഥ വഷളാകുന്നുവെന്ന് മനസ്സിലാകുകയും ചെയ്തു. ഈ സമയത്ത് ബംഗലുരുവിൽ നിന്ന് അച്ഛനും അമ്മയും തന്നെ കാണാൻ മൂബൈയിൽ വന്നു. മുബൈയിൽ തനിച്ച് ജീവിക്കുന്നതിലും മണിക്കൂറുകളോളം ജോലിയെടുക്കുന്നതിലും അച്ഛനും അമ്മയ്ക്കും ആശങ്കകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ മുന്നിൽ ഒന്നും കാണിച്ചില്ല. എന്നാൽ അമ്മയോട് ഒരിക്കൽ സംസാരിക്കുമ്പോൾ എല്ലാം കൈവിട്ടു പോയി. എന്റെ പ്രശ്‌നങ്ങൾ അമ്മ തിരിച്ചറിഞ്ഞു. സുഹൃത്തായ സൈക്കോളജിസ്റ്റ് അന്നാ ചാണ്ടിയെ അമ്മ കാര്യങ്ങൾ ധരിപ്പിച്ചു.

എല്ലാ ദിവസവും ഉറക്കമുണരാൻ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഹാപ്പി ന്യൂ ഇയറിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ അന്നാ ചാണ്ടിയോട് താനും സംസാരിച്ചു. ബംഗലുരുവിൽ നിന്ന് അവർ മൂബൈയിലെത്തി. എന്റെ പ്രശ്‌നത്തിന്റെ മൂലകാരണം വിഷാദ രോഗമാണെന്ന് വിശദീകരിച്ചു. മനസ്സ് തുറന്ന് അവരോട് സംസാരിക്കുകയും ചെയ്തു. ഉൽകണ്ഠയും വിഷാദവുമാണ് താൻ നേരിടുന്ന പ്രശ്‌നങ്ങളെന്ന് ഡോക്ടർ വ്യക്തമാക്കി. മരുന്ന് കഴിക്കണമെന്നും ഉപദേശിച്ചു. എന്നാൽ അത് അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

തുടർന്നും മാനസികാവസ്ഥ മാറിയില്ല. ബംഗലുരുവിലെത്തി ഡോക്ടർ ശ്യാം ഭട്ടിനെ കണ്ടു. ആ സമയത്ത് ചില നേരങ്ങളിൽ നേരെയാകുമായിരുന്നു. എന്നാൽ ചില സമയത്ത് വല്ലാത്ത ചിന്തകൾ വരും. ഡോക്ടറുമായി സംസാരിച്ചത് ഗുണകരമായി. ഒടുവിൽ എന്റെ അവസ്ഥ ഞാൻ അംഗീകരിച്ചു. ഡോക്ടറുടെ കൗൺസിങ്ങ് സഹായകവുമായി. എന്നാൽ അത് ഒരു പരിധിക്ക് അപ്പുറം അതും ഗുണകരമായില്ല. അതിനാൽ മരുന്ന് കഴിക്കാനും തീരുമാനിച്ചു. ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നുവെന്നും ദീപികാ പദുകോൺ വിശദീകരിക്കുന്നു.

സൂപ്പർ ഹിറ്റായ ഹാപ്പി ന്യൂ ഇയറിന്റെ ഷൂട്ടിങ്ങ് സമയത്തുടനീളം തന്റെ മാനസികാവസ്ഥ താളം തെറ്റിയതായിരുന്നുവെന്നും താരം പറയുന്നു. അതുകൊണ്ട് തന്നെ അടുത്ത സിനിമയ്ക്ക് മുമ്പ് രണ്ട് മാസം വിശ്രമം എടുത്തു. മാനസികമായും ശാരീരികമായും ആരോഗ്യം വീണ്ടെടുക്കുന്നതിനായിരുന്നു അത്. കുടുംബവുമായി ബംഗലുരുവിൽ സമയം ചെലവഴിച്ചു. നല്ല ആശ്വാസവുംകിട്ടി. എന്നാൽ മുബൈയിൽ തിരിച്ചെത്തിയപ്പോൾ സുഹൃത്തിന്റെ ആത്മഹത്യാ വാർത്തയാണ് എത്തിയത്. വിഷാദ രോഗമായിരുന്നു ആത്മഹത്യയ്ക്ക് കാരണവും. അത് വലിയൊരു തിരിച്ചടിയുമായി.

അതുകൊണ്ട് കൂടിയാണ് വിഷാദ രോഗത്തിന് എതിരെ സജീവമായി രംഗത്ത് വരാൻ മനസ്സ് പ്രേരിപ്പിച്ചത്. ലോകത്ത് അതിവേഗം വ്യാപിക്കുന്ന ആരോഗ്യ വിപത്തായി വിഷാദ രോഗം മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഓരോ നാലു പേരിൽ ഒരാളിൽ വിഷാദ രോഗം ഒളിച്ചിരിപ്പുണ്ട്. വിഷമാവസ്ഥയും വിഷാദാവസ്ഥയും രണ്ടാണ്. മാനസികാരോഗ്യം വളരെ വലുതാണ്. എല്ലാ തുറന്ന് പറഞ്ഞത് എനിക്ക് ഗുണകരമായി. പലരും ഇതു ചെയ്യാറില്ല. മനസ്സ് തുറന്നതുകൊണ്ട് തനിക്ക് മരുന്നുകൾ ഉപേക്ഷിക്കാനായി. ഇന്ന് രോഗത്തിൽ നിന്ന് സ്വതന്ത്രയുമായി. എന്റെ അനുഭവം മറ്റുള്ളവർക്ക് സഹായകവും പ്രോചദനവുമാകട്ടേ എന്നും ദീപിക പറയുന്നു.

വിഷാദ രോഗത്തെ ചെറുക്കാനും അതിൽ നിന്ന് മുക്തി നേടാനും ശ്രമിക്കുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് ബോളിവുഡ് നടിയുടെ ആഗ്രഹം. വിഷമിക്കേണ്ട, എല്ലാം ശരിയാകുമെന്ന ഉറ്റവരുടെ വാക്ക് മതി വിഷാദാവസ്ഥയെ മറികടക്കാൻ എന്ന തിരിച്ചറിവാണ് നടിയുടെ കരുത്ത്. ഇക്കാര്യത്തിൽ സമൂഹത്തിൽ അവബോധമുണ്ടാക്കാനുള്ള പദ്ധതികൾ മനസ്സിൽ ഒരുക്കുകയാണ് ദീപികാ പദുകോൺ.