ബാലനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്വേത ബസു പ്രസാദ് വേശ്യാവൃത്തിക്ക് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ രംഗത്ത്. ശ്വേതയ്ക്ക് പിന്തുണയുമായാണ് ദീപികയുടെ അഭിപ്രായപ്രകടനം.

ജീവിക്കാനായി വേശ്യാവൃത്തി നടത്തുന്നതിൽ തെറ്റില്ലെന്നാണ് ദീപിക പറഞ്ഞത്. ജീവിക്കാനും കുടുംബത്തെ പരിപാലിക്കാനും മറ്റു മാർഗമൊന്നുമില്ലെങ്കിൽ ശ്വേത ചെയ്തതിൽ എന്താണ് തെറ്റ് എന്നാണ് ദീപികയുടെ ചോദ്യം. പ്രശ്‌നത്തിൽ നടിയെ കുറ്റം പറഞ്ഞ് വിഷയം അപവാദമായി പ്രചരിപ്പിക്കുന്നതാണ് തെറ്റെന്ന് ദീപിക പറയുന്നു. പകരം ശ്വേതയുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവരെ സഹായിക്കുകയാണ് വേണ്ടത്.

കഴിഞ്ഞയാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ ശ്വേത വേശ്യാവൃത്തിക്ക് പിടിയിലായത്. എന്നാൽ ശ്വേതയ്‌ക്കൊപ്പം പിടിയിലായ വ്യവസായ പ്രമുഖരെപ്പറ്റി മാദ്ധ്യമങ്ങൾ മൗനം പാലിച്ചിരുന്നു. ഇതിനെതിരെ 'കഹാനി ഘർ ഘർ കി' എന്ന ടെലിവിഷൻ സീരിയലിൽ ശ്വേതയുടെ അമ്മയായി അഭിനയിച്ച സാക്ഷി തൻവർ രംഗത്തെത്തിയിരുന്നു.

എന്തുകൊണ്ട് ശ്വേതയ്‌ക്കൊപ്പം പിടിയിലായ വലിയ വ്യവസായികളുടെ പേര് മാദ്ധ്യമങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നുവെന്ന് സാക്ഷി ചോദിച്ചു. പെൺവാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ട കുരുന്നുകളുടെ കഥ പറയുന്ന 'മർദാനി'യിലെ നായികയായ റാണി മുഖർജി പോലും ഒരു അഭിമുഖത്തിൽ ശ്വേതയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മൗനം പാലിച്ചിരുന്നു. ആമിർ ഖാൻ, ഫർഹാൻ അഖ്തർ തുടങ്ങിയവരും പ്രതികരിക്കാൻ വിസമ്മതിച്ചപ്പോഴായിരുന്നു സാക്ഷിയുടെ പ്രതികരണം.

സാക്ഷിയുടെ പ്രതികരണം വന്നതിനുശേഷം സംവിധായകരായ വിശാൽ ഭരദ്വാജ്, നാഗേഷ് കുകുനൂർ, നിർമ്മാതാവ് ഹൻസൽ മേത്ത എന്നിവരും ശ്വേതയ്ക്ക് പിന്തുണയുമായി രംഗത്തു വന്നു. ഇതിനു പിന്നാലെയാണ് ദീപിക പദുക്കോൺ ശ്വേതയ്ക്ക് പിന്തുണയുമായി എത്തിയത്.

മികച്ച നടിയാണ് ശ്വേതയെന്നും ഈയൊരു പ്രവൃത്തി കൊണ്ട് അവളെ വിലയിരുത്തരുതെന്നുമാണ് സംവിധായകൻ നാഗേഷ് കുകുനൂർ പറഞ്ഞത്. ശ്വേതയെ വേട്ടയാടുന്നത് നിർത്താനാണ് സംവിധായകൻ ഹൻസൽ മേത്ത ആവശ്യപ്പെട്ടത്. ശ്വേതയ്ക്ക് പകരം അവളുടെ ഒപ്പം പിടിയിലായവരെയും കൂട്ടിക്കൊടുപ്പുകാരെയുമാണ് മാദ്ധ്യമങ്ങൾ തുറന്നു കാണിക്കേണ്ടതെന്നും ഹൻസൽ മേത്ത പറഞ്ഞു. തന്റെ അടുത്ത ചിത്രത്തിൽ ശ്വേതയ്ക്ക് വേഷം നൽകുമെന്നും മേത്ത പ്രഖ്യാപിച്ചു.

ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണ് താൻ വേശ്യാവൃത്തിക്കിറങ്ങിയതെന്ന് പിടിയിലായശേഷം ശ്വേത സമ്മതിച്ചിരുന്നു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതായി. ചിലർ ഈ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചെന്നും ശ്വേത പറഞ്ഞു.

'മക്ദീ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള ദേശീയ പുരസ്‌കാരം ശ്വേതയ്ക്ക് ലഭിച്ചിരുന്നു. 'ഇഖ്ബാൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് കറാച്ചി ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്കിൽ സൂപ്പർ ഹിറ്റായ 'കോത ബംഗുരു ലോകം' എന്ന ചിത്രത്തിൽ നായികയായിരുന്നു ശ്വേത. 'ഇതു ഞങ്ങളുടെ ലോകം' എന്ന പേരിൽ മലയാളത്തിൽ മൊഴിമാറ്റിയെത്തിയപ്പോഴും ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.