കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നടി ദീപ്തി സതി. ഒരു സ്ത്രീയെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന സംഭവമാണ് നടന്നത്. ശരീരത്തിനേൽക്കുന്ന പരുക്ക് മാറും. എന്നാൽ മാനസികമായ ആഘാതം വളരെ വലുതാണ്. നടിക്ക് എല്ലാ പിന്തുണയുമുണ്ട്. അവൾക്ക് സിംപതിയുടെ ആവശ്യമില്ല. വളരെ കരുത്തുള്ള സ്ത്രീയാണവൾ. കേരള പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ദീപ്തി കൂട്ടിച്ചേർക്കുന്നു.

പൊലീസ്, കേസിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. പൊലീസിനെ സല്യൂട്ട് ചെയ്യണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അരക്ഷിതബോധം തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും ടെൻഷനുണ്ടായിരുന്നെന്നും ദീപ്തി കൂട്ടിച്ചേർത്തു. ഒരു നടി മാത്രമാണ് ധൈര്യപൂർവം മുന്നോട്ട് വന്ന് കേസ് കൊടുക്കാൻ തയ്യാറായത്. സിനിമയിൽ വനിതാ കൂട്ടായ്മ രൂപപ്പെട്ടത് നല്ല കാര്യമാണെന്നും ദീപ്തി പറഞ്ഞു.

നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ദീപ്തി സതി. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ ആണ് ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രം. ദുൽഖറിന്റെ നായികയായി അഭിനയിക്കുന്ന സോളോയിലും നായികയാണ്.