സ്ത്രീയിലേക്കുള്ള വഴി ശരീരത്തിലൂടെയാണോ ആത്മാവിലൂടെയാണോ? വത്സ്യായനൻ മുതൽ മാസ്റ്റേഴ്‌സ് ആൻസ് ജോൺസൻ വരെ നോക്കൂ. പുരുഷന് ശരീരത്തോടും സ്ത്രീക്ക് ആത്മാവിനോടുമുള്ള അടുപ്പവും കൂറും ആസക്തിയും വ്യക്തമാകും. സ്ത്രീക്കു ശരീരവും പുരുഷന് ആത്മാവുമില്ല എന്നല്ല ഇതിനർഥം. പുരുഷന് രതിയില്ലാതെ സ്‌നേഹവും സ്ത്രീക്ക് സ്‌നേഹമില്ലാതെ രതിയുമില്ല എന്നു പറയാറുണ്ടല്ലോ. തന്റെ ശരീരത്തെ രതികൊണ്ടും ആത്മാവിനെ സ്‌നേഹംകൊണ്ടും കീഴടക്കുന്ന ആദ്യപുരുഷനെ ഒരു സ്ത്രീക്കും ഒരിക്കലും മറക്കാനാവില്ല എന്നാവർത്തിച്ചു പറയുന്ന എത്രയെങ്കിലും സാഹിത്യരചനകളുണ്ട്.

പ്രണയത്തിലും രതിയിലുമൊക്കെ പുരുഷൻ കീഴടക്കേണ്ടവളാണ് സ്ത്രീ; സ്ത്രീ ഉൾക്കൊള്ളുകയും പുരുഷൻ പുറന്തള്ളുകയും ചെയ്യുന്നതാണ് രതിയുടെ ശാരീരിക-മാനസികാനുഭൂതികൾ എന്നിങ്ങനെ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചു നിലനിൽക്കുന്ന പൊതുബോധം ഏതാണ്ടെല്ലാക്കാലത്തും എല്ലായിടത്തും ഒരുപോലെയാണ്. ആത്മാവിന്റെ ആനന്ദമാണ് പ്രാഥമികമായും സ്ത്രീക്കു രതിയെങ്കിൽ ശരീരത്തിന്റെ ഉത്സവമാണ് അതു പുരുഷന്. വിവാഹം, കുടുംബം, മാതൃത്വം തുടങ്ങിയ അവസ്ഥകൾ സ്ത്രീയുടെയും പുരുഷന്റെയും പ്രണയ, രതിമോഹങ്ങൾക്കുമേൽ തീർക്കുന്ന വിലക്കുകൾ അവർ എങ്ങനെ മറികടക്കും? അതു സൃഷ്ടിക്കാവുന്ന ആത്മവ്യഥകൾ അവരെങ്ങനെ അഭിമുഖീകരിക്കും? ലോകത്തുണ്ടായിട്ടുള്ള ഏറ്റവും മികച്ച നോവലുകൾ പലതും ഈ വിഷയമാണ് ഏറ്റെടുത്തിട്ടുള്ളത്.

ദാമ്പത്യബാഹ്യമായ സ്‌നേഹം, പ്രണയം, രതി തുടങ്ങിയ അനുഭൂതികളെ ശരീരത്തിന്റെയും ആത്മാവിന്റെയും ആനന്ദോത്സവങ്ങളായും ഒരു ഘട്ടം കഴിയുമ്പോൾ അവ സൃഷ്ടിക്കാവുന്ന പാപചിന്തയുടെയും കുറ്റബോധത്തിന്റെയും വേട്ടയാടലുകളായും ചിത്രീകരിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിൽ അവയോരോന്നും സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകളാവിഷ്‌ക്കരിക്കുന്ന അസാധാരണമായൊരു നോവലാണ് സുനിൽ ഗംഗോപാധ്യായയുടെ 'ദീപ്തിമയി'.

പഴയൊരു കൃതിയാണിത്. 1970കളിലെഴുതപ്പെട്ടത്. 2012-ൽ അന്തരിച്ച സുനിൽ ഗംഗോപാധ്യായ ബംഗാളിഭാഷയിലെ പ്രശസ്തനായ കവിയും കഥാകൃത്തും പത്രാധിപരുമായിരുന്നു. സത്യജിത്‌റായിയുടെ 'പ്രതിധ്വനി', 'അരണ്യർ ദിൻരാത്രി' എന്നീ വിഖ്യാത ചലച്ചിത്രങ്ങൾ ഗംഗോപാധ്യായയുടെ നോവലുകളുടെ അനുകല്പനമാണ്. റായി ചലച്ചിത്രമാക്കാൻ ആലോചിച്ചെങ്കിലും നടക്കാതെപോയ രചനയാണ് 'ഹീരക്ദീപ്തി'. അതാണ് ശ്യാമപ്രസാദ് 2007ൽ 'ഒരേകടൽ' എന്ന പേരിൽ സിനിമയാക്കിയത്. (ശ്യാമിന്റെ അരികെ (2012) എന്ന സിനിമയും ഗംഗോപാധ്യായയുടെ രചനയാണ്.)

2005ൽ ഹീരക്ദീപ്തി എന്ന പേരിൽ എംപി. കുമാരൻ ഈ നോവൽ മലയാളത്തിലേക്കു തർജമ ചെയ്തു. ഈ തർജമ വായിച്ചും സുനിൽ ഗംഗോപാധ്യായയുമായി സംസാരിച്ചും ബംഗാളിയിൽ നിന്നുതന്നെ നേരിട്ടു ചിലതു മനസ്സിലാക്കിയുമാണ് താൻ ഒരേകടൽ ചലച്ചിത്രമാക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു, ശ്യാമപ്രസാദ്. നോവലിന്റെ ചരിത്രപശ്ചാത്തലവും (1950-60), സാമൂഹ്യ രാഷ്ട്രീയവും (സാമ്പത്തികമാന്ദ്യം) മാറ്റിനിർത്തി, ഒരു വിവാഹേതര പ്രണയ, രതിബന്ധത്തിന്റെ വൈകാരികാനന്ദങ്ങളും സംഘർഷവും അവ സൃഷ്ടിക്കുന്ന കുറ്റബോധത്തിന്റെ ജീവിതാവസ്ഥകളും പുനഃസൃഷ്ടിക്കുകയായിരുന്നു ശ്യാമപ്രസാദിന്റെ സിനിമ.

സ്ത്രീപുരുഷ ബന്ധത്തിന്റെയും സ്ത്രീയുടെ മാനസിക ക്ഷോഭങ്ങളുടെയും ചിത്രീകരണത്തിൽ സത്യജിത് റായിയെ അനുസ്മരിപ്പിക്കുന്ന ആഴക്കാഴ്ചകൾ ശ്യാമപ്രസാദിനുണ്ട്. സിനിമയ്ക്കുശേഷം 2012 ൽ 'ദീപ്തിമയി' എന്ന പേരിൽ നോവൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയുടെ കാഴ്ചയ്ക്കുശേഷം അതിനാധാരമായ നോവൽ വായിച്ചാലുണ്ടാകുന്ന അനുഭവത്തിന്റെ ആവിഷ്‌കാരമാണ് ഈ നിരൂപണം.

1950കളിലെ ബംഗാളാണ് നോവലിന്റെ പശ്ചാത്തലം. ഒരു ഉൾനാടൻ ഗ്രാമത്തിൽ അതിസാധാരണക്കാരനായ ഒരു റയിൽവേ ഉദ്യോഗസ്ഥന്റെ ഏഴു മക്കളിലൊരാളായി ജനിച്ച സുന്ദരിയായ ദീപ്തിക്ക് പതിനാറാം വയസ്സിൽ പഠിപ്പുനിർത്തി വിവാഹിതയായി കൽക്കത്തയിലേക്കു പോകേണ്ടിവന്നു. ബന്ധുക്കളാരുമില്ലാത്ത സൗമ്യനും സാധുവുമായ ഒരു ചെറുപ്പക്കാരനായിരുന്നു രാജൻ. അൻപതുകളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അയാൾ തൊഴിൽരഹിതനായി. താമസിയാതെ രോഗിയും. വാടക കൊടുക്കാനും രാജനെ ചികിത്സിക്കാനും ബുദ്ധിമുട്ടിയ ദീപ്തി വീട്ടുടമയായ ഹീരക്മജുംദറെ കാണാൻ പോകുന്നു. പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും സർവകലാശാലാ അദ്ധ്യാപകനും എഴുത്തുകാരനുമൊക്കെയാണ് ഹീരക്.

രാജന്റെ തൊഴിൽനഷ്ടം, നാടിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ഗ്രന്ഥമെഴുതാൻ അയാൾക്കു പ്രേരണയായി. അവിവാഹിതനായ അയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നു മാത്രമല്ല, ഒരു സ്ത്രീയോടും ലൈംഗികതാൽപര്യമല്ലാതെ മറ്റൊന്നും ഹീരക് സൂക്ഷിക്കാറുമില്ല. പ്രണയം, സ്‌നേഹം, പ്രേമം തുടങ്ങിയ വാക്കുകൾ അയാളുടെ നിഘണ്ടുവിലില്ല. കുടുംബം, ദാമ്പത്യം തുടങ്ങിയ വ്യവസ്ഥകളോടയാൾക്ക് പുച്ഛമേയുള്ളു. ദീപ്തിയെയും അയാൾ കീഴടക്കി. താൻ പ്രാപിച്ച മറ്റേതൊരു സ്ത്രീയെയും പോലെ മാത്രമേ ഹീരക് ദീപ്തിയെയും കണ്ടുള്ളു. അവൾക്കാകട്ടെ അയാൾ ജീവിതത്തിലെ ആദ്യ കാമുകനായിരുന്നു. ഒരിക്കലും ഭർത്താവിനോട് ദീപ്തിക്ക് പ്രണയമോ കടമയിൽ കവിഞ്ഞ ബന്ധമോ ഉണ്ടായിട്ടില്ല. രാജനാകട്ടെ ദീപ്തിയെ സംശയമേ ഉണ്ടായിരുന്നുമില്ല.

ദീപ്തി ഹീരകിൽനിന്നു ഗർഭിണിയായി. മകൾ പിറന്നപ്പോൾ അവൾക്ക് ഹീരകിന്റെ ഛായയാണെന്ന് ദീപ്തിക്കു മാത്രം മനസ്സിലായി. ഭർത്താവിനോടു താൻ തെറ്റുചെയ്തുവെന്ന കുറ്റബോധവും ഹീരകിന്റെ തികഞ്ഞ അവഗണനയും അവൾക്കു സഹിക്കാനായില്ല. ദീപ്തിക്കു ഭ്രാന്തുപിടിച്ചു. ഏഴുവർഷം റാഞ്ചിയിലെ മനോരോഗാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ്, കൽക്കത്തയിൽ തിരികെയെത്തുമ്പോൾ ദീപ്തി ആകെ മാറിയിരുന്നു.

പക്ഷെ ഹീരക്കിനെ വീണ്ടും കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം കലങ്ങിമറിഞ്ഞു. അയാൾ മൂലമാണ് തനിക്കു ഭ്രാന്തുപിടിച്ചതെന്നും തന്റെ കുടുംബം ശിഥിലമായതെന്നുമറിയാമായിരുന്നിട്ടും അയാളില്ലാതെ തനിക്കു ജീവിക്കാൻ കഴിയില്ല എന്നവൾക്കു മനസ്സിലായി. പാപത്തിന്റെ ശമ്പളം ഭ്രാന്താണോ, മരണമാണോ? ദീപ്തി, തന്നെയും മക്കളെയും ജീവനുതുല്യം സ്‌നേഹിക്കുന്ന ഭർത്താവിനെ വിട്ട്, തന്നെ അംഗീകരിക്കാൻപോലും മടിച്ച ഹീരക്കിനെ തേടിയെത്തുന്നു. ആദ്യം വിസമ്മതിച്ചുവെങ്കിലും അവളുടെ പ്രണയതീവ്രത കണ്ട് അയാൾ അവളെ സ്വീകരിക്കുന്നു. ആരാണ് പരാജയപ്പെട്ടത് എന്ന ചോദ്യം വായനക്കാർക്കു വിട്ടുനൽകി നോവൽ അവസാനിക്കുകയും ചെയ്യുന്നു.
അന്നാകരിനീനയുടെ ആദ്യപകുതിപോലെയും 'ചാരുലതപോലെയും', സ്ത്രീയുടെ ഗുപ്തകാമനകളെ, ജീവിതദാഹങ്ങളെ, രതിമോഹങ്ങളെ, പ്രണയസ്വപ്നങ്ങളെ ശരീരത്തിന്റെയും ആത്മാവിന്റെയും കുതിരസവാരികളാക്കി മാറ്റുന്ന നോവൽഭാവനയുടെ ഉജ്ജ്വലമാതൃകയാണ് 'ദീപ്തിമയി'. സ്ത്രീയിലേക്ക് എത്രയെങ്കിലും വഴികളുണ്ട് എന്നു തെളിയിക്കുന്ന അസാധാരണരചന.

കോളേജിൽ പഠിക്കാൻ കഴിയാഞ്ഞതിന്റെയും നോവൽവായനയിലൂടെ നേടിയ ജീവിതാവബോധങ്ങളുടെ കൂമ്പടഞ്ഞുപോയതിന്റെയും സങ്കടങ്ങൾ ദീപ്തി തുറന്നുവയ്ക്കുന്നത് ഹീരക്കിനു മുന്നിലാണ്. അവൾ അയാളോടു ചോദിക്കുന്നുണ്ട്, നിങ്ങൾക്കെന്നെ പഠിപ്പിച്ചുകൂടേ എന്ന്. അയാളുടെ മുറിയിലെ പുസ്തകങ്ങളും അയാളുടെ ബൗദ്ധികമാനങ്ങളും ചിന്തയുടെ ഉയരങ്ങളും അവളെ കീഴടക്കിക്കളയുന്നു. ഭാവനയും ബുദ്ധിയുമുള്ള സ്ത്രീയെന്ന നിലയിൽ അവൾ തന്റെ തലച്ചോറും ഹൃദയവും സ്വന്തം കയ്യിൽ സൂക്ഷിച്ച് അയാൾക്കുവേണ്ട ശരീരം അയാൾക്കു നൽകി.

രാജൻ വെറുമൊരു ഭർത്താവുമാത്രമായിരുന്നു; വേണ്ടത്ര പുരുഷൻ പോലുമായിരുന്നില്ല. ആത്മാവിനും ശരീരത്തിനും തീപിടിക്കുന്ന കാമനകളുടെ കല അവൾക്കു മുന്നിൽ ആദ്യമായി തുറന്നിട്ടത് ഹീരക്കായിരുന്നു. ഒരു കൊല്ലവും പത്തുമാസവും രാജൻ തൊഴിൽരഹിതനും രോഗിയുമായി തെണ്ടിത്തിരിഞ്ഞ കാലത്താണ് ദീപ്തി തന്റെ ജീവിതം പൂത്തുലഞ്ഞും കത്തിപ്പടർന്നും മുന്നേറുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നത്. മകന്റെ ജീവൻ നിലനിർത്താൻ ബേബിഫുഡ് ഇരന്ന് ഹീരക്കിനു മുന്നിലെത്തിയതാണ് ദീപ്തി. മര്യാദയില്ലാത്ത സംസാരമോ നോട്ടമോ അയാളുടെ ഭാഗത്തുനിന്നുണ്ടായില്ല. അയാൾ അവളെ സഹായിച്ചു, മകന്റെ ജീവൻ രക്ഷിച്ചു. അവൾ അയാളെ വിശ്വസിക്കുകയും ചെയ്തു. വിശ്വാസമുണ്ടായാൽ പിന്നെ സ്ത്രീ എന്തിനും തയ്യാറാകും എന്ന് ഹീരകിനറിയാം. അയാൾ ആദ്യം അവളെ ബലമായി കീഴടക്കി; പിന്നെ അവളുടെകൂടി ഇഷ്ടത്തിലും.

'എല്ലാം കഴിഞ്ഞു പോകാൻനേരത്ത് ദീപ്തി ഒന്നു തേങ്ങിക്കരഞ്ഞു. ഹീരക് അവളുടെ തലയിൽ കൈവച്ച് ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു : 'ഇതിൽ ഒരു ദോഷവുമില്ല'. ദീപ്തി കണ്ണുനീർകൊണ്ടു നനഞ്ഞ മുഖം ഹീരക്കിന്റെനേരെ ഉയർത്തി. അയാൾ അവളുടെ ചുമലിൽ കൈവച്ചുകൊണ്ടു ചോദിച്ചു:

'എന്നോടു ദേഷ്യം തോന്നുന്നുണ്ട്, അല്ലേ...?'

ദീപ്തി ഒന്നും മറുപടി പറയാതെ മറ്റെങ്ങോ നോക്കിനിന്നു.

ഹീരക് ഒരു ടവ്വൽ എടുത്തുകൊണ്ടുവന്നു. അയാൾ പറഞ്ഞു:
'കരയേണ്ട ആവശ്യമില്ല. മുഖം തുടച്ചുകളയൂ'.

അപ്പോൾ അവൾക്കു കരിച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

സിഗരറ്റ് കത്തിച്ചുകൊണ്ട് ഹീരക് പറഞ്ഞു: 'ഞാൻ വിചാരിച്ചതിലുമധികം സുഖം നിന്നിൽനിന്നും എനിക്കു കിട്ടി'.

ദീപ്തി യഥാർത്ഥത്തിൽ കരഞ്ഞത് ഒരു പുതിയ തരത്തിലുള്ള ആനന്ദം കൊണ്ടായിരുന്നു. ലജ്ജയും അപമാനവും പോയെങ്കിലും ആ ആനന്ദം അവളുടെ ശരീരം മുഴുവൻ വിറപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാളുകളായെങ്കിലും ശരീരംകൊണ്ട് ഇത്രമാത്രം ആനന്ദം ലഭിക്കുമെന്ന് അവൾ അറിഞ്ഞിരുന്നില്ല. രാജൻ ഒരുജാതി ദുർബലമനുഷ്യനാണ്, ഭാര്യയുടെ സാമീപ്യം മാത്രമാണ് അയാളുടെ സുഖം. കൂടുതലൊന്നും ആവശ്യമില്ല. യഥാർത്ഥ പുരുഷൻ ഹീരക്കാണെന്ന് അവൾക്കു മനസ്സിലായി. അയാൾ തന്റെ ശരീരവുമായി യുദ്ധം ചെയ്യുകയായിരുന്നു. ആദ്യം പലവിധത്തിലും തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് എന്തുകൊണ്ടോ തടുക്കാനുള്ള ശക്തി അവൾക്കു നഷ്ടപ്പെട്ടു. പുരുഷന് സ്ത്രീയെക്കൊണ്ട് ഇത്രമാത്രം ചെയ്യാൻ സാധിക്കുമെന്ന് അവൾ ആദ്യമായി മനസ്സിലാക്കി.

അതു മനസ്സിലാക്കിയ നിമിഷത്തിൽ ദീപ്തിയുടെ മനസ്സ് കൃതജ്ഞതകൊണ്ടു നിറഞ്ഞു. ഹീരക് കട്ടിലിന്റെ അറ്റത്തിരുന്നു സിഗരറ്റ് വലിക്കുകയാണ്. അവൾ നിലത്തു കുനിഞ്ഞിരുന്ന് അയാളുടെ കാലുകളിൽ കെട്ടിപ്പിടിച്ചു.

ഹീരക് ഇപ്പോൾ മറ്റൊരുതരത്തിലുള്ള ഒരു മഹാനുഭാവനായ ദേവനായിരുന്നു. കരുണയോടെ ഒന്നു ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു : 'എന്തെങ്കിലും പകരത്തിനുവേണ്ടിയല്ല. ഇന്നു പെട്ടെന്ന് നിന്നെ കണ്ടപ്പോൾ അങ്ങനെ തോന്നി. ഇടയ്‌ക്കൊക്കെ ഇങ്ങനെയൊന്നില്ലെങ്കിൽ എന്റെ ബുദ്ധി നേരെ നിൽക്കില്ല'. അതിനുശേഷം അയാൾ തന്റെ ബലമുള്ള രണ്ടു കൈകൾകൊണ്ട് ദീപ്തിയെ എഴുന്നേൽപ്പിച്ചു നെഞ്ചോടടുപ്പിച്ച് ഒന്നു ചുംബിച്ചു.

ദീപ്തി താഴെ ഇറങ്ങിച്ചെന്നതിനുശേഷം രാജൻ കുത്തുവാക്കുകളോടെ ചോദിച്ചു: 'പൈസ കിട്ടിയോ? ഇത്രയും നേരം വേണ്ടിയിരുന്നോ? ഇത്രയും നേരം എന്തു ചെയ്യുകയായിരുന്നു?'

ശാന്തഭാവത്തിൽ ദീപ്തി പറഞ്ഞു: 'നിങ്ങളുടെ രോഗം വേഗത്തിൽ മാറ്റാനാണ് അദ്ദേഹം പറഞ്ഞത്. അടുത്താഴ്ച ജോലിക്കുവേണ്ടി നിങ്ങൾക്കൊരു ഇന്റർവ്യൂവിനു പോകേണ്ടിവരും... അദ്ദേഹം എല്ലാ ഏർപ്പാടുകളും ചെയ്തിരിക്കുന്നു'.

ദീപ്തിക്കു പിന്നീടുണ്ടായത് പ്രണയത്തിന്റെ വസന്തോത്സവമായിരുന്നു. ഹീരകിനാകട്ടെ, വിശേഷിച്ചെന്തെങ്കിലും അടുപ്പം അവളോടുണ്ടായിരുന്നുമില്ല. താൻ പ്രാപിച്ച മറ്റേതൊരു സ്ത്രീയെയും പോലെ അവളെയും അയാൾ കണ്ടു. പുസ്തകങ്ങളെടുക്കാൻ പലപ്പോഴും ദീപ്തി അയാളുടെ ഫ്‌ളാറ്റിലെത്തി. ഒരിക്കൽ.....'തികച്ചും സ്വാഭാവികമായ ഭാവത്തിൽ ചുമലിൽ കൈവച്ചുകൊണ്ട് അയാൾ പറഞ്ഞു: 'ഹും ..... പൊയ്‌കോ.....'
പൊയ്‌ക്കോ എന്നു പറഞ്ഞാലും ഒരു സ്ത്രീക്ക് അങ്ങനെ പോകാൻ പറ്റുമോ?
ദീപ്തി വളരെ വിനയത്തോടെ പറഞ്ഞു: 'നിങ്ങളുടെ അടുത്തു വരണമെന്ന് എനിക്കു വല്ലാത്ത ആഗ്രഹമുണ്ട്. പക്ഷെ....'

'ആഗ്രഹമുണ്ടെന്നോ?.... ഉണ്ടെങ്കിൽ വരണം. ആഗ്രഹമുണ്ടെങ്കിൽ പിന്നെ അതിനെ തടഞ്ഞിടുന്നത് എന്തിന്?' ഹീരക് ചോദിച്ചു.
ദീപ്തി മുഖംതിരിച്ചു നോക്കുമ്പോൾ കണ്ടത് ഹീരക് തന്റെ പൈജാമയുടെ നാട അഴിക്കാൻ ശ്രമിക്കുന്നതാണ്. അതിനുശേഷം അയാൾ അവളുടെ കഴുത്തിൽ കടിച്ച്, രണ്ടു കൈകൊണ്ടും കസാലയിൽനിന്നു വലിച്ചിഴച്ചു കൊണ്ടു പോയി.

അങ്ങനെ ആലിംഗനാവസ്ഥയിൽ അവർ രണ്ടുപേരും നിലത്തുതന്നെ കിടന്നു. അസഹ്യമായ ആനന്ദത്തിന്റെ മുഹൂർത്തത്തിൽ അവൾ പറഞ്ഞു: 'എന്നെ കൊന്നു കളയൂ... എന്നെ കൊന്നുകളയൂ... ഇതിനപ്പുറം എനിക്കൊന്നും കഴിയില്ല.' 

അന്നും അവൾക്കു മനസ്സിലായി ഈ അപൂർവ്വനിമിഷങ്ങൾ തന്റെ ജീവിതത്തിലെ മുഴുവനുമാണെന്ന്. വിധി ഇതിനുവേണ്ടിയാണ് തന്നെ സൃഷ്ടിച്ചതെന്നും'.

പക്ഷെ അയാളിൽ നിന്നു ഗർഭിണിയായതോടെ ദീപ്തി ആകെ തകർന്നു. കൊടുങ്കാറ്റിൽപെട്ട ഒരിലപോലെ അവൾ പതറി. അയാളാണ് തന്റെ കുഞ്ഞിന്റെ പിതാവെന്നറിയിക്കാൻ പലതവണ ഒരുങ്ങിയെങ്കിലും അവൾക്കതു കഴിഞ്ഞില്ല. എങ്കിലും അയാൾക്കതു മനസ്സിലായിരുന്നു. പക്ഷെ അയാൾ അറിഞ്ഞ ഭാവം കാട്ടിയില്ല. അവൾ കുറ്റബോധംകൊണ്ടു നീറി. അങ്ങനെ അവൾ ഭ്രാന്തിയായി. ഭ്രാന്തുള്ളപ്പോൾപോലും ഹീരകിനു മുന്നിൽ അവൾ നിശ്ശബ്ദയായിരുന്നു. ഒരുദിവസം, അയാളെ ഒറ്റയ്ക്കു കിട്ടിയപ്പോൾ അവൾ അയാളുടെ നെഞ്ചിൽ കടിച്ച് ആഴമുള്ള മുറിവുണ്ടാക്കി. മനുഷ്യർക്ക് ഭ്രാന്തുവരുന്നതെന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും ഹീരകിനു മനസ്സിലായില്ല.
ഭ്രാന്താശുപത്രിയിൽ നിന്നു തിരികെ വരുമ്പോൾ തനിക്കൊരു മകളുള്ള കാര്യം ദീപ്തിക്കോർമ്മയുണ്ടായിരുന്നില്ല.

പക്ഷെ ഹീരകിനെ അവൾ മറന്നിരുന്നില്ല. 'പാപ'ത്തിന്റെ ഫലം മറന്ന ദീപ്തി അതിന്റെ ഉടമയെ മറന്നില്ല എന്നർഥം. അവൾ കൃഷ്ണഭക്തയായി മാറാൻ ശ്രമിച്ചുവെങ്കിലും അവിടെയും ഹീരക്കിന്റെ മുഖം മാത്രം മനസ്സിൽ തെളിഞ്ഞതോടെ അവൾ അയാളെ തേടിയെത്തുന്നു. 'നിങ്ങളൊരു ചെകുത്താനാണെങ്കിലും എനിക്കു നിങ്ങളെ പ്രേമിക്കാതിരിക്കാനാവുന്നില്ല', തന്റെ പുതിയ ഇണകളെക്കുറിച്ച് ദീപ്തിയോടു വിവരിച്ച ഹീരക്കിനോട് അവൾ പറയുന്നു. 'നിങ്ങളെ ഞാൻ വെറുക്കുന്നു, വല്ലാതെ വെറുക്കുന്നു. പക്ഷെ നിങ്ങളില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല'. അസാധാരണമായ ഈ വാക്കുകളും മനോനിലയും കൊണ്ടാണ് ഭ്രാന്തിനും ആത്മഹത്യക്കുമിടയിൽ നിന്ന് ദീപ്തി തന്റെ ജീവിതം തിരിച്ചുപിടിക്കുന്നത്. സ്വന്തം ശരീരവും ആത്മാവും കൊണ്ട്, മറ്റെന്തിനെക്കാളും തനിക്കു പ്രിയപ്പെട്ട പ്രണയത്തിനുവേണ്ടി ദാഹിക്കുന്ന ഒരു സ്ത്രീയുടെ, ഭ്രാന്തിനും പ്രജ്ഞക്കുമിടയിലെ പ്രാണസഞ്ചാരങ്ങളാവിഷ്‌ക്കരിക്കുകയാണ് സുനിൽ ഗംഗോപാധ്യായ. ഉള്ളിൽ, വികാരവിക്ഷുബ്ധമായ ഒരു കടൽതന്നെ അമർത്തിജീവിക്കുന്ന ഒരു ജലകന്യകയുടെ കഥ.

നോവലിൽനിന്ന്

'എനിക്കു ഭ്രാന്തായിരുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന ഒരേ ഒരാൾ നിങ്ങൾ മാത്രമാണ്....'
'ഒരു ചോദ്യത്തിന് സത്യസന്ധമായ ഉത്തരം തരാൻ പറ്റുമോ? ഞാൻ കാരണമാണോ നിനക്കു ഭ്രാന്ത് വന്നത്?'
സംശയലേശമില്ലാത്ത ഭാവത്തിൽ ദീപ്തി മറുപടി പറഞ്ഞു: 'അതെ അഥവാ എനിക്കിനിയും ഭ്രാന്തു വന്നാൽ അതിനും ഉത്തരവാദി നിങ്ങൾ തന്നെ.'
ഹീരക് അൽപ്പം ദൂരെ മേശയോടു ചാരിയിരുന്നുകൊണ്ടു പറഞ്ഞു: 'ആ മേശപ്പുറത്തുനിന്ന് എന്റെ സിഗരറ്റും തീപ്പെട്ടിയും എടുത്തു തരൂ. എന്നിട്ട് എന്റെ പേരിലുള്ള എല്ലാ കുറ്റങ്ങളും പറഞ്ഞു കേൾപ്പിക്കൂ. നീ പറയുന്നതൊക്കെ ഞാൻ ഇംഗ്ലീഷിൽ എഴുതിത്ത്ത്ത്ത്ത്തരാം. അത് ഒന്നുകിൽ പൊലീസിലോ അല്ലെങ്കിൽ പത്രങ്ങൾക്കോ കൊടുത്തേക്കു. ഞാൻ കുറച്ചുകാലം രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഇപ്പോൾ ഞാൻ യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്നു. എന്റെ പേരിലുള്ള എന്തെങ്കിലും അപവാദങ്ങൾ പത്രങ്ങൾക്ക് നല്ലൊരു ഇരയായിരിക്കും. എന്റെ സ്വഭാവം ഒരു കാലത്തും മാറാൻ പോകുന്നില്ല.'
സിഗരറ്റും തീപ്പെട്ടിയും എടുത്തു ദീപ്തി നിലത്തിറങ്ങി ഹീരക്കിന് അഭിമുഖമായി ഇരുന്നുകൊണ്ടു പറഞ്ഞു. 'ഞാൻ വെറുമൊരു സാധാരണ സ്ത്രീ. പക്ഷേ, നിങ്ങൾ കാരണം എനിക്കെല്ലാം നഷ്ടപ്പെട്ടു.'
ഹീരക് രണ്ടു കൈകൊണ്ടും ദീപ്തിയുടെ മുഖം പിടിച്ചുകൊണ്ടു പറഞ്ഞു: 'എനിക്ക് സ്ത്രീയെ വേണം. പക്ഷെ, സ്ത്രീകൾക്ക് എന്നെ വേണ്ട. എന്നിട്ടും ഒരു സ്ത്രീയും ഞാൻ കാരണം ഭ്രാന്തിയായിട്ടില്ല. എഴു വർഷങ്ങൾക്കു ശേഷം ഒരൊറ്റ സ്ത്രീയും എന്റെ അടുത്തേക്കു തിരിച്ചുവന്നിട്ടുമില്ല. ഞാനൊരു വിഷയലമ്പടനാണെന്ന് എനിക്കറിയാം. എടീ, ഭ്രാന്തീ, നീയെന്നെ ദുർബലനാക്കിയിരിക്കുന്നു. നീയെന്നെ മുക്കിക്കൊല്ലുകയാണോ?
ദീപ്തി പതുക്കെപ്പതുക്കെ ഹീരക്കിന്റെ മാറിടത്തിലേക്കു തല ചായ്ച്ച് ഇരുന്നു. അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ഗൗരവസ്വരത്തിൽ അവൾ പറഞ്ഞു: 'എല്ലാവരും ഞാനൊരു പിഴച്ചവളാണെന്നു പറയും. എങ്കിലും നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരികയല്ലാതെ എനിക്കു വേറൊരു ഉപായവുമില്ല.'
ഹീരക് മനസ്സറിഞ്ഞ് ദീപ്തിയുടെ കരച്ചിൽ ശ്രദ്ധിച്ചു. സിഗരറ്റിന്റെ പുക കരയുന്ന ആ മുഖത്തിനു ചുറ്റും വട്ടമിടുകയാണ്. അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു: 'എനിക്കു വയസ്സാകുമ്പോൾ, ചോരയുടെ തിളയ്ക്കൽ കുറയുമ്പോൾ, ശരീരത്തിന്റെ ആഗ്രഹങ്ങൾ ചത്തു കിടക്കും. അപ്പോൾ ഞാൻ ശ്രമിച്ചുനോക്കാം. നിന്നെ പ്രേമിക്കാൻ പറ്റുമോയെന്ന്. അതുവരെ ഞാൻ നിന്റെയൊരു സുഹൃത്തായിരിക്കും. നീ രാജന്റെ ഭാര്യയായി ജീവിക്കുക. പക്ഷേ, ഈ കെട്ടിടം എന്നുവേണ്ട എനിക്കുള്ളതെല്ലാം നിന്റേതാണ്. നിനക്കു സുഖമായി ജീവിക്കാം. കുട്ടികളുമായി എന്നും ഇവിടെ വരാം. ആര് എന്തു പറയുന്നുവെന്നത് കണക്കിലെടുക്കുകയേ വേണ്ട..... സാധിക്കുമോ?' 'ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. നിങ്ങൾ എന്നെ തിരിച്ചയയ്ക്കാതിരുന്നാൽ മാത്രം മതി.' ഹീരക് എഴുന്നേറ്റു നിന്നുകൊണ്ട് ദീപ്തിയുടെ കൈപിടിച്ച് അവളെ എഴുന്നേൽപ്പിച്ചു. ദീനസ്വരത്തിൽ പറഞ്ഞു: ഞാനൊരു മോശക്കാരനാണെന്ന് അറിയാമായിരുന്നു. ആരും എന്നെ ഈ ഭാവത്തിൽ ഇഷ്ടപ്പെട്ടിട്ടില്ല.... ഞാൻ നിന്റെ മുന്നിൽ പരാജയപ്പെട്ടിരിക്കുന്നു. നിന്നെ തിരിച്ചയയ്ക്കാൻ സാധിക്കില്ല.....
ദീപ്തി ഹീരക്കിന്റെ നെഞ്ചിൽനിന്നു ഷർട്ട് നീക്കിക്കൊണ്ട് താൻ വർഷങ്ങൾക്കു മുമ്പേൽപ്പിച്ച മുറിപ്പാടിൽ ചുംബിച്ചു. അവളുടെ കണ്ണീരിന്റെ പ്രവാഹം ഹീരക്കിന്റെ മാറിടം മുഴുവൻ നനച്ചുകളഞ്ഞു. ആര്, ആരുടെ അടുത്താണ് പരാജയപ്പെട്ടത്?

ദീപ്തിമയി
സുനിൽ ഗംഗോപാധ്യായ
വിവ. എംപി. കുമാരൻ
ഗ്രീൻബുക്‌സ്, വില : 100 രൂപ