- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപുവിന്റെ മരണവാർത്ത മാതാപിതാക്കൾ അറിയുന്നത് വഴിയരികിലെ ഫ്ളെക്സ് ബോർഡുകൾ കണ്ട്; ദീപു ഇനിയില്ലെന്നറിഞ്ഞ് വാവിട്ടു നിലവിളിച്ച് അമ്മ കാർത്തു; ഹൃദ്രോഗിയായ അച്ഛനെ കെട്ടിപിടിച്ച് സഹോദരി ദീപയും; പാറയിൽപുറം കോളനിയിൽ നിന്നും കണ്ണീർ കാഴ്ച്ചകൾ മാത്രം
കൊച്ചി: പാറയിൽപുറം കോളനി നിവാസികൾ അതിയായ ദുഃഖത്തിലാണ് ഇന്ന്. ആ നാട്ടുകാരുടെ എല്ലാവരുടെയും പ്രിയപ്പെട്ട സഹോദര തുല്യനായ ഒരു വ്യകതിയെയാണ് അവർക്ക് നഷ്ടമായിരിക്കുന്നത്. നിറകണ്ണുകളോട് കൂടി മാത്രമേ സിപിഎം പ്രവർത്തകരുടെ മർദനത്തിൽ കൊലപ്പെട്ട ദീപുവിന്റെ വീട്ടിൽ എത്തുന്നവർക്ക് തിരിച്ചുപോകാൻ കഴിയൂ. അത്രത്തോളം തന്നെ മൗനം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്.
സ്വന്തം മകൻ ഈ ലോകത്തോട് വിട പറഞ്ഞത് ആ അമ്മയും അച്ഛനും ഇന്ന് പുലർച്ചയോടെയാണ് അറിയുന്നത്. തുടർച്ചയായി ആരോഗ്യ പ്രശനങ്ങൾ വരുന്ന വ്യകതികളാണ് ദീപുവിന്റെ അച്ഛൻ എം സി കുഞ്ഞാറുവും അമ്മ കാർത്തുവും. ശാരീരികാസ്വസ്ഥ്യം നേരിട്ടതിനെ തുടർന്ന് ദീപുവിന്റെ അമ്മയെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ കൊണ്ട് പോകുന്നതിനിടെ വഴിയരികിൽ വെച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ദീപുവിന്റെ മരണ വാർത്ത മാതാപിതാക്കൾ അറിയുന്നത്. ചികിൽസയ്ക്ക് ശേഷം ഡോക്ടർമാർ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇരുവരെയും തിരികെ വീട്ടിൽ എത്തിച്ചത്. തീർത്തും അവശരായ നിലയിലാണ് ദീപുവിന്റെ അമ്മയും അച്ഛനും ഉള്ളത്.
വീട്ടിലെ ഒരു ചെറിയ മുറിക്കുള്ളിൽ കരഞ്ഞവശയായിയാണ് ദീപുവിന്റെ അമ്മ കാർത്തു കിടക്കുന്നത്. കൂടെയുള്ള ബന്ധുക്കളും പരിസരവാസികളും വെള്ളവും മറ്റും നൽകുന്നുണ്ടെങ്കിലും അമ്മ അതൊക്കെ നിരസിക്കുകയാണ് ചെയ്യുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ ആ അമ്മയ്ക്ക് ഇപ്പോൾ എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അമ്മ കാർത്തു കിടക്കുന്നതിന്റെ എതിർവശത്തായുള്ള മറ്റൊരു മുറിയിലാണ് അച്ഛൻ കുഞ്ഞാറുവുള്ളത്. ഹൃദ്രോഗിയായ അച്ഛനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് സഹോദരി ദീപയും അച്ഛനൊപ്പം തന്നെയാണുള്ളത്. ഇരുവുടെയും സംഭാഷണ ദൃശ്യങ്ങൾ കണ്ട് നിൽക്കുന്നവരുടെ മനസിലും ഒരു വിങ്ങലാണ് സൃഷ്ടിക്കുന്നത്.
നാട്ടുകാർക്കും മറ്റും പ്രിയപ്പെട്ട വ്യക്തിയിയിരുന്നു കൊല്ലപ്പെട്ട ദീപു. പരിസരവാസികളുടെ എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം മുന്നിൽ നിൽക്കാൻ ദീപുവും ഉണ്ടാകാറുണ്ട്. ദിപുവിന്റെ മരണത്തിന്റെ ആഘാതത്തിൽ തന്നെയാണ് ആ നാട്ടുകാരും ഉള്ളത്. തങ്ങളുടെ പ്രിയപ്പെട്ട ഒരുവനെ ഇല്ലാതാക്കിയവർ ആരെല്ലാമാണോ അവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നാണ് മുഴുവൻ നാട്ടുകാരും ആവശ്യപ്പെടുന്നത്.
അച്ഛൻ, അമ്മ, സഹോദരി എന്നിവർ അടങ്ങുന്ന ചെറിയ കുടുംബമാണ് ദീപുവിന്റേത്. അമ്മയും അച്ഛനും രോഗബാധിതരായ ആ കുടുംബത്തിന്റെ ഏകആശ്രയം കൂടയായിരുന്നു കൊല്ലപ്പെട്ട ദീപു. കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ സജീവ പ്രവർത്തകനായിരുന്നു ദീപു. കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ പ്രതിഷേധം സംഘടിപ്പിക്കവേയാണ് സിപിഎം പ്രവർത്തകരുടെ മർദനത്തിന് ദീപു ഇരയായത്. മർദന വിവരം പുറത്തറിയിക്കുകയോ മറ്റോ ചെയ്താൽ വീട്ടുകാരെയും ആക്രമിക്കുമെന്ന് അക്രമി സംഘം ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഭീഷണിയെ ഭയന്ന് ആശുപത്രിയിൽ ചികിൽസ തേടാൻ പോലും ദീപു തയ്യാറായിരുന്നില്ല. ശാരീരിക സ്ഥിതി മോശമാവുകയും വീട്ടിൽ രക്തം ഛർദിക്കുകയും ചെയ്തതിന് പിന്നാലെ മാത്രമാണ് ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും, ആന്തരിക രക്തസ്രാവവുമാണ് ദീപുവിനെ മരണത്തിലേക്ക് കൊണ്ടെത്തിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.