പത്തനംതിട്ട: താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന കോഴിയെ മൂന്നുദിവസമായി കാണാതെ വന്നപ്പോൾ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു ആ വീട്ടമ്മ. ഒടുക്കം, അയൽപക്കത്തിന്റെ കിണറ്റിൽ നിന്ന് കേട്ട അവ്യക്തമായ ശബ്ദം തന്റെ കോഴിയുടേതാണെന്ന് ആ വീട്ടമ്മ തിരിച്ചറിഞ്ഞു.

ഓടിച്ചെന്ന് കിണറ്റിലേക്ക് നോക്കിയ വീട്ടമ്മ ഞെട്ടി. തന്റെ കോഴി കിണറ്റിലുണ്ട്. ഒപ്പം അടിത്തട്ടിലായി ജീർണിച്ചു തുടങ്ങിയ ഒരു ചെറുപ്പക്കാരന്റെ മൃതദേഹവും. വടശേരിക്കര ബംഗ്ലാംകടവ് യുപി സ്‌കൂളിനു സമീപം ശ്രീമന്ദിരത്തിൽ വിജയൻ നായരുടെ മകൻ ദീപു (35) വിന്റെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പെയിന്റങ് തൊഴിലാളിയായ ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം.

അതു കൊണ്ടാണ് യുവാവിന്റെ മരണം ആരും അറിയാതിരുന്നത്. യുവാവിന്റെ അയൽവാസിയായ വീമ്മയുടെ മുട്ടക്കോഴിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. രണ്ടു ദിവസമായി ഇതിനായുള്ള തെരച്ചിലിലായിരുന്നു ഇവർ. ഇന്നലെ അയൽവാസിയുടെ കിണറ്റിൽ നിന്നും കോഴിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മ അറിയിച്ചതനുസരിച്ച് നാട്ടുകാരും പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.

പതിനഞ്ചടിയോളം താഴ്ചയും ഒരയടി ആൾമറയും ഉള്ള കിണറ്റിൽ രണ്ടോ മൂന്നോ ലിറ്റർ വെള്ളമേ ഉണ്ടായിരുുള്ളു. യുവാവിന്റെ മൃതദേഹത്തിനു സമീപം ഇരുന്ന കോഴി ഇതിനകം രണ്ടു മുട്ടകളും ഇട്ടിരുന്നു. കോഴിയേയും മുട്ടകളും എടുത്ത ശേഷമാണ് യുവാവിന്റെ മൃതദേഹം കരയ്ക്കെടുത്തത്. മദ്യപാന ശീലമുണ്ടായിരുന്ന യുവാവ് കാൽവഴുതി കിണറ്റിൽ വീണ് അപകടം ഉണ്ടായതാകാമെന്നാണ് പൊലീസ് പറയുന്നത്.