- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുപേർ ചേർന്ന് ദീപുവിനെ മതിലിൽ ചേർത്തു പിടിച്ചുവെച്ചു; എന്താണെന്ന് ചോദിച്ചപ്പോൾ, 'ഞങ്ങളാ ടീ തല്ലിയത്, ഞങ്ങൾ സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത്' എന്ന് ആക്രോശിച്ചു; കാല് വെട്ടിക്കളയുമെനന്ന് ഭീഷണിപ്പെടുത്തി; ദീപുവിന്റെ ജീവൻ പൊലിഞ്ഞ വിളക്കണയ്ക്കൽ സമരത്തിൽ സിപിഎമ്മുകാർ അഴിഞ്ഞാടിയത് വിവരിച്ച് വാർഡ് മെമ്പർ നിഷ
കിഴക്കമ്പലം: കിഴക്കമ്പലത്ത് ട്വിന്റി 20 പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ സിപഎമ്മിനെതിരെ ആരോപണം കടുപ്പിച്ചു ട്വിന്റി 20. മരണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് വാർഡ് മെമ്പർ അടക്കം ആരോപിക്കുന്നത്. എംഎൽഎയ്ക്കെതിരേയും ആരോപണങ്ങൾ ഉയരുന്നുണ്ട്. 'ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാർഡ് മെമ്പർ നിഷ ആരോപിച്ചു. അന്ന് നടന്ന സംഭവം ക്രൂരമായിരുന്നു എന്നാണ് വാർഡ് മെമ്പർ നിഷ പറയുന്നത്.
ദീപു വിളിച്ചതിനെത്തുടർന്ന് അവിടെ ചെന്നപ്പോൾ കണ്ടത് വാർഡിൽ തന്നെയുള്ള സിപിഎം പ്രവർത്തകരായ നാലുപേർ ചേർന്ന് ദീപുവിനെ മതിലിൽ ചേർത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോൾ, 'ഞങ്ങളാ ടീ തല്ലിയത്, ഞങ്ങൾ സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത്' എന്നുപറഞ്ഞ് ആക്രോശിച്ചു. അഞ്ച് മണിക്കുശേഷം വാർഡിൽ ഇറങ്ങിയാൽ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി' - വാർഡ് മെമ്പർ പറയുന്നു. ആ സമയത്ത് എംഎൽഎ അവിടെ എത്തി. എന്തിനാണ് എംഎൽഎ അവിടെ എത്തിയത് ? അക്രമത്തിൽ എംഎൽഎയ്ക്ക് പങ്കില്ലെങ്കിൽ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച 'സ്ട്രീറ്റ് ലൈറ്റ്' ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എംഎൽഎ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്. ചികിത്സയിലിക്കെയാണ് ദീപു മരിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്കു മുന്നിൽ നടക്കുന്നത്.
സിപിഎം ആണ് മരണത്തിന് പിന്നിലെന്നാണ് ട്വന്റി 20യുടെ ആരോപണം.സംഭവത്തിൽ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനുദ്ദീൻ സലാം, അബ്ദുൾറഹ്മാൻ, ബഷീർ, അസീസ് എന്നീ സിപിഎം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവുമാണ് കേസെടുത്തത്. ഇനി അതുകൊലപാതക കുറ്റമാകും.
ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദിച്ചു. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ട്വന്റി 20 പ്രവർത്തകനായ ദീപുവിനെ തേടി സിപിഎം പ്രവർത്തകർ എത്തിയതുകൊല്ലാനുറച്ചാണെന്ന് ട്വന്റി ട്വന്റി ആരോപിച്ചിരുന്നു. അതി മൃഗീയമായ മർദ്ദനത്തിനാണ് ദീപു ഇരയായത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമിച്ചത്. സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്‌ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടി. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിലുമുണ്ട്. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ