- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റു; ക്ഷതമേറ്റത് രണ്ടിടത്തായി; തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്തത് മരണത്തിലേക്ക് നയിച്ചു; കരൾ രോഗവും മരണത്തിന് ആക്കം കൂട്ടി; ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ; കൊലയ്ക്ക് കാരണം ട്വന്റി-20യിൽ പ്രവർത്തിച്ചതിന്റെ വിരോധമെന്ന് എഫ്ഐആറും
കൊച്ചി: ട്വന്റി20 പ്രവർത്തകൻ ദീപുവിനെ മർദിച്ച കൊലപ്പെടുത്തിയ കേസിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ടിടത്തായാണ് ക്ഷതമേറ്റത്. ഈ ക്ഷതക്കെ തുടർന്ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായി. ഇത് നിയന്തരിക്കാൻ കഴിയാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദീപുവിന് കരൾ രോഗം ഉണ്ടായതും മരത്തിന്റെ ആക്കം കൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേസിൽ അറസ്റ്റിലായ നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കുന്നത്തുനാട് പൊലീസ്. തലച്ചോറിൽ രക്തസ്രാവമുണ്ടായി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ദീപു മരിച്ച സഹാചര്യത്തിലാണ് കൊലക്കുറ്റം ചുമത്തിയത്. സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവർക്കെതിരായാണ് കൊലക്കേസ് എടുത്തത്.
നേരത്തേ വധശ്രമം ഉൾപ്പെടെ ചുമത്തിയായിരുന്നു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 12ന് ട്വന്റി20യുടെ വിളക്കണയ്ക്കൽ സമരത്തിൽ പങ്കാളിയായതിനെ തുടർന്നാണ് ഏരിയ സെക്രട്ടറിയായിരുന്ന ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെ കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു.
അതേസമയം കൊലപാതകത്തിൽ പൊലീസിന്റെ എഫ്.ഐ.ആറും പുറത്തുവന്നു. ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികൾ സിപിഎം. പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്. ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെവീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഈ സമയം മറ്റുപ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരായ നാലുപേർ ദീപുവിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കേസിൽ സിപിഎം പ്രവർത്തകരായ പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോർഡിനേറ്ററായ സാബു എം. ജേക്കബിന്റെ ആരോപണം. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികൾ പി.വി.ശ്രീനിജൻ എംഎൽഎ.യുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാംപ്രതി എംഎൽഎ.യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, ദീപുവിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദർശന്റെ പ്രതികരണം. ദീപുവിന്റെ മരണത്തിൽ ട്വന്റി 20 നാടകം കളിക്കുകയാണെന്നും താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ഉന്നയിച്ച ആരോപണങ്ങളെല്ലാം സിപിഎം. തള്ളിക്കളയുകയും ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.