കൊച്ചി: ദീപുവിന് കിഴക്കമ്പലത്തിന്റെ യാത്രാമൊഴി. സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ട്വന്റി 20 പ്രവർത്തകന്റെ മരണം. കാക്കനാട് അത്താണി ശ്മശാനത്തിൽ വച്ചായിരുന്നു സംസ്‌കാരം. നേരത്തെ ട്വന്റി ട്വന്റി നഗറിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയത്. ആംബുലൻസിൽ നിന്ന് പുറത്തിറക്കിയാണ് പൊതുദർശനം നടത്തിയത്. പ്രതിപക്ഷ നേതാവ് ദീപുവിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

മരണ കാരണം തലയിലേറ്റ ക്ഷതം

ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. ക്ഷതമേറ്റതിനാൽ രക്ത ധമനികൾ പൊട്ടി. തലച്ചേറിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്.ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നേരത്തെ പുറത്തു വന്ന എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്.

ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഈ സമയം മറ്റു പ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ്‌ഐആറിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരായ നാല് പേർ ദീപുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.

കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ആസൂത്രിത കൊലപാതകമെന്ന് സാബു ജേക്കബ്

ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.

'ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകരെത്തിയതെന്നും വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ആക്രമിച്ചതെന്നും സാബു ആരോപിച്ചു. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പ്രതികരിച്ചു.

ആരോപണം തള്ളി ശ്രീനിജൻ

എന്നാൽ, സാബു എം ജേക്കബിന്റെ ആരോപണങ്ങൾ കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ തള്ളി. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജൻ ആരോപിച്ചു. സാബുവിന്റെ ആരോപങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. തന്റെ ഫോണും കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ പറഞ്ഞു.