കൊച്ചി : ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവു മരിച്ചതോടെ സിപിഎമ്മുകാർക്കെതിരെ കൊലക്കുറ്റം ചെയ്തു. അതിനിടെ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് കിറ്റക്സ് ഗ്രൂപ്പ് എംഡിയും പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്ററുമായ സാബു എം. ജേക്കബ്. വിളക്കണയ്ക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്ന് സിപിഎമ്മുകാർ ആക്രമണം നടത്തുകയായിരുന്നു. ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകർ അവിടെയെത്തിയത് അല്ലാതെ ബക്കറ്റ് പിരിവിനല്ല. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു അറിയിച്ചു.

അതേസമയം ദീപുവിന്റെ സംസ്‌കാരം കോട്ടയം മെഡിക്കൽ കോളേജിലാണ്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷമാകും ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. മരണത്തിലെ ദുരൂഹത കാരണമാണ് ഈ ആവശ്യം ഉന്നയിച്ചത്. വൈകീട്ട് 5.30 ന് കാക്കനാട് അത്താണി പൊതുശമ്ശാനത്തിൽ ആകും ദീപുവിനെ സംസ്‌കരിക്കുക. അതിന് മുമ്പ് ട്വന്റി 20 നഗറിൽ മൂന്ന് മണി മുതൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്ക് കൊണ്ടുപോകും. ചടങ്ങുകൾക്കു ശേഷം സംസ്‌കരിക്കും. സിപിഎം പ്രവർത്തകരുടെ മർദനത്തിൽ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.

വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കന്പലത്തെ ട്വന്റി ട്വന്റി നഗറിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്‌കാരം. കഴിഞ്ഞ 12 നാണ് വിളക്കണയ്ക്കൽ സമരത്തിനിടെ ദീപുവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് ഇപ്പോൾ കൊലക്കുറ്റത്തിന് കേസെടുത്തത്. നാലുപേരും സിപിഎം പ്രവർത്തകരാണ് ഇവരെ മൂവാറ്റുപുഴ ജയിലിലേക്ക് മാറ്റി.

എംഎൽഎ ശ്രീനിജനെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു എം ജേക്കബ് ഉന്നയിക്കുന്നത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുന്നതാണ് കാണുന്നത്. പ്രൊഫഷണൽ രീതിയിലാണ് സിപിഎമ്മുകാർ ആക്രമിച്ചത്. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

പി.വി. ശ്രീനിജൻ എംഎൽഎയായ ശേഷം ട്വന്റി ട്വന്റിയുടെ 50 ഓളം പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്. വിളക്കണക്കൽ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. ഗാന്ധിയൻ രീതിയിൽ മുന്നോട്ട് പോകുന്ന പാർട്ടിയാണ് തങ്ങളുടേത്. പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫീസുകളിലും എംഎൽഎയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ആരെങ്കിലും അനുസരിച്ചില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തുന്നു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട് പോയത് പഞ്ചായത്തുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ്. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ല.

വിളക്കണക്കൽ സമരം സമാധാനപരമായിരുന്നു. ദീപുവിന് നേരെ ആക്രമണം നടന്നശേഷവും മുമ്പും അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു. നാല് പഞ്ചായത്തുകളിൽ എംഎൽഎയുടെയും ഗുണ്ടകളുടെയും വിളയാട്ടം ആണ് അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കൂട്ടിച്ചേർത്തു.

ദിലീപിന്റെ ഏഴ് ഫോൺ പിടിച്ചെടുത്ത മാതൃകയിൽ ശ്രീനിജന്റെ ഫോണുകളും പരിശോധിക്കണമെന്നാണ് ട്വന്റി ട്വന്റിയുടെ ആവശ്യം. എങ്കിൽ ഗൂഢാലോചനയുടെ എല്ലാ തെളിവും കിട്ടുമെന്നും സാബു പറയുന്നു. എന്നാൽ, ദീപുവിന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പി.വി. ശ്രീനിജൻ എംഎ‍ൽഎ. ആവശ്യപ്പെട്ടു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം തനിക്കില്ല. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടൊപ്പം ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തെ സിപിഎമ്മിനെതിരേ തിരിക്കാനുള്ള ഗൂഢ നീക്കവും രാഷ്ട്രീയവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീനിജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.