കോട്ടയം: കോട്ടയം, പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലെ പ്രമുഖരുടെ തീന്മേശകളിലേക്കായി മാനുകളെ വേട്ടയാടുന്ന സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചു. തലയറുത്തുമാറ്റിയ മാനിന്റെ ജഡം പാലായ്ക്കടുത്തു പ്ലാശനാലിൽ കണ്ടെത്തിയതോടെ പൊലീസ് കേസെടുത്ത് പ്രതികൾക്കായി ഊർജിത അന്വേഷണത്തിലാണ്. മൊബൈൽഫോണുകൾ ഓഫാക്കിയാണ് പ്രതികൾ ഒളിവിൽ കഴിയുന്നതെന്നും അതുകൊണ്ടുതന്നെ ഇവരുടെ സങ്കേതം കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

അതേസമയം ഇവരെ രക്ഷിക്കാൻ കേരളാ കോൺഗ്രസിലെ പ്രമുഖനേതാവ് പൊലീസിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപണമുയർന്നു. കാട്ടിലെ മൃഗങ്ങളെ വെടിവച്ചിട്ടു കാട്ടിറച്ചി വൻതോതിൽ കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ വൻതോതിൽ വിൽക്കുന്ന സഹോദരങ്ങളാണ് പൊലീസിനെ വെട്ടിച്ച് ഇപ്പോൾ ഒളിവിൽ കഴിയുന്നത്. മാൻവേട്ട കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഒളിവിൽ കഴിയുന്ന പ്ലാശനാൽ ചാറാടിയിൽ സുനിൽ, ഇയാളുടെ സഹോദരൻ അനിൽ എന്നിവരിൽനിന്നും കാട്ടിറച്ചി സ്ഥിരമായി വാങ്ങിയിരുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് തയാറാക്കി. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ ചില വമ്പന്മാർക്ക് ഇവർ ഇറച്ചി എത്തിച്ചുകൊടുത്തിരുന്നതായി പൊലീസിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതികളെ കണ്ടെത്തുന്നതോടെ ഇവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.

ഇതു മനസിലാക്കി കേസ് അട്ടിമറിക്കാൻ ഉന്നതർ രംഗത്തിറങ്ങിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയെന്നു സംശയിക്കുന്ന സുനിലിന്റെ വീട്ടിൽനിന്നും പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ രണ്ടു തോക്കുകൾക്കും ലൈസൻസ് ഇല്ല. ഒരു തോക്ക് ആലയിൽ നിർമ്മിച്ച നാടൻ തോക്കാണ്. മറ്റൊന്ന് കമ്പനി നിർമ്മിതമാണ്.എന്നാൽ എവിടെനിന്നാണ് ഈ തോക്കുകൾ ഇവർക്ക് ലഭിച്ചതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ സുനിലിന്റെ വീട്ടുമുറ്റത്തുനിന്നാണ് തല അറുത്തുമാറ്റിയ നിലയിൽ ജീപ്പിൽ രക്തം വാർന്നൊലിക്കുന്ന നിലയിൽ അറുപതു കിലോയിലധികം തൂക്കം വരുന്ന കലമാന്റെ ജഡം കണ്ടെത്തിയത്. പൊലീസ് അറസ്റ്റിലായ മുണ്ടക്കയം പറത്താനം മുണ്ടയ്ക്കൽ ബേബി എന്നു വിളിക്കുന്ന തോമസ് (57) റിമാൻഡിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസുമായി മുന്നോട്ടു നീങ്ങുന്നത്.

സുനിലും അനിലും കൂടാതെ മറ്റു രണ്ടു പേർകൂടി സംഘത്തിലുണ്ടായിരുന്നതായി അറിയുന്നു. ഇതിനിടയിൽ ടോണി എന്ന ആളെ കേന്ദ്രികരിച്ചും ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം ഉർജിതമാക്കിയിടുണ്ട്. ടോണിക്കൊപ്പം സംഘത്തെ സഹായിച്ച റാന്നി സ്വദേശിയെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് നാടൻ തോക്കുകൾ, തിരകൾ, കത്തി, കൈക്കോടാലി, എട്ട് മൊബൈൽ ഫോണുകൾ എന്നിവയും മാന്റെ കൊമ്പും മാംസവും സൂക്ഷിച്ചിരുന്ന കെ.എൽ 49 ബി 139 ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തോക്കുകൾ ഒഴികെയുള്ളവ പൊലീസ് വനം വകുപ്പിന് കൈമാറി. തോക്കുകൾ ഇപ്പോൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ മാനിനെ വേട്ടയാടിയത് റാന്നിക്ക് കിഴക്കുഭാഗത്തെ വനത്തിൽനിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പെരിനാട്, വടശേരിക്കര ഭാഗങ്ങളിൽനിന്നാവാം മാനിനെ വെടിവച്ചതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. മാനും മ്ലാവും ഏറ്റവും കൂടുതലായിട്ടുള്ള മേഖലയാണ് പെരിനാട്, വടശേരിക്കര ഭാഗങ്ങൾ. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയ്ക്ക് കിട്ടിയ രഹസ്യസന്ദേശത്തെത്തുടർന്നാണു കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ സുനിലിന്റെ വീട്ടുമുറ്റത്തുനിന്നു തല അറുത്തുമാറ്റിയ നിലയിൽ ജീപ്പിൽ രക്തം വാർന്നൊലിക്കുന്ന നിലയിൽ അറുപതു കിലോയിലധികം തൂക്കം വരുന്ന മാന്റെ ജഡം കണ്ടെത്തിയത്. പാലാ ഡിവൈ.എസ്‌പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട സി.ഐ സി.ജി.സനിൽകുമാറും എസ്.ഐ കെ.എസ്.ജയനും ചേർന്നാണ് കലമാന്റെ ജഡവും തോക്കുകളും ജീപ്പും കസ്റ്റഡിയിലെടുത്തത്.