അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ആറാം വട്ടവും അധികാരത്തിലേക്ക് എന്ന തലക്കെട്ടുകൾ മിന്നുന്നതിനിടെ മോദിയുടെ ജന്മനാട്ടിലെ ദയനീയ പരാജയം ബിജെപിക്ക് ക്ഷീണമായി.പ്രധാനമന്ത്രിയുടെ ജന്മനാടായ വട്‌നഗർ ഉൾപ്പെടുന്ന ഉൻജ മണ്ഡലത്തിലാണ് ബിജെപി സ്ഥാനാർത്ഥി തോറ്റത്. കോൺഗ്രസിലെ ആഷ പട്ടേലിനാണ് ഇവിടെ ജയം.2012 ലെ തിരഞ്ഞെടുപ്പിൽ 25000 വോട്ടിന് ബിജെപിയുടെ സിറ്റിങ് എംഎൽഎ നാരായൺ പട്ടേൽ ജയിച്ച മണ്ഡമാണിത്.

പട്ടീദാർ തരംഗത്തിന്റെ മുകളിലേറിയാണ് കോൺഗ്രസ് ഇവിടെ ജയിച്ചുകയറിയതെന്നാണ് വിശകലനത്തിൽ തെളിയുന്നത്.ഉൻജയിലെ 40 ശതമാനത്തോളം പേരും പട്ടേൽ സമുദായത്തിൽ പെട്ടവരാണ്. ബിജെപിയോടുള്ള അനിഷ്ടം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പ്രകടം.രണ്ടുവർഷം മുമ്പ് നടന്ന പട്ടേലുമാരുടെ സംവരണ പ്രക്ഷോഭത്തിൽ ഉണ്ടായ അക്രമത്തിനിടെ കൊല്ലപ്പെട്ട 14 യുവാക്കളിൽ ഒരാൾ ഉൻജയിൽ നിന്നായിരുന്നു.ബിജെപിക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന ഇവിടെ കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ ഒരുസ്ഥാനർഥിയെ പോലും ബിജെപി നിർത്തിയില്ല.

എന്നാൽ, ഗ്രാന്റുകളും മറ്റും നൽകി പട്ടേലുമാരെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.കദ്വ പട്ടീദാർമാരുടെ ഉമിയ മാതാജി സൻസ്താന് 8.75 കോടി രൂപയുടെ ഗ്രാന്റാണ് വിജയ് രൂപാനി സർക്കാർ നൽകിയത്.ബിജെപിയുടെ ഗൗരവ് യാത്ര പട്ടേലുമാർ തടയുന്ന വീഡിയോകൾ പ്രചരിച്ചതോടെ, ഉൻജയിലെ പൊതുയോഗങ്ങൾ വിജയ് രൂപാനി ഒഴിവാക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മോദിയുടെ ജന്മസ്ഥലമായ വട്‌നഗറിന് തൊട്ടടുത്തുള്ള ഉമിയ മാതാ ക്ഷേത്രത്തിൽ ആരതി അർപ്പിക്കാൻ ശ്രദ്ധവച്ചിരുന്നു.ഹരിദ്വാറിലെ ഉമിയ ധം ആശ്രമം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുക വഴി കട്‌വ പട്ടീദാർമാരെ പ്രീണിപ്പിക്കാനും ശ്രമം നടന്നു.എന്നാൽ ഏറെ പരിശ്രമിച്ചിട്ടും, സംസ്ഥാനത്ത് ജയിച്ചുകയറിയെങ്കിലും., തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്ക് നഷ്ടമാകുന്നത് കണ്ടുനിൽക്കാനേ ബിജെപിക്ക് കഴിഞ്ഞുള്ളു.