- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്ര സർക്കാർ; സർക്കാരിൽ നിന്ന് എൻഒസിയുമായി വന്നാൽ വിരാട് കൈമാറാമെന്ന് ശ്രീറാം ഗ്രൂപ്പ് മേധാവി വ്യക്തമാക്കിയിട്ടും എൻഒസി നൽകാനാവില്ലെന്ന് പ്രതിരോധവകുപ്പ്; വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാൻ ഇനി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി എൻവിടെക് മാരിടൈം കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
ന്യൂഡൽഹി: ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. നാവിക സേന ഡികമ്മിഷൻ ചെയ്ത വിരാടിനെ ഏറ്റടുക്കാൻ അനുമതി തേടി എൻവിടെക് മാരിടൈം കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബോംബെ ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഒസി നൽകാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചിരിക്കുന്നത്. ഗോവ സർക്കാരിന്റെ സഹായത്തോടെ വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാനായിരുന്നു കമ്പനി മുന്നോട്ട് വന്നത്. വിഷയത്തിൽ വരുന്ന ആഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ഗുജറാത്തിലെ സ്വകാര്യകമ്പനിക്ക് കൈമാറിയ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ മ്യൂസിയമാക്കാനാണ് എൻവിടെക് മാരിടൈം കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ശ്രമിക്കുന്നത്. നാവികസേന ഡികമ്മിഷൻ ചെയ്യുന്ന കപ്പലുകൾ സ്ഥിരമായി ഏറ്റെടുത്ത് പൊളിക്കുന്ന ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന് വിരാട് കൈമാറുന്നതിൽ താത്പര്യമില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതായും പ്രതിരോധവകുപ്പ് വ്യക്തമാക്കി.
വിരാടിനെ കൂടുതൽ വില നൽകുന്നവർക്ക് കൈമാറാൻ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് പട്ടേൽ സെപ്റ്റംബറിൽ ആവർത്തിച്ച് പ്രസ്താവിച്ചിരുന്നു. താനൊരു ദേശഭക്തനായതിനാൽ വില 125 കോടിയിൽ നിന്ന് 100 കോടിയാക്കിയതായും സർക്കാരിൽ നിന്ന് എൻഒസിയുമായി വന്നാൽ വിരാട് കൈമാറാമെന്നും മുകേഷ് പട്ടേൽ പറഞ്ഞിരുന്നു.
എൻഒസി ഇല്ലാതെ നിലവിലെ ഉടമ വിരാടിനെ കൈമാറില്ലെന്നും സർക്കാർ എൻഒസി നൽകില്ലെന്നുമുള്ളത് നിർഭാഗ്യകരമാണെന്ന് എൻവിടെക്കിന്റെ മാനേജിങ് പാർട്‌നറായ രുപാലി ശർമ പറഞ്ഞു. കപ്പൽ പൊളിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും രൂപാലി ശർമ കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിരാട് 30 വർഷത്തെ സേവനത്തിനു ശേഷമാണ് കപ്പൽ പൊളിക്കാൻ സർക്കാർ തീരുമാനിച്ചത്. നിർത്തിയിട്ടിരിക്കുകയാണെങ്കിൽ പോലും കപ്പലിന്റെ ദൈനം ദിന ചെലവുകൾ വർദ്ധിച്ചതോടെയാണ് വിരാട് പൊളിക്കാൻ സർക്കാർ തീരുമാനിച്ചത്.
യു കെ റോയൽ നേവിക്കായി നിർമ്മിച്ച എച്ച് എം എസ് ഹോർമസ് 1986 ൽ ഇന്ത്യക്ക് കൈമാറിയതോടെയാണ് ഐ എൻ എസ് വിരാടായത് . പിന്നീട് ഇന്ത്യൻ നാവികസേനയുടെ തേരോട്ടങ്ങളിൽ ഐ എൻ എസ് വിരാട് അവിഭാജ്യ ഘടകമായി മാറി . 1988 ൽ ശ്രീലങ്കയിൽ നടന്ന നാവികസേന ഓപ്പറേഷനിലും , 1999 ൽ കാർഗിൽ വാർ എന്നിവയിലും വിരാട് പങ്കാളിയായി. സീ ഹാരിയേർസ്, വൈറ്റ് ടൈഗേഴ്സ്, സീ കിങ് 42ബി, സീ കിങ് 42സി, ചേതക് ഹെലികോപ്ടറുകൾ എന്നിവയാണ് വിരാട് വഹിച്ചിരുന്നത്.
മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാന സർക്കാരുകൾ വിരാടിനെ മ്യൂസിയമാക്കി മാറ്റാൻ ആലോചിച്ചുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല . 30 സീഹാരിയർ എയർക്രാഫ്‌റ്റുകളുമായി സഞ്ചരിക്കാനുള്ള ശേഷി വിരാടിനുണ്ട്. നൂറ്റമ്പതോളം ഓഫിസർമാരും ആയിരത്തിയഞ്ഞൂറോളം നാവികരും വിരാടിലുണ്ടായിരുന്നു . 227 മീറ്ററായിരുന്നു ഈ കപ്പലിന്റെ നീളം.
മറുനാടന് ഡെസ്ക്