കൊച്ചി: നിശ്ചിത സമയത്ത് ഫ്ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനത്തിൽ വിശ്വസിച്ച് കൈയിലിരിക്കുന്ന പണം മുടക്കി ഒടുവിൽ നിർമ്മാതാക്കളുടെ പിന്നാലെ പോകേണ്ട ഗതികേട് നിരവധി മലയാളികൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ഫ്ളാറ്റ തട്ടിപ്പിന് ഇരയായി പരാതിയുമായി രംഗത്തെത്തിയിട്ടും ഇപ്പോഴും യാതൊരു പരിഹാരവും ഉണ്ടാകാത്ത അവസ്ഥയിലുമുണ്ട്. ഫ്ളാറ്റ് തട്ടിപ്പുസംഭവങ്ങൾ പെരുകുന്നതിനിടെ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്ത. ആഢംബര സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ച ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ ഉപഭോക്തൃ കോടതി വിധി പുറപ്പെുവിച്ചു. പ്രമുഖ ബിൽഡേഴ്‌സായ രവി പുറവൻകരയുടെ ഉടമസ്ഥതയുടെ പുറവൻകര പ്രോജക്ട് ലിമിറ്റഡിനോട് നഷ്ടപരിഹാരം നൽകാനാണ് കോടതി നിർദ്ദേശിച്ചത്. നിർമ്മാണം വൈകി ഫ്ളാറ്റ് കൈമാറുന്നതിൽ വീഴ്‌ച്ച വരുത്തിയതിന് 55 ലക്ഷം രൂപ ഫ്ളാറ്റുടമയ്ക്ക് നൽകാനാണ് വിധി.

പുറവൻകര പ്രോജക്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ കൊച്ചി മറൈൻ ഡ്രൈവിൽ പണിയുന്ന പൂർവ്വ ഗ്രാൻഡ്‌ബേ എന്ന കെട്ടിടം പൂർത്തിയാക്കുന്നതിൽ വർഷങ്ങളുടെ കാലതാമസം വരുത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജവഹർ നഗർ സ്വദേശിയായ വ്യവസായി ജയന് അനുകൂലമാണ് വിധി പുറപ്പെടുവിച്ചത്. 2006ലാണ് ജയൻ കൊച്ചി മറൈൻ ഡ്രൈവിൽ പുറവൻകര പ്രഖ്യാപിച്ച ഫ്ളാറ്റ് ബുക്ക് ചെയ്തത്. 1922 സ്‌ക്വയർ ഫീറ്റുള്ള മൂന്ന് ബെഡ് റൂം ഫ്ളാറ്റിനായി 76 ലക്ഷം രൂപയാണ് അന്ന് മുടക്കിയത്.

ആഢംബര സൗകര്യങ്ങളോടു കൂടിയ ഫ്ളാറ്റ് 2009 മാർച്ചിൽ നിർമ്മിച്ചു കൈമാറുമെന്നായിരുന്നു ബിൽഡേഴ്‌സിന്റെ വാഗ്ദാനം. ഇത് പ്രകാരമായിരുന്നു കരാറിൽ ഒപ്പിട്ടതും. 265 അപ്പാർട്ടമെന്റുകളാണ് പൂർവ്വ ഗ്രാൻഡ്‌ബേയിലുള്ളത്. എന്നാൽ നിശ്ചിത സമയത്ത് ഫ്ളാറ്റ് കൈമാറാൻ അധികൃതർക്ക് സാധിച്ചില്ല. കമ്പനി അധികൃതരെ വിളിച്ച് ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും എന്ന് കൈമാറാൻ സാധിക്കുമെന്ന് പോലും ജയനോട് പറഞ്ഞില്ല. ഇതേ തുടർന്നാണ് നിയമനടപടിയുമായി അദ്ദേഹം മുന്നോട്ടു നീങ്ങിയത്.

ഗവൺമെന്റ് അപ്രൂവ്ഡ് പ്ലാൻ മറച്ചു വച്ച് നിക്ഷേപർക്ക് പ്രധാന ആകർഷകമായ വളരെ വലിയ സ്വീകരണ ഹാൾ മറ്റും നൽകുന്നു എന്ന് ധരിപ്പിച്ച് മറ്റൊരു പ്ലാൻ കൃത്യമമായി ഉണ്ടാക്കി നൽകിയായിരുന്നു ഫ്ളാറ്റ് സമുച്ചയം വിൽപ്പന നടത്തിയിരുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇത് നിയമവിരുദ്ധവും തെറ്റായ വ്യാപര കീഴവഴക്കവുമായി കോടതി കണ്ടെത്തി. രജിസ്‌ട്രേഷൻ ചാർജും, സ്റ്റാബ് തുക അടക്കം വൻ തുക കൈപ്പറ്റിയ ബിൽഡേഴ്‌സ് ഉപഭോക്താക്കളെ വഞ്ചിക്കുന്ന സമീപമാണ് സ്വീകരിച്ചത്.

കെട്ടിടത്തിന്റെ പ്രധാന ആകർഷണമായ വളരെ വലിയ സ്വീകരണ ഹാൾ ഒഴിവാക്കി കാർപാർക്കിങ്ങ് ഏരിയ ആക്കിയതിലൂടെ സ്വീകരണ ഹാൾ നിർമ്മിക്കുന്നതിനുള്ള ചെലവ് ആയ കോടികൾ ലാഭിക്കുകയും ചെയ്തതായി കണ്ടെത്തി. ഇങ്ങനെ കരാർ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് മാത്രമല്ല ആറ് വർഷത്തോളം ഫ്ളാറ്റ് നൽകാതെ ഉപഭോക്താവിനെ വഞ്ചിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. മണ്ണിന്റെ ബലക്ഷയം മൂലമാണ് വർഷങ്ങളുടെ കാലതാമസം ഉണ്ടായത് എന്നായിരുന്നു പുറവൻകര കോടതിയിൽ വാദിച്ചത്. എന്നാൽ, ഇത് കോടതി അംഗീകരിക്കാതെ തള്ളിക്കളഞ്ഞാണ് പിഴ വിധിച്ചത്. ഫ്ളാറ്റിനായി മുടക്കിയ പണത്തിന്റെ 12 ശതമാനം വീതം ഓരോ വർഷവും നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇത് പ്രകാരമാണ് 55 കോടി ബിൽഡേഴ്‌സ് പിഴ ഒടുക്കേണ്ടി വന്നത്.

പുറവൻകര ബിൽഡേഴ്‌സിന്റെ പദ്ധതിക്ക് വേണ്ടി പണം മുടക്കി ഫ്ളാറ്റ് ലഭിക്കാത്ത മറ്റുള്ളവരും ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ തന്നെ ഇത് സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്.