വാഷിങ്ടൺ: ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാട്സാപ്പ് സഹ സ്ഥാപകൻ ബ്രയാൻ ആക്ടൺ. കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ദുരുപയോഗിച്ച സാഹചര്യത്തിലാണ് ബ്രയാൻ ആക്ടൺ ഡിലീറ്റ് ഫേസ്‌ബുക്ക് എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാൻ കൗമും ബ്രയാൻ ആക്ടണും ചേർന്നാണ് 2009-ൽ വാട്‌സ് ആപ്പ് മെസഞ്ചർ ഉണ്ടാക്കിയത്. ഇത് 2014-ൽ ഫേസ്‌ബുക്കിന് വിറ്റിരുന്നു. 1900 കോടി ഡോളറിനായിരുന്നു വിൽപന.

ഫേസ്‌ബുക്ക് വാട്ട്‌സ്ആപ്പ് ഏറ്റെടുത്ത ശേഷം വാട്ട്‌സ്ആപ്പ് സ്ഥാപകരായ ജെൻ കോം, ബ്രയാൻ അക്ടൻ എന്നിവർ ഫേസ്‌ബുക്കിൽ ചേർന്ന് വാട്ട്‌സ്ആപ്പിന്റെ അടുത്തഘട്ട വികസനത്തിൽ പങ്കാളികളായി വരുകയാണ്. എന്നാൽ പിന്നീട് ബ്രയാൻ അക്ടൻ ഫേസ്‌ബുക്കിൽ നിന്നും രാജിവച്ച് സ്വന്തം പ്രോജക്ടുകളുമായി നീങ്ങി. ഇപ്പോൾ ഫേസ്‌ബുക്കിനെതിരെ വലിയ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രയാൻ അക്ടൻ.

അടുത്തിടെ ഇട്ട ട്വിറ്റർ പോസ്റ്റിൽ ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യാൻ സമയമായി എന്നാണ് ബ്രയാൻ പറയുന്നത്. deletefacebook എന്ന ഹാഷ്ടാഗ് തന്നെ ഇദ്ദേഹമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാകുകയാണ്. എന്നാൽ അതിന് കാരണം ബ്രയാൻ പറയുന്നില്ലെങ്കിലും അടുത്തിടെ ഉണ്ടായ ക്രോംബ്രിഡ്ജ് അനലിറ്റിക്ക വിവാദമാണ് ഇതിന് കാരണം എന്നാണ് ടെക് ലോകം കണക്കാക്കുന്നത്.

23 കോടി അമേരിക്കക്കാരുടെ മന: ശാസ്ത്ര വ്യാപരം ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തി അതിലൂടെ മനസിലാക്കി, ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തന്നെ സ്വദീനിക്കാൻ കഴിഞ്ഞ ക്രോംബ്രിഡ്ജ് അനലിറ്റിക്ക എന്ന വിവരശേഖരണ കമ്പനിയുടെ വിവരങ്ങളാണ് കഴിഞ്ഞ ചില ദിവസമായി ടെക് ലോകത്തെ ചർച്ച - ഇതിനെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ട്രംപിനെ വിജയിപ്പിക്കാൻ ഇലക്ഷൻ കൺസൾട്ടിങ് ഏറ്റെടുത്ത ഏജൻസിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ഫെസ്ബുക്കിനെ ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതാണ് സുക്കർബർഗിന്റെ കസേര പോലും അപകടത്തിലാക്കിയിരിക്കുന്നത്. ഡേറ്റാ അനാലിസിസ്, തന്ത്രപരമായ ആശയവിനിമയം എന്നീ മേഖലകളിലെ പ്രമുഖ കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം 5 കോടി അമേരിക്കക്കാരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ അവരുടെ അനുവാദമില്ലാതെ ട്രംപിന്റെ വിജയത്തിനായി കേംബ്രിഡ്ജ് അനലറ്റിക്ക ദുരുപയോഗപ്പെടുത്തി എന്നതാണ് ആരോപണം.

ട്രംപിന് അനുകൂലമായ വാർത്തകളും പ്രചാരണങ്ങളും വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ടൈം ലൈനിൽ പ്രദർശിപ്പിച്ചും. കൈക്കലാക്കിയ 5 കോടി അക്കൗണ്ടുകളിൽ നിന്ന് അവരുടെ സുഹൃത്തുക്കളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകളിലേക്കും അനലറ്റിക്ക നുഴഞ്ഞുകയറി. ട്രംപിന് അനുകൂലമായും ഹിലരി ക്ലിന്റണ് എതിരായും പ്രചാരണ കോലാഹലങ്ങൾ അഴിച്ചുവിടുകയുണുണ്ടായത്. ഇതിനെത്തുടർന്ന് ഫെസ്ബുക്കിന്റെ 10 ശതമാനം ഓഹരികൾക്ക് ഷെയർ മാർക്കറ്റുകളിൽ ഇടിവുണ്ടായി. ഓഹരി ഉടമകളിൽ പലരും പ്രതിസന്ധികളെത്തുടർന്ന് മാർക്ക് സുക്കർബർഗ് സിഇഒ. സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു.

സമൂഹ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയായാണ് ഇതിനെ ടെക്ക് മേഖലയിലുള്ളവർ വിശേഷിപ്പിച്ചത്. വിവരചോർച്ചയെത്തുടർന്ന് ലോകത്താകമാനമുള്ള ഫേസ്‌ബുക്ക് ഉപയേഗിക്കുന്നവർ ആശങ്കയിലായി. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചു തുടങ്ങിയതോടെ സുക്കർബർഗിന്റെ മൊത്തം ആസ്തി 70.4 ബില്ല്യൺ ഡോളറായി കുറഞ്ഞു. 4.9 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് സുക്കർബർഗിന് ഈ വിവരചോർച്ചയിലൂടെ ഉണ്ടായത്.