ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ ഇന്നും വ്യോമ-റെയിൽ ഗതാഗതങ്ങൾ താറുമാറായി. നിരവധി വിമാന സർവീസുകളും ട്രെയിൻ സർവീസുകളുമാണ് മഞ്ഞ് മൂലം വൈകുന്നത്. ഇതേതുടർന്നു നൂറുകണക്കിന് യാത്രക്കാർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി റെയിൽവേ സ്റ്റേഷനുകളിലുമായി കുടുങ്ങിയിരിക്കുകയാണ്. മഞ്ഞ് മൂലം കാഴ്ച അവ്യക്തമായതാണ് ഗതാഗത സംവിധാനങ്ങൾ താറുമാറാകാൻ കാരണം.

മൂടൽമഞ്ഞ് മൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 17 സർവീസുകളാണ് വൈകുന്നത്. 18 ട്രെയിൻ സർവീസുകളും മഞ്ഞ് മൂലം റദ്ദാക്കി. 62 ട്രെയിൻ സർവീസുകൾ വൈകുകയും 20 സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾ കൂടി ഡൽഹിയിൽ കനത്ത മഞ്ഞ് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.