- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾ
ലണ്ടൻ: മകനോടും കുടുംബത്തോടും ഒപ്പം അവധിക്കാലം ചെലവിടാൻ എത്തിയ മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ജോർജ്ജ് പുല്ലാറ്റിനും ഭാര്യയ്ക്കും ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അനുഭവമായി മാറിയിരിക്കുന്നു നാട്ടിലേക്കുള്ള മടക്ക യാത്ര. യുകെയിൽ ബിർമിൻഹാമിൽ ഉള്ള മകനും കുടുംബത്തിനും ഒപ്പം അവധി ദിവസങ്ങൾ സന്തോഷത്തോടെ ചെലവിട്ടും മുൻ അദ്ധ്യാപകൻ കൂടിയായ അദ്ദേഹം യുകെയിലെ തന്റെ ഏതാനും പൂർവ വിദ്യാർത്ഥികളെയും കൂടി കണ്ട ശേഷമാണ് സന്തോഷത്തോടെ കഴിഞ്ഞ ദിവസം യുകെയിൽ നിന്നും മടങ്ങിയത്.
എന്നാൽ ആ സന്തോഷം ഡൽഹി എയർപോർട്ട് വരെയേ അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം ഉണ്ടായുള്ളൂ. കൂടെ യാത്ര ചെയ്തിരുന്ന ഭിന്ന ശേഷിക്കാരിയായ മകൾ കോവിഡ് പോസിറ്റീവ് ആണെന്ന് ഡൽഹി എയർപോർട്ടിൽ നടത്തിയ ടെസ്റ്റ് റിസൾട്ട് കയ്യിൽ വന്നതോടെയാണ് കാര്യങ്ങൾ ഒരു ദുഃസ്വപ്നത്തിനു സമാനമായ വിധത്തിലേക്ക് മാറുന്നത്. രണ്ടു മാസത്തെ യുകെ സന്ദർശനത്തിന് ശേഷം മടക്ക യാത്രയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി എയർപോർട്ടിൽ എത്തുന്നത്.
രണ്ടാം ടെസ്റ്റിന് അനുമതിയില്ല, സർക്കാർ താമസ സൗകര്യം ചേരിക്ക് തുല്യം
മകൾ പോസിറ്റീവും കൂടെ യാത്ര ചെയ്ത മാതാപിതാക്കൾ നെഗറ്റീവും ആയ സാഹചര്യത്തിൽ സംശയ നിവാരണത്തിന് രണ്ടാമത് ഒരു ടെസ്റ്റ് കൂടി നടത്തണമെന്ന ജോർജ്ജ് പുല്ലാറ്റിന്റെ ആവശ്യം കയ്യോടെ ജീവനക്കാർ നിരസിക്കുക ആയിരുന്നു. നിയമം ഇതിനു അനുമതി നൽകുന്നില്ല എന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഇതോടെ സർക്കാർ ക്വാറന്റൈൻ സംവിധാനത്തിലേക്ക് മാറണമെന്ന് തീരുമാനമായി. പക്ഷെ ചേരിയേക്കാൾ വൃത്തിഹീനമായ താമസ സ്ഥലത്തു ഒരു മിനിറ്റ് പോലും കഴിയാൻ സാധിക്കാതെ ജോർജ്ജും കുടുംബവും തിരികെ ഹോട്ടലിലേക്ക് മടങ്ങുക ആയിരുന്നു.
ദിവസ വാടക പതിനായിരം രൂപ വരുന്ന നാലു നില ഹോട്ടലിലാണ് ഈ കുടുംബം കഴിയുന്നത്. യുവതിക്ക് പരസഹായമില്ലാതെ സ്വന്തമായി ഒരു കാര്യവും ചെയ്യാനാകില്ല എന്ന മാതാപിതാക്കളുടെ വാദങ്ങൾ ഒന്നും ഹോട്ടലുകാർ കേൾക്കാൻ തയ്യാറല്ല എന്നാണ് പരാതി. ഒരു കുടുംബത്തിൽ ഉള്ളവരെ എന്തുകൊണ്ട് ഒന്നിച്ചു പാർപ്പിക്കാൻ തയ്യാറില്ല എന്ന ചോദ്യത്തിനും സർക്കാർ പറയുന്നത് തങ്ങൾ അനുസരിക്കുന്നു എന്നാണ് ഹോട്ടലുകാർ പറയുന്നത്. എന്നാൽ ഇത് ഹോട്ടലുകാരും രാഷ്ട്രീയക്കാരും ഒക്കെ ഉൾപ്പെട്ട ഒരു ലോബിയാകണം ഇത്തരം സമ്മർദ്ദങ്ങൾക്ക് പിന്നിലെന്നാണ് ഇപ്പോൾ ഈ കുടുംബം കരുതുന്നത്. നാലു നിലയുള്ള ഹോട്ടലിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ഇത്തരത്തിൽ കഴിയുന്നത്. ഡൽഹിയിലെ വലിപ്പമേറിയ പ്രധാന ഹോട്ടലുകളിൽ എല്ലാം സ്ഥിതി ഇതുതന്നെ.
ഒരു സഹായവും എവിടെ നിന്നും എത്തിയില്ല ''
മുൻ സൈനിക, കസ്റ്റംസ് ജീവനക്കാരനും എഴുത്തുകാരനും അദ്ധ്യാപകനും ഒക്കെയായ ജോർജ്ജ് പുല്ലാറ്റിനു ഡൽഹിയിലും കേരളത്തിലും ഒക്കെ അനവധി പേരുമായി പരിചയമുള്ള വ്യക്തിയാണ്. എന്നാൽ ഒരു അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ ആരിൽ നിന്നും സഹായം എത്തിയില്ല എന്നാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പങ്കിട്ട പ്രധാന വിഷമം. ഒരിക്കൽ പോസിറ്റീവായ വ്യക്തിക്കു രണ്ടാമതൊരു ടെസ്റ്റ് നടത്താൻ എന്താണ് പ്രയാസം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മാത്രം ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. പരിചയക്കാരായ രാഷ്ട്രീയക്കാരെയൊക്കെ വിളിച്ചു നോക്കിയെങ്കിലും ഒരു പ്രതീക്ഷ പോലും നൽകാൻ ആരും തയ്യാറായില്ല.
മുൻ സൈനികനായിട്ടും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ എന്നാണ് ജോർജ്ജ് ഇപ്പോൾ ചോദിക്കുന്നത്. വൃദ്ധരായ മാതാപിതാക്കളും ഭിന്നശേഷിക്കാരിയായ മകളും എന്ന മാനുഷിക പരിഗണന പോലും നൽകാൻ തയ്യാറാകാത്ത അധികൃതരുടെ ക്രൂരതയാണ് സംഭവം സോഷ്യൽ മീഡിയയിൽ ജോർജ്ജ് പുല്ലാട്ട് തന്നെ വ്യക്തമാക്കിയതോടെ ഏവരും ചോദ്യം ചെയ്യുന്നതും. മുൻ കേന്ദ്ര മന്ത്രിയടക്കം ഉള്ളവരെ അദ്ദേഹം ബന്ധപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. വഴിവിട്ട സഹായമൊന്നും വേണ്ട മാനുഷിക പരിഗണന നൽകിയാൽ മാത്രം മതിയെന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ ആരും തയ്യാറായില്ല എന്നതാണ് ഈ കുടുംബത്തെ കൂടുതൽ വിഷമിപ്പിക്കുന്നത്.
ഡൽഹി എയർപോർട്ട് യുകെ മലയാളികൾക്ക് പേടിസ്വപ്നമാകുമ്പോൾ
ഇതാദ്യമല്ല ഡൽഹിയിൽ നിന്നും യുകെ മലയാളികളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ എത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തു നാട്ടിലേക്കു പുറപ്പെട്ട നൂറിലേറെ കുടുംബങ്ങൾ എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിക്കേണ്ടി വന്നത് വാർത്ത ചാനലുകൾ ലൈവ് കാണിക്കാൻ തയ്യാറായതോടെയാണ് അധികൃതർ കരുണ കാണിക്കാൻ തയ്യാറായത്. രണ്ടു പകലും രാത്രിയും നീണ്ട ദുരിതയാത്രയാണ് കഴിഞ്ഞ വർഷം ജനുവരി ഒൻപതിന് ഡൽഹി എയർപോർട്ടിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യേണ്ടി വന്ന യുകെ മലയാളികൾക്ക് നേരിടേണ്ടി വന്നതും.
അന്നും കോവിഡ് പ്രോട്ടോകോൾ തന്നെയാണ് വിഷയമായി മാറിയത്. അമ്മയുടെ അന്ത്യകർമ്മങ്ങൾക്കു വേണ്ടി പുറപ്പെട്ട കാർഡിഫ് മലയാളിയായ യാത്രക്കാരൻ അടക്കം കരഞ്ഞു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ എയർപോർട്ട് സുരക്ഷാ ജീവനക്കാർ അന്ന് തയ്യാറായിരുന്നില്ല. തുടർന്ന് ഡൽഹിയിലും കേരളത്തിലും നിന്നും ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായപ്പോൾ മാത്രമാണ് എയർപോർട്ട് അധികൃതർ മനുഷ്യത്വം കാട്ടാൻ തയ്യാറായത്.
അന്ന് നൂറോളം യാത്രക്കാർ ഉണ്ടായതു കൊണ്ട് മാത്രമാണ് വേഗത്തിൽ സഹായം എത്തിയതും. ഇപ്പോൾ ജോർജ് പുല്ലാട്ടും കുടുംബവും നേരിട്ടത് പോലെ ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആർക്കും ഒരു സഹായവും എവിടെ നിന്നും എത്തില്ല എന്നതും വ്യക്തമാകുകയാണ്. ഈ സാഹചര്യത്തിൽ കഴിവതും ട്രാൻസിറ്റ് വിമാനത്താവളങ്ങൾ ഒഴിവാക്കി ലണ്ടൻ - കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയാകും ഇത്തരം പ്രശനങ്ങൾ ഒഴിവാക്കാൻ നല്ലതെന്നാണ് വ്യക്തമാകുന്നത്. ചുരുങ്ങിയ പക്ഷം ഏതെങ്കിലും വിധത്തിൽ ഉള്ള സഹായത്തിൽ ഒരു പ്രതീക്ഷ എങ്കിലും യാത്രക്കാർക്കൊപ്പം ഉണ്ടാകും. പക്ഷെ ആഴ്ചയിൽ മൂന്നു സർവീസ് നടത്തിയിട്ടും നിറഞ്ഞു കവിഞ്ഞു പറക്കുന്ന ലണ്ടൻ - കൊച്ചി എയർ ഇന്ത്യ സർവീസിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസം നേരിടുന്നതോടെയാണ് മിക്കവരും മറ്റു റൂട്ടുകൾ ആശ്രയിക്കാൻ നിർബന്ധിതരാകുന്നതും.
മറുനാടന് മലയാളി ബ്യൂറോ