ന്യൂഡൽഹി: എട്ട് മാസത്തെ അനിശ്ചിതങ്ങൾക്ക് വിരാമമിട്ട് ഡൽഹിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങി. ഡൽഹി നിയമസഭ പിരിച്ചുവിടാനുള്ള ലഫ്റ്റനന്റ് ഗവർണ്ണർ നജീബ് ജുങ്ങിന്റെ ശുപാർ കേന്ദ്ര മന്ത്രസഭാ യോഗം അംഗീകരിച്ചു. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും സർക്കാർ രൂപീകരണത്തിന് തയ്യാറാവാത്ത സാഹചര്യത്തിലാണ് നിയമസഭ പിരിച്ചുവിടുന്നത്.

സർക്കാർ രൂപീകരണത്തിന് ഒരു രാഷ്ട്രീയ കക്ഷിയും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ഡൽഹിയിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത്. ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബിജെപിക്ക് പുറമേ എഎപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളും ഗവർണറെ നിലപാട് അറിയിച്ചിരുന്നു. എട്ടുമാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഉടൻ അവസാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശമനുസരിച്ചാണ് ഗവർണർ പാർട്ടികളുടെ അഭിപ്രായം തേടിയത്. അതിന് ശേഷം നിയമസഭാ പിരിച്ചുവിടണമെന്ന ശുപാർശയും നൽകി.

ഈ ശുപാർശ ഗവർണ്ണറാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടത്. കേന്ദ്രമന്ത്രിസഭയുടെ അഭിപ്രായം പരിഗണിച്ച് രാഷ്ട്രപതി ഡൽഹി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം ഇറക്കും. ഈ നടപടി ക്രമം പൂർത്തിയാകുന്നതോടെ ഡൽഹിയിൽ തെരഞ്ഞെടുപ്പിന് നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങും.

ഡൽഹിയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കൾക്ക് താൽപര്യം. ഇതോടെയാണ് ആംആദ്മി പാർട്ടിയിലെ വിമതരെ ഒപ്പം കൂട്ടി മന്ത്രിസഭാ രൂപീകരണമെന്ന ആശയം ബിജെപി ഉപേക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി എല്ലാ സീറ്റും സ്വന്തമാക്കി. മഹാരാഷ്ട്ര, ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മുൻതൂക്കവും ബിജെപി ഡൽഹിയിൽ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

പുതിയ സാഹചര്യത്തിൽ നുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന. ഡൽഹിയിൽ ഒഴിവുവന്ന മൂന്നു സീറ്റുകളിലേക്ക് നവംബർ 25ന് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിലുണ്ട്. ഇതു റദ്ദാകും. ജമ്മു-കാശ്മീർ, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തീയതി പ്രഖ്യാപിച്ച് അതിന്റെ തിരക്കുകളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നീങ്ങിക്കഴിഞ്ഞു. നിയമസഭ പിരിച്ച് വിട്ട് കഴിഞ്ഞാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയാകും. ഈ സാഹചര്യത്തിൽ ഫെബ്രുവരിക്ക് മുൻപ് തെരഞ്ഞെടുപ്പിനുള്ള സാധ്യത വിരളമാണ്. ഇതിനൊപ്പം, ഡൽഹിയിൽ പുതിയ വോട്ടർപട്ടിക ജനുവരിയിൽ പുറത്തുവരാനിരിക്കേ അതിനു ശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിക്ക് താൽപര്യം.

കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജിവച്ചത്. ജൻലോക്പാൽ ബിൽ പാസാക്കാൻ കഴിയാതെ വന്നതിനെ തുടർന്നായിരുന്നു രാജി. തുടർന്ന് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അതിന് ശേഷം ഉചിതമായ തീരുമാനമൊന്നും ആരും എടുത്തില്ല. തുടർന്ന് ഡൽഹിയിൽ സർക്കാർ രൂപീകരണം വൈകുന്നതിൽ കേന്ദ്ര സർക്കാറിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് ആംആദ്മി പാർട്ടിയും ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നതായിരുന്നു ആംആദ്മിയുടെ ആവശ്യം.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 31 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 28 സീറ്റുള്ള ആംആദ്മി പാർട്ടി അവരുടെ കന്നി തെരഞ്ഞെടുപ്പ ്അരങ്ങേറ്റത്തിൽ 28 സീറ്റും നേടി. പത്തു കൊല്ലം ഡൽഹി ഭരിച്ച കോൺഗ്രസിന് എട്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. 70 സീറ്റുള്ള നിയമസഭയിൽ കോൺഗ്രസിന്റെ പിന്തുണയോടെ 36 സീറ്റെന്ന കേവല ഭൂരിപക്ഷ മാർക്ക് ആംആദ്മി മറികടന്നു. കെജ്രിവാൾ മുഖ്യമന്ത്രിയുമായി. എന്നാൽ ഈ കൂട്ട് കെട്ട് വേഗത്തിൽ തകർന്നതോടെ ഡൽഹിയിൽ രാഷ്ട്രീയ അനിശ്ചിതത്വവുമായി.