മുംബൈ: ജസ്പ്രീത് ബുംറയും ഡാനിയൽ സാംസും തല്ലുവാങ്ങിക്കൂട്ടിയതോടെ ജയിക്കാമായിരുന്ന മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിനാണ് ഡൽഹി കാപിറ്റൽസ് കീഴടക്കിയത്. പത്ത് ഓവറിൽ അഞ്ച് വിക്കറ്റിന് 72 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ശേഷമാണ് ഡൽഹി പൊരുതി ജയം നേടിയത്. മറുപടി ബാറ്റിങ്ങിൽ ഡൽഹി 10 പന്തും നാലു വിക്കറ്റും ബാക്കിയാക്കി ജയത്തിലെത്തി.

ബ്രാബോൺ സ്റ്റേഡിയത്തിൽ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താവാതെ നിന്ന ലളിത് യാദവ് (48), അക്സർ പട്ടേൽ (38) എന്നിവരാണ് ഡൽഹിയെ വിജയിപ്പിച്ചത്.

ഡാനിയൽ സാംസ് എറിഞ്ഞ പതിനെട്ടാം ഓവറാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്. സാംസിന്റെ ആദ്യ പന്ത് അക്സർ സിക്സർ പായിച്ചു. പിന്നാലെ സിംഗിൾ. അടുത്ത രണ്ട് പന്തിൽ സിക്സും ഒരു ഫോറും. അഞ്ചാം പന്തിൽ വീണ്ടും സിംഗിൾ. അവസാന പന്തിൽ അക്സറിന്റെ വക മറ്റൊരു സിക്സ് കൂടി. മത്സരം ഡൽഹിയുടെ കയ്യിൽ. 
ഡാനിയേൽ സാംസിന്റെ ഈ ഓവറിൽ 24 റൺസാണ് അക്സർ- ലളിത് സഖ്യം അടിച്ചെടുത്തത്.

മൂന്ന് വിക്കറ്റ് നേടിയ ബേസിൽ തമ്പി മുംബൈക്കായി തിളങ്ങി. മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, 48 പന്തിൽ പുറത്താവാതെ 81 റൺസ് നേടിയ ഇഷാൻ കിഷനാണ് മുൻ ചാംപ്യന്മായ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (41) മികച്ച പ്രകടനം പുറത്തെടുത്തു. കുൽദീപ് യാദവ് ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഡൽഹിയുടെ സ്‌കോർബോർഡിൽ 30 റൺസുള്ളപ്പോഴാണ് ന്യൂസിലൻഡ് താരം സീഫെർട്ട് മടങ്ങുന്നത്. അശ്വിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. തൊട്ടടുത്ത പന്തിൽ മൻദീപും മടങ്ങി. ദുർബലമായ ഷോട്ടിലാണ് മൻദീപ് (0) പവലിയനിൽ തിരിച്ചെത്തുന്നത്. ഒരു ഫുൾടോസ് പന്തിൽ മിഡ് ഓഫിൽ തിലക് വർമയ്ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ക്യാപ്റ്റൻ റിഷഭ് പന്തും പവലിനയിൽ തിരിച്ചെത്തി. ഓഫ്സ്റ്റംപിന് പുറത്തുവന്ന മിൽസിന്റെ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ് മാനിൽ ടിം ഡേവിഡിന് ക്യാച്ച്.

പിന്നീട് ഡൽഹിയുടെ മധ്യനിര ബേസിൽ തകർത്തു. കൂടാതെ ഓപ്പണർ പൃഥ്വിയേയും ബേസിൽ കൂടാരം കയറ്റി. പൃഥ്വിയെയാണ് (38) ബേസിൽ ആദ്യം മടക്കിയത്. ബേസിലിന്റെ പന്ത് പുൾ ചെയ്യാനുള്ള ശ്രമത്തിൽ ഇശാൻ കിഷന് ക്യാച്ച് നൽകിയാണ് ഡൽഹിയുടെ ടോപ് സ്‌കോറർ മടങ്ങുന്നത്. രണ്ട് പന്തുകൾക്ക് ശേഷം അപകടകാരിയായ റോവ്മാൻ പവലിനേയും (0) മടക്കിയയച്ചു. ഇത്തവണ ഡാനിയേൽ സാംസിന് ക്യാച്ച്. പുൾ ഷോട്ടിലാണ് പവലും മടങ്ങുന്നത്. ഠാക്കൂറിനെ (22) ബേസിൽ രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഇതോടെ 13.2 ഓവറിൽ ആറിന് 104 എന്ന നിലയിലായി ഡൽഹി. എന്നാൽ ശരിക്കുമുള്ള കളി വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ക്രീസിൽ ഒത്തുചേർന്ന ലളിത്- അക്സർ സഖ്യം 75 റൺസ് സഖ്യം കൂട്ടിച്ചേർത്തു. കൂടെ വിജയവും.

തുടർച്ചയായ പത്താം ഐപിഎൽ സീസണിലും മുംബൈ ഇന്ത്യൻസ് തോറ്റുകൊണ്ട് തുടങ്ങി. വിജയമുറപ്പിച്ച ഘട്ടത്തിൽനിന്നും അയഞ്ഞ ബോളിങ്ങിലൂടെ മത്സരം കൈവിട്ട മുംബൈ, നാലു വിക്കറ്റിനാണ് ഡൽഹിയോടു തോറ്റത്.

രണ്ടു വിദേശി താരങ്ങളെ മാത്രം ഉൾപ്പെടുത്തി കളിച്ചാണ് ഡൽഹി മുംബൈയെ വീഴ്‌ത്തിയതെന്നതും ശ്രദ്ധേയം. ഐപിഎൽ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഒരു ടീം രണ്ടു വിദേശ താരങ്ങളുമായി കളിക്കുന്നത്. അതേസമയം, 2012ലാണ് ഏറ്റവും ഒടുവിൽ മുംബൈ സീസണിലെ ആദ്യ മത്സരം ജയിച്ചത്.

ഓപ്പണർ വേഷത്തിൽ ഒരിക്കൽക്കൂടി മിന്നിത്തിളങ്ങിയ ഇഷാൻ കിഷന്റെ മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ 178 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ 81 റൺസുമായി പുറത്താകാതെ നിന്നു. 48 പന്തിൽ 11 ഫോറും രണ്ടു സിക്‌സും സഹിതമാണ് കിഷൻ 81 റൺസെടുത്തത്.

ഡൽഹി നിരയിൽ ഐപിഎൽ വേദിയിലേക്കുള്ള കുൽദീപ് യാദവിന്റെ ശക്തമായ തിരിച്ചുവരവും ശ്രദ്ധേയമായി. മുംബൈ ബാറ്റർമാർ തകർത്തടിച്ച മത്സരത്തിൽ കുൽദീപ് യാദവ് നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ, കയ്‌റൻ പൊള്ളാർഡ് എന്നിവർക്കൊപ്പം യുവതാരം അന്മോൽപ്രീത് സിങ്ങും കുൽദീപിനു മുന്നിൽ കീഴടങ്ങി.

മുംബൈയ്ക്കായി രോഹിത് ശർമ 41 റൺസെടുത്തു. 32 പന്തുകൾ നേരിട്ട രോഹിത് നാലു ഫോറും രണ്ടു സിക്‌സും സഹിതമാണ് 41 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ഇഷാൻ സഖ്യം 50 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ വൺഡൗണായി എത്തിയ അന്മോൽപ്രീത് സിങ് ഒൻപതു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി.

15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്ത യുവതാരം തിലക് വർമയുടെ പ്രകടനം ശ്രദ്ധേയമായി. കുറച്ചുനേരം മാത്രമേ ക്രീസിൽ നിന്നുള്ളുവെങ്കിലും ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ചാണ് തിലക് വർമ തിരികെ കയറിയത്. ശ്രദ്ധയോടെ തുടക്കമിട്ട കയ്‌റൻ പൊള്ളാർഡ് ടിം സീഫർട്ടിന്റെ ഉജ്വല ക്യാച്ചിൽ പുറത്തായി. ആറു പന്തിൽ മൂന്നു റൺസായിരുന്നു സംഭവം.

കോടികളുടെ കിലുക്കവുമായി ഇത്തവണ ഐപിഎലിനെത്തിയ സിംഗപ്പുർ താരം ടിം ഡേവിഡ് ഒരു സിക്‌സർ നേടിയെങ്കിലും എട്ടു പന്തിൽ 12 റൺസെടുത്ത് പുറത്തായി. ഖലീൽ അഹമ്മദിന്റെ പന്തിൽ മൻദീപ് സിങ് ക്യാച്ചെടുത്തു. ഡാനിയൽ സാംസ് രണ്ടു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്കായി കുൽദീപ് യാദവിനു പുറമേ നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഖലീൽ അഹമ്മദും തിളങ്ങി.