ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡൽഹിയിലുണ്ടായ സംഘർഷത്തിൽ ഒൻപത് കർഷക നേതാക്കൾക്ക് എതിരെ കേസെടുത്തെന്ന് റിപ്പോർട്ട്. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ദർശൻ പാൽ, രാകേഷ് തികായത് എന്നിവരടക്കമുള്ള നേതാക്കൾക്ക് എതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തത്.

ട്രാക്ടർ റാലിക്ക് അനുമതി നേടിയെടുക്കാൻ ഡൽഹി പൊലീസുമായി ചർച്ച നടത്തിയ നേതാക്കളാണ് ഇവർ. സംഘർഷമുണ്ടായത് ഇവർ കൂടി അറിഞ്ഞിട്ടാണെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ട് 23 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ചെങ്കോട്ടയിൽ പതാക ഉയർത്തിയാളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. പഞ്ചാബിലെ തരൻ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയർത്തിയതെന്നു ഡൽഹി പൊലീസ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്കു വഴി മാറിയതിനു പിന്നിൽ പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുവിന്റെയും ഡൽഹി പൊലീസിന്റെയും ഇടപെടലുകളാണെന്ന വാദം ഉയർത്തി കർഷകർ രംഗത്തു വന്നതിനു പിന്നാലെയാണ് കർഷക സംഘടനകളെ പ്രതിരോധത്തിലാക്കി ഡൽഹി പൊലീസിന്റെ വെളിപ്പെടുത്തൽ. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ചെങ്കോട്ടയിലെ അതിക്രമത്തിന് നേതൃത്വം നൽകിയവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞ ദീപ് സിദ്ദുവിനായും പൊലീസ് തിരച്ചിൽ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കർഷകർ ഇരച്ചുകയറുന്നതിന്റെ ലൈവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡൽഹിയിലെ ട്രാക്ടർ റാലി സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകനെയും കേസിൽ പ്രതിചേർത്തിരുന്നു. പൊലീസിനു നേരെ വാൾ വീശിയ നിഹാങ്ക് സിഖുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയ്ക്ക് ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ലഖ സിദാനയുമായി ദീപ് സിദ്ധു അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന റിപ്പോർട്ടുകളോട് ഡൽഹി പൊലീസ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാൻ ദീപ് സിദ്ധുവും ലഖ സിദാനയും ശ്രമിച്ചതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആരോപണം