- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിൽ; ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: കോവിഡ് കാലത്ത് ഡൽഹിയിലെ ജനങ്ങൾക്ക് കൃത്യമായി ഓക്സിജൻ ലഭ്യമാക്കാത്ത സർക്കാറാണ് വാതിൽപ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയെ എതിർക്കുന്നത് എന്തുകൊണ്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിശദീകരിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' കേന്ദ്ര സർക്കാറിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. രാജ്യത്തെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പാക്കിയിട്ടുണ്ട്. സബ്സിഡി നൽകി റേഷൻ ഷോപ്പുകളിലൂടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായി കേന്ദ്രസർക്കാർ പ്രതിവർഷം രണ്ട് ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രധാന മന്ത്രി ഗരിബ് കല്യാൺ അന്ന യോജനക്ക് കീഴിൽ പാവപ്പെട്ടവർക്കെല്ലാം സൗജന്യ റേഷനാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാതിൽപ്പടി റേഷൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് രവിശങ്കർ പ്രസാദിന്റെ വിമർശനം.
രാജ്യത്തെ 34 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഡൽഹി, പശ്ചിമ ബംഗാൾ, അസം എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് പദ്ധതി നടപ്പാക്കാത്തത്. ഡൽഹിയിൽ ഇതു നടപ്പാക്കാത്തതിന്റെ കാരണം കെജ്രിവാൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാതിൽപ്പടി റേഷൻ പദ്ധതി റേഷൻ മാഫിയയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് നേരത്തെ കെജ്രിവാൾ വ്യക്തമാക്കിയിരുന്നത്. 70 ലക്ഷം ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതിക്ക് രാജ്യതാത്പര്യം കണക്കിലെടുത്ത് അനുമതി നൽകണമെന്നും കെജ്രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു
പിസയും, ബർഗറും, സ്മാർട്ട്ഫോണുകളും മറ്റും ഹോം ഡെലിവറി ആയി വീട്ടിൽ എത്തിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് റേഷൻ ഉടമകളുടെ വീട്ടിൽ എത്തിക്കാൻ കഴിയില്ലെന്ന് കെജ്രിവാൾ ചോദിച്ചിരുന്നു. റേഷൻ ഷാപ്പുകളിലേക്ക് ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് കാലത്ത് അപകടമാണ്. റേഷൻ കടകൾ സൂപ്പർ സ്പ്രെഡുകളായി മാറുമെന്നും കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു.
അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. മഹാമാരിയുടെ അവസ്ഥയിൽ കടയിൽ പോയി റേഷൻ വാങ്ങാൻ മടിക്കുന്നവർക്ക് ഇത് സഹായമാകുന്ന പദ്ധതിയാണിതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.