ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്വാമിയുടേത് രാഷ്ട്രീയ താൽപര്യ ഹർജിയാണെന്ന രൂക്ഷ വിമർശനത്തോടെയാണ് തള്ളിയത്.

പൊതുതാൽപര്യ ഹർജിയുടെ രൂപത്തിലുള്ള ഹർജി രാഷ്ട്രീയ പ്രേരിതമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അവ്യക്തമായ വിവരങ്ങളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിലല്ലെന്ന് സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ സത്യാവാങ്മൂലം സമർപ്പിക്കുന്നത് വൈകിപ്പിച്ചതിലൂടെ അത് ശരിയല്ലെന്നാണ് തെളിയുന്നത്. നിയമവ്യവഹാരങ്ങൾ രാഷ്ട്രീയക്കാരുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടുന്നതിനല്ലെന്ന് വ്യക്തമാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. രാഷ്ട്രീയ പ്രവർത്തകർ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യരുതെന്നല്ല, എന്നാൽ അത് മറ്റൊരു രാഷ്ട്രീയക്കാരനു നേരെയാകുമ്പാൾ അതിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

സുനന്ദ പുഷ്‌കർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയയോഗിക്കണം, സംഘത്തിന്റെ പ്രവർത്തനം കോടതിയുടെ നിരീക്ഷണത്തിലാകണം, അന്വേഷണ സംഘത്തിനു സിബിഐ നേതൃത്വം നൽകണം എന്നിവയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യങ്ങൾ.ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നീതിനിർവഹണം വൈകുന്നുവെന്നതിനു തെളിവാണ് സുനന്ദ കേസെന്നും പണവും സ്വാധീനവുമുള്ളവർക്കു അന്വേഷണം വഴിതിരിച്ചുവിടാൻ സാധിക്കുമെന്ന് ഇതു വ്യക്തമാക്കുന്നതായും ഹർജിയിൽ സ്വാമി ആരോപിച്ചിരുന്നു.

ഒരു കോൺഗ്രസ് നേതാവ് അന്വേഷണത്തിൽ ഇടപെട്ടുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ഡൽഹി പൊലീസും കേന്ദ്ര സർക്കാരും കോടതിയിൽ വ്യക്തമാക്കി.