ന്യൂഡൽഹി: എയർ ഇന്ത്യ ഡൽഹി-കൊച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന എഐസി 477 നമ്പർ എയർ ബസ് എ 320 'കാണാതായി'. എന്നാൽ സംഭവം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ഈ രഹസ്യം ആരും അറിഞ്ഞിട്ടില്ല. എയർ ഇന്ത്യയുടെ ഭാഷയിൽ ഈ വിമാനം റദ്ദായി എന്ന് പറഞ്ഞാൽ കാര്യം കഴിഞ്ഞു. അതേസമയം വിവിധ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന ഈ വിമാനം സർവീസ് നിർത്തിയിട്ട് സംസ്ഥാന സർക്കാരോ നോർക പോലുള്ള ഏജൻസികളോ അറിഞ്ഞില്ല. പ്രവാസി ക്ഷേമത്തിൽ അതീവ തൽപ്പരർ എന്ന് നടക്കുന്ന കേരളത്തിലെ എംപിമാർ പോലും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് ഏറ്റവും രസകരം.

കയ്യൂക്കുള്ളവർ കാര്യക്കാർ എന്ന് പറയും പോലെ കേരളത്തിലേക്കുള്ള വിമാനം പഞ്ചാബുകാർ റാഞ്ചിയെന്നാണ് അറിയുന്നത്. അടുത്തിടെയാണ് ഡൽഹി-അമൃത്‌സർ സർവീസിനായി കൊച്ചി വിമാനം പിൻവലിച്ചതെന്നാണ് സൂചന. അമൃത്‌സറിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ ലോബി ശക്തമായി രംഗത്തുണ്ടായിരുന്നു. ബ്രിട്ടനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾ കേരളത്തിലെത്താനുള്ള കണക്ട് ഫ്‌ളൈറ്റായി കണ്ടിയരുന്നത് ഈ വിമാനത്തെയായിരുന്നു. ഇത് പ്രതീക്ഷിച്ച് നിരവധി പേർ ടിക്കറ്റെടുക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 വരെ സർവീസ് നടത്തിയ ഈ വിമാനം പ്രത്യേക അറിയിപ്പ് കൂടാതെ എയർ ഇന്ത്യ നിർത്തലാക്കിയതു കൊച്ചി യാത്രക്കാരോട് എക്കാലവും കാട്ടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യപത്രമായി മാറുകയാണ്. ലണ്ടനിലെ ബർമിങ്ഹാമിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന വിമാനം പഞ്ചാബിലേക്ക് നേരിട്ടെത്തിക്കാൻ പഞ്ചാബ് ലോബി ശ്രമിച്ചിരുന്നു. എന്നാൽ, ഇതിന് സാധിച്ചില്ല. തുടർന്നാണ് ഡൽഹി - കൊച്ചി ഫ്‌ളൈറ്റ് പഞ്ചാബുകാർ കൊണ്ടുപോയത്.

കുറഞ്ഞ സമയത്തെ കാത്തിരിപ്പു മതിയായിരുന്നു എന്നതിനാൽ യൂറോപ്പ്യൻ രാജ്യങ്ങളിലുള്ള പ്രവാസികൾ ഈ വിമാനത്തെ ഏറെ ആശ്രിയിച്ചിരുന്നനു. ലണ്ടൻ മലയാളികലെ സംബന്ധിച്ചിടത്തോടെ ബർമിങ്ഹാമിൽ നിന്നുള്ള രണ്ടാമത്തെ സർവീസിനു കണക്ഷൻ കിട്ടാൻ 8 മണിക്കൂറോളം കാത്തിരിക്കേണ്ട സാഹചര്യത്തിൽ ബഹുഭൂരിപക്ഷം പേരും വെറും 3 മണിക്കൂർ മാത്രം കാത്തിരിപ്പ് ആവശ്യമായ ഡൽഹി-കൊച്ചി 477 വിമാനത്തെയാണ് ആശ്രയിച്ചിരുന്നത്. പ്രത്യേകിച്ച് കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ സർവീസ്.

മുൻകൂട്ടി അറിയിക്കാതെയാണ് വിമാനം റദ്ദുചെയ്തതെന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ബ്രിട്ടനിലെ ബർമിങ്ഹാമിലെ മലയാളിയായ കൃഷ്ണകുമാർ ഇത്തരത്തിൽ എയർ ഇന്ത്യയുടെ ചതിക്ക് ഇരയായി. അദേഹവും ഭാര്യയും ഈ വെള്ളിയാഴ്ച യാത്ര ചെയ്യാൻ ആണ് ടികറ്റ് എടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എയർ ഇന്ത്യയിൽ നിന്നും കണക്ഷൻ ഫ്‌ലൈറ്റ് റദ്ദാക്കിയ വിവരം അറിയിക്കുക ആയിരുന്നു. അടുത്ത ഫ്‌ലൈറ്റിൽ യാത്ര ചെയ്യാം എന്ന ഔദാര്യം അല്ലാതെ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലെന്ന നിലപാടാണ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃഷ്ണകുമാറിനു ലഭിച്ചത്. എന്നാൽ ടികറ്റ് ക്യാൻസൽ ചെയ്യാനും എയർ ഇന്ത്യ അനുവദിക്കുന്നില്ല എന്ന ഇരട്ട താപ്പും ഇക്കാര്യത്തിൽ യാത്രക്കാരോട് കാട്ടാൻ മടിക്കുന്നില്ല. തങ്ങളുടെതല്ലാത്ത കാരണത്താൽ ഉണ്ടായ യാത്ര ബുദ്ധിമുട്ടിന് യാത്രക്കാർ തന്നെ പരിഹാരം കണ്ടെത്തേണ്ട നിലയിലാണ് കാര്യങ്ങൾ. രണ്ടും കല്പിച്ചു ടികറ്റ് ക്യാൻസൽ ചെയ്താൽ വൻതുകയുടെ നഷ്ട്ടം യാത്രക്കാർ സഹിക്കണം. മാത്രമല്ല ഇപ്പോൾ സൗകര്യപ്രദമായ ടികറ്റ് തേടി എമിറേറ്റ്‌സിനെ സമീപിച്ചാൽ ഇരട്ടി തുകയോളം നല്‌കെണ്ടിയും വരും. എന്നാൽ ജനുവരിയിൽ ഈ ടികറ്റ് ബുക്ക് ചെയ്യുമ്പോൾ രണ്ടു സർവീസുകളും തമ്മിൽ വൻതുകയുടെ അന്തരം ഇല്ലായിരുന്നു എന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ എക്കാലവും ലോബിയിങ്ങിനു വഴങ്ങുന്ന എയർ ഇന്ത്യയുടെ നീക്കത്തിൽ ഏറെ സംശയങ്ങളും ഉയരുന്നുണ്ട്. അടുത്ത മാസം മുതൽ എമിറേറ്റ്‌സ് കൊച്ചിയിലേക്ക് മൂന്നാമത്തെ സർവീസ് ആരംഭിക്കാൻ ഇരിക്കെ മലയാളി യാത്രക്കാരെ പരമാവധി വലയ്ക്കുന്ന തരത്തിൽ എയർ ഇന്ത്യ സ്വീകരിച്ച നീക്കം സംശയാസ്പദമാണ്. എമിറേറ്റ്‌സ് യാത്രക്കാർ കൂട്ടത്തോടെ എയർ ഇന്ത്യയെ ആശ്രയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങവെയാണ് ഡൽഹിയിൽ നിന്നും തല തിരിഞ്ഞ തീരുമാനം ഉണ്ടായിരിക്കുന്നത്. ഡൽഹി- കൊച്ചി 477 വിമാനത്തിന്റെ അപ്രത്യക്ഷമാകൽ സംഭവിച്ചതോടെ കൂടുതൽ മലയാളി യാത്രക്കാർ സ്വാഭാവികമായും എമിറേറ്റ്‌സ് തിരഞ്ഞെടുക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നെന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ ഇക്കഴിഞ ജനുവരിയിൽ ഡൽഹി - കൊച്ചി 477 വിമാനത്തിനായി ടികറ്റ് ബുക്ക് ചെയ്ത നൂറു കണക്കിന് യാത്രക്കാരോട് തികച്ചും കൈകഴുകുന്ന സമീപനമാണ് എയർ ഇന്ത്യ സ്വീകരിക്കുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങളിൽ യാത്രക്കാർക്കായി രംഗത്ത് വരേണ്ട സംസ്ഥാന സർക്കാരോ എം പി മാരോ ഇക്കാര്യങ്ങൾ ഒന്നും അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.