ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടപിരിച്ചു വിടലിനെതിരെ സമരം നടത്തിയ മുന്നൂറോളം നഴ്‌സുമാരെ പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞു വെച്ചു. ആരോഗ്യ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തിയ നഴ്‌സുമാരെയാണ് പൊലീസുകാർ തടയുകയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തത്. ഏഴുമണിക്കൂറിലേറെ ഇവരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു.

ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനധികൃത പിരിച്ചുവിടലിനെതിരെ സമരംചെയ്ത നേഴ്‌സുമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പകൽ ഒന്നോടെ ആരോഗ്യമന്ത്രാലയത്തിനുമുന്നിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താതെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാത്രി എട്ടുവരെ തടഞ്ഞുവെച്ചത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. അറസ്റ്റ് രേഖപ്പെടുത്താതെ മണിക്കൂറുകളോളം തടഞ്ഞു വെയ്ക്കുകയായിരുന്നു.

ലേഡി ഹാർഡിങ് ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ 36 നേഴ്‌സുമാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം നടത്തിയത്. മണിക്കൂറുകളോളം പൊലീസ് സ്‌റ്റേഷനിൽ നിർത്തിയിട്ടും ഇവർക്ക് വെള്ളമോ ഭക്ഷണമോ നൽകിയില്ല. മൂന്ന് ആശുപത്രികളിൽനിന്നായി എണ്ണൂറിലേറെ നേഴ്‌സുമാരാണ് ആരോഗ്യമന്ത്രാലയത്തിലേക്ക് മാർച്ച് നടത്തിയത്. ഇവരിൽ 30 മലയാളികൾ ഉൾപ്പെടെ 300 നേഴ്‌സുമാരെയാണ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചത്.

36 നേഴ്‌സുമാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ അനധികൃതമായി പിരിച്ചുവിട്ടതിനെതിരെ ഇവിടെ നഴ്‌സുമാർ ഒരുമാസമായി സമരത്തിലാണ്. കഴിഞ്ഞ പത്തുദിവസമായി നിരാഹാരസമരവും നഴ്‌സുമാർ നടത്തുന്നുണ്ട്. നിരാഹാര സമരത്തെ തുടർന്ന് നഴ്‌സുമാരിൽ ഒരാളായ സഫീർ കുഴഞ്ഞുവീണു. സഫീറിനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തിയാണ് സഫീറിനെ ആർഎംഎൽ ആശുപത്രിയിലെത്തിച്ചത്. ഇതോടെ നേഴ്‌സുമാർ റോഡ് ഉപരോധിച്ചു. തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഞ്ചുമണിയോടെ വിട്ടയക്കുമെന്ന് അറിയിച്ച പൊലീസ് അതിന് തയ്യാറായില്ല. സിപിഐ നേതാവ് ആനിരാജ പൊലീസ് സ്റ്റേഷനിലെത്തി ചർച്ച നടത്തിയശേഷമാണ് നേഴ്‌സുമാരെ വിട്ടയച്ചത്. നവംബർ 20നാണ് ആകെയുള്ള 260 നേഴ്‌സുമാരിൽനിന്ന് 36 പേരെ പിരിച്ചുവിട്ടത്. പിരിച്ചുവിടലിനെതിരെ സമരം തുടങ്ങിയതോടെ പ്രതികാരനടപടിയുടെ ഭാഗമായി നാലുമാസത്തെ ശമ്പളവും മാനേജ്‌മെന്റ് തടഞ്ഞുവച്ചതായി നേഴ്‌സുമാർ പറഞ്ഞു.