- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചന്തകളും മാളുകളും തുറക്കാം, ഹോട്ടലുകളിൽ പകുതി പേർ മാത്രം; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
ന്യൂഡൽഹി: കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ഡൽഹിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ചന്തകളും മാളുകളും തുറക്കാൻ അനുമതി നൽകിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. തുടർന്ന് ജൂൺ ഒന്നുമുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
മാളുകളും ചന്തകളും തിങ്കളാഴ്ച മുതൽ രാവിലെ പത്തുമണി മുതൽ വൈകീട്ട് എട്ടുമണി വരെ തുറന്നുപ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഒരു പ്രദേശത്ത് ഒരു ചന്ത തുറക്കാനെ അനുവദിക്കൂ. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാം. 50 ശതമാനം സീറ്റിങ് കപാസിറ്റിയുമായി റെസ്റ്റോറന്റുകൾക്കും പ്രവർത്തനം ആരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ച സ്ഥിതിഗതികൾ നിരീക്ഷിക്കും. കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് കെജരിവാൾ മുന്നറിയിപ്പ് നൽകി. അതേസമയം സ്കൂളുകൾ, കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും. രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകൾക്ക് ഉള്ള വിലക്ക് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് ഡെസ്ക്