ഭർത്താവ് നൽകുന്ന സ്‌നേഹസമ്മാനത്തിനു വേണ്ടി കണ്ണടച്ചു നിന്ന ഭാര്യയ്ക്ക് ലഭിച്ചത് മരണം. ഡൽഹിയാലാണ് സമ്മാനത്തിനു വേണ്ടി കണ്ണടച്ചുനിന്ന ഭാര്യയെ ക്രൂരമായി കഴുത്തിൽ വയർ മുറുക്കി കൊലപ്പെടുത്തിയത്.

ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കൊമളിനെ കഴുത്തിൽ വയർ മുറുക്കി കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പാണ് ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹിതരാകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു ഇരുവരും. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയമാണ് പലപ്പോഴും വഴക്കിന് ഇടയാക്കിയിരുന്നത്.

കുറച്ചുമാസമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞദിവസം തർക്കം പരിഹരിക്കാനായി ഒരു ഉപഹാരവുമായി താൻ വരുന്നുണ്ടെന്ന് മനോജ് കുമാർ അറിയിച്ചതിനെ തുടർന്നാണ് കോമളം വടക്കൻ ഡൽഹിയിലെ ബോണ്ട പാർക്കിലെത്തുന്നത്.

നേരിൽ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണടച്ച് തിരിഞ്ഞ് നിൽക്ക് ഒരു സർപ്രൈസ് തരാം എന്ന് മനോജ്കുമാർ പറഞ്ഞു. അങ്ങനെ നിന്ന കോമളിനെയാണ് കൈയിൽ കരുതിയ വയർ ഉപയോഗിച്ച് പ്രതി കൊന്നത്.
കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചിൽ ഉപേക്ഷിച്ച് ഇയാൾ സ്ഥലം വിട്ടു.

തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ഇയാൾ താൻ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. പട്രോളിങ്ങിനിടെ യാദൃച്ഛികമായി ഈ സംഭാഷണം കേൾക്കാനിടയായ ഒരു പൊലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

മദ്യലഹരിയിലായതിനാൽ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാൻ കഴിയാതിരുന്നതിനാൽ ആറ് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് പാർക്കിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.