- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാത ഒരുങ്ങുന്നു; ഡൽഹി-മുംബൈ എക്സ്പ്രസ് വേ രണ്ട് വർഷത്തിനുള്ളിൽ; ടോൾ ഇനത്തിൽ കേന്ദ്രസർക്കാരിന് പ്രതിമാസം 1000-1500 കോടി ലഭിക്കുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗ പാതയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേ 2023-ൽ യാഥാർഥ്യമാകുന്നതോടെ കേന്ദ്ര സർക്കാരിന് ടോൾ ഇനത്തിൽ പ്രതിമാസം 1000 കോടി മുതൽ 1500 കോടിരൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേയ്സ് വകുപ്പുമന്ത്രി നിതിൻ ഗഡ്കരി.
ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമ്മാണം പൂർത്തിയായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടെ എല്ലാ മാസവും 1000-1500 കോടി രൂപ ടോൾവരുമാനം ലഭിക്കും-വാർത്താ ഏജൻസിയായ പി.ടി.ഐക്കു നൽകിയ അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ.) വരുമാനം സൃഷ്ടിക്കാനുള്ള സ്വർണഖനിയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. 2023 മാർച്ചോടെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്.
ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ എട്ടുവരിപ്പാത, ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറിൽനിന്ന് 12 മണിക്കൂറായി കുറയ്ക്കുമെന്നാണ് കരുതുന്നത്.
1380 കിലോമീറ്ററാണ് പാതയുടെ നീളം. 98,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുന്നത്. 2018 മാർച്ച് 9നാണ് തറക്കല്ലിട്ട് നിർമ്മാണം തുടങ്ങിയ പദ്ധതിയുടെ 1380 കിലോമീറ്റർ നീളം വരുന്ന പാതയുടെ 1200ലധികം കിലോമീറ്റർ നിർമ്മിക്കാനുള്ള കരാറുകൾ ഇതിനോടകം തന്നെ നൽകിക്കഴിഞ്ഞു. ഇതിന്റെ പണി പുരോഗമിക്കുകയാണ്.
പുതിയ എക്സ്പ്രസ് വേ ഡൽഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റർ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് പ്രതിവർഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു എൻജിനീയറിങ് വിസ്മയമായിരിക്കും ഡൽഹി-മുംബൈ എക്സ്പ്രസ് വേ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ 12 ലക്ഷം ടണ്ണിലധികം സ്റ്റീൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അതായത് ഏകദേശം 50 ഹൗറ പാലങ്ങൾ നിർമ്മിക്കുന്നതിന് തുല്യം.
ഇന്ത്യയുടെ വാർഷിക സിമന്റ് ഉൽപാദന ശേഷിയുടെ ഏകദേശം 2 ശതമാനത്തോളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 80 ലക്ഷം ടൺ സിമന്റ് പദ്ധതിക്കായി ഉപയോഗിക്കും. ആയിരത്തോളം സിവിൽ എഞ്ചിനീയർമാരും അൻപത് ലക്ഷത്തോളം തൊഴിലാളികളുമാണ് പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ ഭാഗമാകുന്നത്.




