- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; കോടതിയലക്ഷ്യത്തിൽ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരർഥകം; ഡൽഹി ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി; 'സമഗ്രമായ പദ്ധതി' നാളെ അറിയിക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നതെന്നും കോടതിയലക്ഷ്യത്തിൽ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരർഥകമാണെന്നും സുപ്രീംകോടതി. ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കോടതി ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്രസർക്കാരാണു സുപ്രീം കോടതിയെ സമീപിച്ചത്.
ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള 'സമഗ്രമായ പദ്ധതി' വ്യാഴാഴ്ച രാവിലെ തന്നെ കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്രത്തോടു നിർദ്ദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് 'മുംബൈ മാതൃക'യിൽ ഡൽഹിക്ക് ഓക്സിജൻ ഉറപ്പാക്കാൻ ശ്രമിക്കാനും നിർദ്ദേശിച്ചു.
അതേസമയം ഓക്സിജൻ സാഹചര്യം നിരീക്ഷിക്കുന്നതിൽ ഹൈക്കോടതിയെ തടയാനാകില്ലെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഉദ്യോഗസ്ഥരെ ശിക്ഷിച്ചതു കൊണ്ടു ഡൽഹിക്ക് ഓക്സിജൻ ലഭിക്കില്ല. ഡൽഹിക്ക് ഓക്സിജൻ എത്തിക്കുന്നതിന് സമഗ്രമായ പ്ലാൻ നാളെ രാവിലെ 10.30ന് തന്നെ സമർപ്പിക്കണം. ഞങ്ങൾക്ക് കോടതിയലക്ഷ്യ നടപടി ആവശ്യമില്ല. പ്രവർത്തനമാണ് ആവശ്യം സുപ്രീം കോടതി വ്യക്തമാക്കി.
500 ടൺ ഓക്സിജൻകൊണ്ടു ഡൽഹിയിലെ കാര്യങ്ങൾ നോക്കാമെന്നു കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ കേന്ദ്ര ഉത്തരവിൽ 700 ടൺ ഉള്ളകാര്യം കോടതി ചൂണ്ടിക്കാട്ടി. ഡൽഹിക്ക് ഇപ്പോൾ ലഭിക്കുന്ന 550 ടൺ കൊണ്ടു പ്രശ്നം അവസാനിക്കില്ലെന്നും കോടതി പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നതെന്ന് കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചു.
കോവിഡ് മഹാമാരിക്കാലത്തായിട്ടു പോലും ഇന്ത്യ ഓക്സിജൻ കപ്പാസിറ്റി 5,000 മെട്രിക് ടണ്ണിൽനിന്ന് 9000 ടൺ ആയി ഉയർത്തിയതായി കേന്ദ്രം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും ഇതെങ്ങനെ ലഭ്യമാക്കാമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. രാജ്യത്താകെ നടപ്പാക്കാൻ സാധിക്കുന്ന ഒരു ഫോർമുല വിദഗ്ധരുടെ സഹായത്തോടെ നടപ്പാക്കി. ഇതു പ്രകാരം ഡൽഹിക്ക് 480 മെട്രിക് ടൺ ഓക്സിജൻ നൽകിയെന്നും കേന്ദ്രം പ്രതികരിച്ചു.
അതേസമയം ഓരോ സംസ്ഥാനങ്ങളിലും ഓരോ സമയത്താണു രോഗം വ്യാപിക്കുന്നതെന്നും രാജ്യത്താകെ പൊതുവായൊരു മാർഗം പ്രയോഗിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പ്രതികരിച്ചു. ഇക്കാര്യത്തിൽ ജനങ്ങൾ ഉത്കണ്ഠയിലാണ്. മുംൈബയിലേതുപോലെ ബഫർ സ്റ്റോക്കുകൾ നിർമ്മിക്കണം.
മുംബൈയിൽ ചെയ്യാമെങ്കിൽ ഡൽഹിയിലും അതു സാധിക്കും ചന്ദ്രചൂഢ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയും ചീഫ് സെക്രട്ടറിയും ഇക്കാര്യത്തിൽ മുംബൈ മുനിസിപ്പൽ കമ്മിഷണറുമായി ചർച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തിനും ഡൽഹിക്കും കോടതി മൂന്നു ദിവസത്തെ സമയം അനുവദിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ 351.56 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിലെത്തിയതായി കേന്ദ്രം അറിയിച്ചു. കൂടുതൽ ടാങ്കറുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്നും വിതരണത്തിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ പുരോഗതിയുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.
ഡൽഹിക്കു നൽകാമെന്നു പറഞ്ഞ അത്രയും ഓക്സിജൻ ലഭിക്കാതിരുന്നതോടെയാണു ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഡൽഹി കോടതി അറിയിച്ചത്. ഉത്തരവുകൾ പാലിക്കാത്തതിനു കോടതിയലക്ഷ്യ നടപടികളെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്