ന്യൂഡൽഹി: ഇന്ത്യിയിൽ നിന്നും ആഗോള നേതാക്കൾ അൽപ്പം അതിശയത്തോടെ നോക്കുന്ന നേതാവാണ് തിരുവനന്തപുരം എംപി ശശി തരൂർ. യുപിഎ സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്‌സിന് അത്രയ്ക്ക് മികച്ച തിളക്കം ഉണ്ടായിരുന്നില്ല. പല വിധത്തിലുള്ള വിവാദങ്ങളിൽ അദ്ദേഹം അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെന്നു പെട്ടു. എന്നാൽ, കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായപ്പോൾ കഥ മാറി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നയപരിപാടികളും മറ്റു തീരുമാനിക്കുന്ന മിടുക്കനായ നേതാവായി അദ്ദേഹം മാറിയിട്ടുണ്ട്. രാഹുൽ ഗാന്ധി എന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷന്റെ വലംകൈയാണ് തരൂർ ഇന്ന്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ സന്ദർശനം നടത്തിയ വേളയിൽ രാഹുൽ ഗാന്ധിക്ക് വേദികൾ ഒരുക്കുന്നതിലും മറ്റു കാര്യങ്ങളിലും മുന്നിൽ നിന്നത് തരൂരായിരുന്നു. ചുരുക്കത്തിൽ രാഹുലിനെ കരുത്തനാക്കി മാറ്റുന്നതിൽ മിടുക്കനായ നേതാവായ ശശി തരൂരിനും കൃത്യമായ പങ്കുണ്ട്. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ കക്ഷിഭേദമന്യേ അംഗീകരിക്കപ്പെടുന്ന നേതാവു കൂടിയായി മാറിയ തരൂർ തനിക്ക് മേൽ ആരോപിക്കപ്പെട്ട കേസുകളിൽ നിന്നും അഗ്നിശുദ്ധി വരുത്താനുള്ള ശ്രമത്തിലാണ്. ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ ബിജെപി നിരന്തരമായി തരൂരിരെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറായി അദ്ദേഹം.

രാജ്യത്തെ അപൂർവമായ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനയ്ക്ക് വരെ വിധേയനാകാൻ എംപിയായ ശശി തരൂർ തയ്യാറായി. രാജ്യത്തു തന്നെ അപൂർവ്വമായ അത്യാധുനിക ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്ന് ശശി തരൂർ ഡൽഹി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തു. മുൻപ് നുണ പരിശോധനയിലും തരൂർ ഹാജരായിരുന്നു. ഭാര്യയുടെ മരണത്തിൽ തന്റെ നേർക്കുള്ള എല്ലാ സംശയങ്ങളും നീങ്ങാനാണ് തരൂരിന്റെ ഈ നീക്കം. സിബിഐയുടെ ലോധി കോളനിയിലെ ഫോറൻസിക് സമയൻസ് ലബോറട്ടറിയിൽ വച്ചായിരുന്നു പരിശോധന. പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ഇതേവരെ രാജ്യത്ത് രണ്ടു കേസുകളിൽ മാത്രമാണ് ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന നടത്തിയിട്ടുള്ളത്. ഡൽഹിയിലെ ആരുഷി കൂട്ടക്കൊലക്കേസിലും കവി മധുമിതാ കൊലപാതക കേസിലുമാണ് ഈ പരിമശാധന നടത്തിയിട്ടുള്ളത്. ഇതിലൂടെ സുനന്ദ പുഷ്‌കർ കേസിലെ ആരോപണങ്ങളിൽ നിന്നും താൻ പൂർണ്ണമായും മുക്തനാകുമെന്ന പ്രതീക്ഷയിലാണ് ശശി തരൂർ. ശശി തരൂരിനെതിരെ ബിജെപി ഏറെ ആയുധമാക്കിയ സംഭവമായിരുന്നു സുനന്ദ പുഷ്‌കറുടെ മരണം. 2014 ജനുവരി 17 നായിരുന്നു സുനന്ദ പുഷ്‌കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം തരൂർ എഐസിസി സമ്മേളനത്തിലായിരുന്നു എങ്കിലും മരണത്തിന് രണ്ടു ദിവസം മുൻപ് സുനന്ദ തരൂരിനെതിരെ നടത്തിയ ആരോപണങ്ങളാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്.

എന്താണ് ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന?

ഫോറൻസിക് തെളിവുകളുടേയും പ്രതികളെ സൈക്കോളജിക്കൽ പരിശോധനയ്ക്ക് വിലയിരുത്തുന്നതിന്റേയും അടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്ന കുറ്റാന്വേഷണ രംഗത്തെ പുതിയ രീതിയാണ് ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന. ഡൽഹിയെഅരുഷിഹേമരാജ് കൊലപാതകത്തിലും കവി മധുമിതാ കൊലപാതക കേസിലും മാത്രം മുമ്പ് പരീക്ഷിക്കപ്പെട്ട ഈ രീതി സുന്ദ പുഷ്‌ക്കർ കൊലപാതക കേസിലും പൊലീസ് ഉപയോഗിക്കുകയായിരുന്നു. സിബിഐയുടെ പ്രത്യേക സഹായത്താൽ ശശി തരൂർ എംപിയേയും കേസിൽ സംശയിക്കപ്പെടുന്ന നാലു പേരേയും ഡിസംബർ അവസാന വാരത്തിനിടയിലും ജനുവരി ആദ്യ വാരത്തിനിടയിലുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

അർണാബിന്റെ ആക്രമണത്തെയും ധൈര്യത്തോടെ നേരിടാം

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ തരൂരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകളുമായി അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ നേരത്തെ രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ ലീലാ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് എന്നത് അടക്കമുള്ള ആരോപണങ്ങളുമായി അർണാബിന്റെ ചാനൽ രംഗത്തെത്തിയപ്പോൾ നിയമ നടപടിയിലൂടെയാണ് തരൂർ നേരിട്ടത്. ഒടുവിൽ തരൂരിന്റെ സ്വകാര്യത മാനിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

2014 ജനുവരി 17നാണ് ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വർഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സുനന്ദയുടെ മരണം നടക്കുമ്പോൾ കേന്ദ്ര മാനവവിഭശേഷി സഹമന്ത്രിയായിരുന്നു ശശി തരൂർ. സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(എയിംസ്) ഫോറൻസിക് വിഭാഗം മേധാവി ഡോ.സുധീർ ഗുപ്ത വ്യക്തമാക്കിയിരുന്നു. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടർമാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നേരത്തെ ഫോറൻസിക്ക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ അമിതമായി മരുന്ന് കഴിച്ചതിനാലാണ് മരണം സംഭവിച്ചതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് എന്നാൽ പൊലീസ് ഈ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയതിനാൽ വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊലീസ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസിന് നിർദ്ദേശം നൽകുകയായിരുന്നു.

ദുബായിലെ ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്പോർട്സ് വേൾഡിന്റെ സഹ ഉടമയുമായിരുന്ന സുനന്ദ പുഷ്‌കറിനെ 2010 ആഗസ്തിൽ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂർ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു ഇത്. ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്‌കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയാണ്. കശ്മീരിയായ സഞ്ജയ് റെയ്‌നയെയായിരുന്നു ആദ്യ ഭർത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തിൽ മരിക്കുകയായിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂർ ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ കൊച്ചിൻ ടസ്‌കേഴ്സ് എന്ന പേരിൽ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്‌കർക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എൽ. ടീമിൽ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നൽകിയത് ഏറെ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് 2010-ൽ തരൂരിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

ശശി തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങൾ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂർ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവർത്തക മെഹർ തരാറുമായി തരൂർ പ്രണയത്തിലാണെന്നും താൻ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങൾ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി. പിന്നീട് സുനന്ദ ഹോട്ടൽ മുറിയിൽ മരിച്ചതോടെ രാഷ്ട്രീയ വിഷയമാക്കി ബിജെപി ഇതിനെ മാറ്റുകയും ചെയ്തു.