ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അമ്മ മൗരിൻ വാദ്ര, സിബിഐ ഡയറക്ടർ അലോക് വർമ എന്നിവരുൾപ്പെടെയുള്ള 13 വിവിഐപികൾക്ക് നൽകി വന്നിരുന്ന സുരക്ഷ ഡൽഹി പൊലീസ് പിൻവലിച്ചു.

മൗരിൻ വാദ്രയ്ക്ക് ആറു പൊലീസുകാരുടെ സുരക്ഷയാണ് നൽകിയിരുന്നത്. ഡൽഹി പൊലീസ് ഓഫീസറായ മനിഷി ചന്ദ്ര, കോൺഗ്രസ് വക്താവ് അംബികാ ദാസ്, എഎപി മന്ത്രിമാർ, മുൻ ഡൽഹി ചീഫ് സെക്രട്ടറി എന്നിവരും സുരക്ഷ ഒഴിവാക്കപ്പട്ടവരുടെ പട്ടികയിലുണ്ട്.

മൗരീൻ വാദ്രയ്ക്ക് പൊലീസ് സംരക്ഷണം നൽകുന്നതിനെ മാധ്യമങ്ങൾ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 13 വിവിഐപികൾക്ക് നൽകിയിരുന്ന സുരക്ഷ ഡൽഹി പൊലീസ് പിൻവലിച്ചത്. തീരുമാനം ഉടൻ നടപ്പിലാക്കും. സുരക്ഷാ ചുമതലയിൽ നിന്ന് പിൻവലിക്കപ്പട്ട പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിലെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും.

നിലവിൽ 464 വിവിഐപികൾക്കാണ് ഡൽഹി പൊലീസിന്റെ വിവിധ കാറ്റഗറിയിലുള്ള സുരക്ഷ ലഭിക്കുന്നത്. ഇതിൽ 398 പേർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സുരക്ഷ നൽകുന്നത്.

ബാക്കിയുള്ള 66 പേർക്ക് പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിർദ്ദേശപ്രകാരവും സുരക്ഷ നൽകുന്നു. 77,000 അംഗബലമുള്ള ഡൽഹി പൊലീസിലെ 10,400 പേരും വിഐപി സുരക്ഷയ്ക്കായി നിയോഗിക്കപ്പട്ടിരിക്കുകയാണെന്നാണ് കണക്കുകൾ.