ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസുകാർ ഉപയോഗിച്ചു പോന്ന പദമാണ് 'ആം ആദ്മി' എന്ന പദം. എന്നാൽ ആം ആദ്മിയെ മറന്ന് കോർപ്പറേറ്റുകൾക്ക് പിന്നാലെ കോൺഗ്രസുകാർ പായാൻ തുടങ്ങിയ വേളയിലാണ് അരരിന്ദ് കെജ്രിവാളെന്ന അതിബുദ്ധിമാൻ പാവപ്പെട്ടവന്റെ പേരിൽ പാർട്ടിയും രൂപീകരിച്ച് രംഗത്തെത്തിയത്. ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഭരണത്തിലിരുന്ന കക്ഷിയായ കോൺഗ്രസിനെ മറിച്ചിട്ട് അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് കോർപ്പറേറ്റുകളോട് ഏറ്റുമുട്ടിയാണ് അധികാരത്തിൽ നിന്നും ഒഴിയേണ്ടി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച വോട്ട് ശതമാനം നേടിയെങ്കിലും അധികം സീറ്റുകൾ നേടാൻ ചൂല് ചിഹ്നമാക്കിയ പാർട്ടിക്ക് സാധിച്ചില്ല. ഒടുവിൽ ജനങ്ങളോട് മാപ്പു ചോദിച്ച് വീണ്ടും ജനവിധി തേടിയ കെജ്രിവാളിനെ ജനങ്ങൾ വാനോളം ഉയർത്തി വിജയം സമ്മാനിച്ചപ്പോൾ ഒന്നു പൊട്ടിക്കരയാൻ പോലൂം സാധിക്കാത്ത അവസ്ഥയിലാണ് ആം ആദ്മിയെന്ന വാക്കിന്റെ കുത്തക അവകാശപ്പെടുന്ന കോൺഗ്രസ്.

ഇന്ത്യയെ ഏറ്റവും കൂടുതൽ കാലംഭരിച്ച കോൺഗ്രസ് പാർട്ടിക്ക് മേൽ വീണ മറ്റൊരു ആണി കൂടിയായി ഡൽഹിയിലെ കനത്ത തോൽവി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഈ തോൽവിയോടെ കൂടുതൽ ദുർബലമാക്കുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും കർണ്ണാടകത്തിലും മാത്രമൊതുങ്ങുന്ന പ്രാദേശിക പാർട്ടിയെന്ന അവസ്ഥയിലേക്കാണ് കോൺഗ്രസ്. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് പൂർണമായി ആം ആദ്മിയിലേക്ക് മാറിയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. 15 വർഷത്തെ ഡൽഹി ഭരണവും 10 വർഷത്തെ യുപിഎ ഭരണവും ഡൽഹിയിലെ ജനം ഇനിയും മറന്നിട്ടില്ലെന്ന് വ്യക്തം. ഒരു സീറ്റ് പോലും നേടാൻ സാധിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പിനെ നയിച്ച അജയ് മാക്കൻ രാജിവച്ചത് രാഹുൽ ഗാന്ധിയെയും കൂടുതൽ ദുർബലനാക്കും. പുതിയ നേതൃത്വം പാർട്ടിക്ക് വേണമെന്ന ആവശ്യം ഉയരാൻ സാധ്യതയും കൂടുതലാണ.്

കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി കടന്നുവന്ന കാലം മുതൽ പാർട്ടിക്ക് തിരിച്ചടികളായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയോട് മുട്ടാനും രാഹുൽ ഗാന്ധിക്ക് സാധിച്ചിരുന്നില്ല. പ്രണബ് മുഖർജിയെ മാറ്റിനിർത്തിയായിരുന്നു രാഹുലിൽ പാർട്ടി വിശ്വസിച്ചത്. ഡൽഹിയിലെ തോൽവിയോടെ രാഹുലിന്റെ കോൺഗ്രസ് ഇന്ത്യയിൽ അസ്മതയത്തിന്റെ പാതയിലാണ്. ഇനി പ്രിയങ്കയ്ക്ക് വേണ്ടി കോൺഗ്രസിൽ ചില നേതാക്കൾ ഉന്നയിച്ചേക്കാം. അതിനപ്പുറത്തേക്ക് ചിന്തിച്ചാൽ മാത്രമേ കോൺഗ്രസിന് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ.

കോൺഗ്രസിന്റെ അസ്തമയം ഉദയമാക്കി മാറ്റാൻ ഡൽഹിയിൽ ആം ആദ്മിക്ക് സാധിച്ചു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്ന 33.07 ശതമാനം വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 46.1 ശതമാനത്തിലേക്ക് ഉയർന്നു. ഇത്തവണ അത് പകുതിയായി കുറഞ്ഞു. അതേസമയം ആപ്പിന്റെ വോട്ട് 29.49 ശതമാനത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 32.9 ശതമാനമായി ഇപ്പോൾ അത് 50 ശതമാനവും കടന്നിരിക്കുന്നു.

അതേസമയം അമിത് ഷായുടെ വർഗീയ രാഷ്ട്രീയത്തെ ഡൽഹി ജനത ഇഷ്ടപ്പെടുന്നില്ലെന്ന വ്യക്തമായ സൂചനയും ഡൽഹി നൽകിയിട്ടുണ്ട്. വർഗീയ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ബിജെപി ചിന്തിക്കണം എന്നതാണ് പ്രധാനമായ സൂചന. ക്രെസ്തവ പള്ളികളും ആക്രമിക്കപ്പെട്ടത് അടക്കമുള്ള കാര്യങ്ങളുടെ പഴികേട്ടത് ബിജെപിയായിരുന്നു. അതുകൊണ്ട് തന്നെ ഡൽഹി ജനത കെജ്രിവാളെന്ന തന്ത്രശാലിയായ നേതാവിൽ വിശ്വസിക്കുകയായിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി മത്സരിച്ചപ്പോൾ ഹിന്ദുത്വവും കോർപ്പറേറ്റ് താൽപ്പര്യങ്ങളും ഒരുമിക്കുകയായിരുന്നു. മോദിയിൽ കരുത്തനായ ഒരു നേതാവിനെയും ഇന്ത്യൻ ജനത കണ്ടു. എന്നാൽ ഇപ്പോൾ അന്നത്തെ മോദി പ്രഭാവത്തിന് എല്ലാ അർത്ഥത്തിലും തിരിച്ചടിയേറ്റുവെന്നാണ് വ്യക്തമാകുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പുതിയ അജണ്ട ഉയർത്തികൊണ്ടുവരാൻ മോദിക്കും അമിത് ഷായ്ക്കും ഇനി സാധിക്കണം.

അതേസമയം പ്രാദേശിക പാർട്ടികളുടെ ഏകീകരണമാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും വ്യക്തമായി. സിപിഎമ്മും തൃണമൂൽ കോൺഗ്രസും ജനതാദളും അടക്കമുള്ള പാർട്ടികൾ ആം ആദ്മിക്കായിരുന്നു വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചത്. മോദി സർക്കാർ തനിക്കും തന്റെ സർക്കാറിനും ഭീഷണിയാണെന്ന് കണ്ടാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ആം ആദ്മിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചത്. ഇങ്ങനെ പ്രാദേശിക പാർട്ടികൾ മോദിയോട് പക തീർത്തുക കൂടി ചെയ്തുവെന്ന കാര്യമാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മൃഗീയ വിജയം സൂചിപ്പിക്കുന്നത്.