ന്യൂഡൽഹി: ഡൽഹി എസ്.എൻ.ഡി.പി. യുണിയന്റെ ഏറെ നാളത്തെ ശ്രമഫലമായി രോഹിണിയിൽ നിർമ്മിച്ച ആസ്ഥാനമന്ദിരവും ക്ഷേത്ര സമുച്ചയവും  സർപ്പിച്ചു. പ്രൌഡ ഗംഭീര സദസ്സിന്റെ സാന്നിധ്യത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഡൽഹി എസ്.എൻ.ഡി.പി.യുടെ ചിരകാല സ്വപ്നസാക്ഷാത്ക്കാര സമർപ്പണ കർമ്മം നിർവ്വഹിച്ചത്.  പ്രത്യേകമായി മന്ദിരം ഇല്ലാത്തതിനാൽ ഡൽഹിയിലും പ്രാന്ത  പ്രദേശങ്ങളിലും ഉള്ള ഗുരുദേവ  വിശ്വാസികൾ ഇതു വരേയും  ശ്രീനാരായണ വിഗ്രഹങ്ങളും പടങ്ങളും മാത്രം വച്ചുള്ള പൂജയും മറ്റും ആണ് നടത്തിയിരുന്നത്. നിലവിൽ മുംബൈ, ചെന്നൈ, ബാംഗ്ലൂർ, അഹമ്മദാബാദ്, ബറോഡ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഗുരുദേവന് പ്രത്യേകമായി മന്ദിരങ്ങളുണ്ടെങ്കിലും ഉത്തരേന്ത്യയിൽ ഇതാദ്യമാനെന്നാണ്  ഗുരുദേവ മന്ദിരം എന്ന്  ഭാരവാഹികൾ അവകാശപ്പെടുന്നത്.

ഗുരുമന്ദിരം സമർപ്പണത്തിന്റെ മുന്നോടിയായി മാർച്ച് 24 മുതൽ 29 വരെ നാനാ തുറകളിൽ ഉള്ളവരെ സംഘടിപ്പിച്ചു കൊണ്ട്   ദിവ്യബോധനം  നടത്തുകയുണ്ടായി. ആയതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച നടന്ന  യുവജന  വനിതാ  ബാലജന യോഗം മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ശ്രീനാരായണ  സാഹിത്യ സംസ്‌കാരം എന്ന വിഷയത്തിന്മേലുള്ള സെമിനാറിൽ ശിവഗിരി മഠം ആത്മീയാചാര്യൻ സ്വാമി സച്ചിദാനന്ദ അവർകൾ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. മതങ്ങൾക്കതീതമായി  രാഷ്ട്രീയ സാമ്പത്തിക  സാമൂഹിക  രംഗങ്ങളിൽ മനുഷ്ടനെ സംരക്ഷിക്കുന്ന തത്വങ്ങളാണ് ശ്രീനാരായണ ഗുരുവിന്റെതെന്നും, ജനന  മരണങ്ങൾക്കിടയിൽ മനുഷ്യ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെ  അതിസൂക്ഷമമായി വ്യാഖ്യാനിക്കുന്ന സംഹിതകളാണ് ശ്രീനാരായണ കൃതികളെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അഡ്വ . അശോകൻ നഗറിൽ എസ്.എൻ.ഡി.പി. ഡൽഹി ഘടകം പ്രസിഡന്റ് ടി.പി.കൂട്ടപ്പൻ അധ്യക്ഷത വഹിച്ച  സമർപ്പണ സമ്മേളനത്തിൽ  എസ് .എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ്   അംഗം പ്രീതി നടേശൻ ഭദ്ര ദീപം തെളിയിച്ചു. ചടങ്ങിൽ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ബിജെപി.സംസ്ഥാന പ്രസിഡന്റ്‌റ്  വി.മുരളീദരൻ , മുൻ കേന്ദ്ര മന്ത്രി എസ്. കൃഷ്ണ കുമാർ,  എംഎ‍ൽഎ. വേദ് പ്രകാശ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.