ന്യൂഡൽഹി: രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിയിലായ 38 കാരനായ തുന്നൽക്കാരനെ ചോദ്യംചെയ്ത ഡൽഹി പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇതുവരെ 2400 കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അഞ്ഞൂറുപേരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലാണ് ഇയാൾ നടത്തിയത്.

ഇക്കാലയളവിൽ ഇതുവരെ ശിക്ഷിക്കപ്പെട്ടതാകട്ടെ വെറും ഒരു കേസിൽ ആറുമാസം തടവുശിക്ഷയ്ക്കും. നമ്മുടെ നിയമവ്യവസ്ഥയിൽ ഇത്തരം പീഡനവീരന്മാർക്ക് രക്ഷപ്പെടാൻ നിരവധി പഴുതുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവം ഇതോടെ രാജ്യത്ത് വലിയ ചർച്ചയായി മാറുകയാണ്.

കഴിഞ്ഞ പന്ത്രണ്ടുവർഷക്കാലത്തിനിടെ 500 പെൺകുട്ടികളെ വശത്താക്കി പീഡിപ്പിച്ചുവെന്നാണ് ഡൽഹിയിൽ അറസ്റ്റിലായ സുനിൽ രസ്‌തോഗിയെന്ന ഞരമ്പുരോഗിയുടെ മൊഴി. ഡൽഹി, പടിഞ്ഞാറൻ യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കുട്ടികളെയാണ് ഇയാൾ ഇരയാക്കിയത്. ഇവരിൽ മിക്കവാറും പേരെ വലയിലാക്കയത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുംവഴിയാണെന്ന് മൊഴി ന്ൽകിയിട്ടുണ്ട്. ഇയാൾ കുറച്ചുകാലം കിഴക്കൻ ഡൽഹിയിൽ ടൈലറായി പ്രവർത്തിച്ചിട്ടുണ്ട്.

ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകളിൽ പ്രതിയാക്കാൻ പൊലീസ് അന്വേഷണം വിപുലമായി നടത്തുകയാണ്. ഇതിനകം രസ്‌തോഗിക്കെതിരെ ആറുകേസുകൾ ചാർജുചെയ്തുകഴിഞ്ഞു.

മൂന്നുകേസുകൾ ഡൽഹിയിലും രണ്ടെണ്ണം രുദ്രാപുരിലും ഒരെണ്ണം ബിലാസ്പുർ ജില്ലയിലുമാണ്. പീഡനത്തിനിരയായവർ പലപ്പോഴും പരാതി നൽകാത്തതും കുട്ടികൾ ഇക്കാര്യം വീട്ടിൽപോലും പറയാത്തതും ഇയാൾ രക്ഷപ്പെടാൻ കാരണമായെന്ന് പൊലീസ് പറയുന്നു.

താമസിച്ചിരുന്ന സ്ഥലത്തുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാളെയും കുടുംബത്തെയും 2004ൽ ആ പ്രദേശത്തുനിന്നുതന്നെ നാട്ടുകാർ ഓടിച്ചുവിട്ടതോടെ ഇവർ മയൂർ വിഹാർ പ്രദേശത്ത് വന്നെത്തി താമസമാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ നിരീക്ഷിച്ചു തുടങ്ങിയത്. സ്‌കൂളിൽ നിന്ന് മടങ്ങുംവഴി പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിലായിരുന്നു. ഇത്. കുട്ടി വിഷയം വീട്ടിൽ പറഞ്ഞില്ല. എന്നാൽ പന്തികേട് തോന്നിയ വീട്ടുകാർ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇതോടെ പൊലീസിൽ പരാതി നൽകി. കുട്ടി പറഞ്ഞ അടയാളങ്ങൾ വച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെ സമാനമായ രണ്ടുസംഭവങ്ങൾകൂടി ജനുവരി 12ന് പൊലീസിന്റെ മുന്നിലെത്തി.

ഇതോടെ ന്യൂ അശോക് നഗർ പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചു. ട്യൂഷൻ കഌസ് കഴിഞ്ഞുവരികയായിരുന്ന പത്തും ഒമ്പതും വയസ്സുള്ള രണ്ടുകുട്ടികളെ ഉടുപ്പുവാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കൊണ്ടുപോയത്. നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടികൾ നിലവിളിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോന്ദ്‌ലി ഗ്രാമത്തിൽ ഒളിച്ചുതാമസിച്ചിരുന്ന ഈ ക്രൂരനെ പൊലീസ് വലയിലാക്കിയത്.

തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ ഇക്കാലമത്രയും നടത്തിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങൾ ഇയാൾ തുറന്നുപറയുകയായിരുന്നു. ഡൽഹിയിലേക്ക് 1990 കാലത്താണ് ഇയാളുടെ കുടുംബം എത്തുന്നത്. അച്ഛന്റെ ടൈലറിങ് ഷോപ്പിൽ സഹായിയായിരുന്നു ആദ്യകാലത്ത്. 2006ൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായപ്പോഴാണ് ഇയാൾ്ക്ക ആറുമാസം തടവുശിക്ഷ ലഭിച്ചത്. അവിടെനിന്നും നാട്ടുകാർ തുരത്തിയതോടെ ബിലാസ്പുരിലെത്തി വാടകവീട്ടിൽ താമസം തുടങ്ങി.

ഡൽഹിയിലേക്ക് തൊഴിലന്വേഷിച്ച് ഇടയ്ക്കിടെ വരുമായിരുന്ന രസ്‌തോഗി ഇക്കാലത്താണ് പീഡനങ്ങൾ ഏറെയും നടത്തിയത്. ഒരു കുട്ടിയോട് ആകർഷണം തോന്നിയാൽ അവരെ എന്തെങ്കിലും നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വശത്താക്കുകയും ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

ഒരുതവണ പീഡിപ്പിച്ചവരെ പിന്നീട് അക്കാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ ക്രൂരന് തക്കശിക്ഷ വാങ്ങിക്കൊടുക്കാൻ ഇയാൾ ഇരയാക്കിയവരെ തേടിപ്പിടിക്കാൻ ശ്രമം നടത്തുകയാണ് ഡൽഹി പൊലീസ്.