ന്യുഡൽഹി: രാജ്യാന്തര ഇ കൊമേഴ്‌സ് ഷോപ്പിങ് കമ്പനിയായ ആമസോണിനെ കബളിപ്പിച്ച് തട്ടിപ്പുകൾ തുടരുന്നു. മാസങ്ങൾക്ക് മുമ്പ് ബംഗളൂരു സ്വദേശിയായ യുവതിയും കഴിഞ്ഞവർഷം സൈബരാബാദ് സ്വദേശിയായ അമ്പതുകാരനും നടത്തിയ അതേ രീതിയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. ഇക്കുറി 52 ലക്ഷം രൂപയുടെ സ്മാർട് ഫോണുകൾ തട്ടിയെടുത്ത 21 കാരനാണ് അറസ്റ്റിലായത്.

ഡൽഹി സ്വദേശിയായ ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വിലാസത്തിൽ ഫോണുകൾ ഓർഡർ ചെയ്ത് വാങ്ങിയ ശേഷം അവ മറിച്ചുവിൽക്കുകയും തനിക്ക് ലഭിച്ചത് ശൂന്യമായ പായ്ക്കറ്റാണെന്ന് ആമസോണിന് പരാതിപ്പെട്ട് പണം മടക്കി വാങ്ങിയുമാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നത്. 166 ഫോണുകൾ റിഫണ്ട് ചെയ്ത് ഇരട്ടിലാഭമാണ് ഇയാളുണ്ടാക്കിയതെന്നും കണ്ടെത്തി.

ശിവം ചോപ്ര (21) ആണ് കേസിലെ വില്ലൻ. ഉത്തര ഡൽഹിയിലെ ട്രി നഗർ സ്വദേശിയായ ഇയാൾ ഹോട്ടൽ മനേജ്‌മെന്റ് പഠനത്തിനു ശേഷം ചില ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. പിന്നീട് പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് ആഗോള ഇകൊമേഴ്‌സ് ഭീമനെ പറ്റിക്കാനുള്ള തന്ത്രം ഇയാൾ പയറ്റിയത്.

ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഇതിനു വേണ്ടി ഇയാൾ വ്യാജ തിരിച്ചറിയാൽ കാർഡുകൾ സംഘടിപ്പിച്ചു. ഇതുപയോഗിച്ച് 141 സിം കാർഡുകൾ വാങ്ങി. 50 ഇമെയിൽ ഐ.ഡികളും സൃഷ്ടിച്ചു. പല ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചു. ഇ കൊമേഴ്‌സ് ആപ്പിൽ നിരവധി അക്കൗണ്ടുകളും എടുത്തു. തുടർന്നാണ് മൊബൈൽ ഫോണുകൾക്ക് ഓർഡർ നൽകിയത്.

ഡെലിവറിക്കായി വ്യാജ വിലാസങ്ങളാണ് ഇയാൾ നൽകിയത്. വിലാസം കണ്ടെത്താനാവാതെ ഡെലിവറി ബോയ് അന്വേഷണം നടത്തുന്നതിനിടെ ഫോണിലൂടെ താൻ വേറൊരിടത്താണെന്നും അവിടെയെത്താനും നിർദ്ദേശിക്കും. അവിടെവച്ച് പണം നൽകി മൊബൈൽ സ്വീകരിക്കും. പിന്നീട് ഡെലിവറി ബോക്‌സിൽ നിന്ന് മൊബൈൽ എടുത്ത് രേഖകളൊന്നും കൂടാതെ മറിച്ചുവിൽക്കും. ഇതിന് പിന്നാലെ മൊബൈൽ ഇല്ലാത്ത കാലി പായ്ക്കറ്റാണ് തനിക്ക് ലഭിച്ചതെന്ന് കാണിച്ച് ആമസോണിന് പരാതിയും അയക്കും. ഇങ്ങനെ പണം അക്കൗണ്ടിലേക്ക് തിരികെ വരുത്തും.

ഈ ഇടപാടുകളെല്ലാം വ്യാജ ഐഡികൾ ഉപയോഗിച്ച് പല പേരുകളിൽ ആയിരുന്നു എന്നതിനാലാണ് ഇത്രയധികം ഫോണുകൾ തട്ടിയെടുക്കാൻ ഇയാൾക്ക് കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. തന്റെ യഥാർത്ഥ തിരിച്ചറിയൽ രേഖ പുറത്തുപോകാതിരിക്കാൻ ചോപ്ര പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഒരു പ്രത്യേക മേഖലയിൽ പരാതികൾ തുടർക്കഥ ആയതോടെ കമ്പനി അന്വേഷണം നടത്തി. ഇതോടെയാണ് തട്ടിപ്പിനെ കുറിച്ച് സൂചന ലഭിച്ചത്. ട്രി നഗർ പ്രദേശത്തുനിന്നാണ് പരാതികൾ വ്യാപകമാകുന്നതെന്ന് കണ്ടതോടെ പൊലീസിന് പരാതി കൈമാറുകയായിരുന്നു. സമാനമായ തട്ടിപ്പ് സാധ്യത മുന്നിൽ കണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കമ്പനിയോ പൊലീസോ തയ്യാറായിട്ടില്ല.

സമാനമായ രീതിയിൽ ദീപൻവിത ഘോഷ് എന്ന 32കാരിയാണ് ആമസോണിനെ പറ്റിച്ചത്്. 70 ലക്ഷം രൂപയുടെ തട്ടിപ്പാണ് പശ്ചിമബംഗാൾ സ്വദേശിനി നടത്തിയത്. ആമസോൺ വഴി സാധനങ്ങൾ വാങ്ങിയ ശേഷം രൂപസാദൃശ്യമുള്ള വസ്തുക്കൾ മടക്കി നൽകിയായിരുന്നു തട്ടിപ്പ്. സമാനരീതിയിൽ യുവതി ഒരു വർഷം തട്ടിപ്പ് തുടർന്ന യുവതി ആമസോൺ പ്രതിനിധി ദെനു ടി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ അവസാനമാണ് തട്ടിപ്പുകാരി പിടിയിലായത്.

വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളടക്കം 104 പർച്ചേസുകളാണ് യുവതി ആമസോണിൽ നിന്നും നടത്തിയത്. വ്യാജ പേരുകൾ ഉപയോഗിച്ചാണ് യുവതിയും ആമസോണിൽ ഓർഡറുകൾ നൽകിയിരുന്നത്. സാധനം കയ്യിലെത്തി 24 മണിക്കൂറിനകം യുവതി റിട്ടേൺ അഭ്യർത്ഥന നൽകും. തുടർന്ന് രൂപസാദൃശ്യമുള്ള വ്യാജ വസ്തുക്കൾ തിരിച്ചയക്കും. ഇതോടെ പണവും യഥാർത്ഥ സാധനവും യുവതിക്ക് സ്വന്തമാകും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. റീഫണ്ട് ചെയ്ത സാധനങ്ങളുടെ പാക്കറ്റ് ആമസോൺ പരിശോധിക്കാറില്ലായിരുന്നുവെന്ന പഴുത് മുതലെടുത്താണ് യുവതി ആമസോണിനെ പറ്റിച്ചത്.