പാർക്കിങ് ഫൈൻ അടയ്ക്കാത്തതിന്റെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്ത 27കാരി ജെസിക്ക പ്രീസ്റ്റൺ ജയിലിൽ വച്ച് പ്രസവിച്ചു. കഴിഞ്ഞ വർഷം മാർച്ച് 20ന് അമേരിക്കയിലെ മിച്ചിഗണിലെ ഡെട്രോയിറ്റിലെ മാകോംബ് കൺട്രി ജയിലിലാണ് സംഭവം നടന്നിരിക്കുന്നത്. താൻ ഗർഭിണിയാണെന്നും ആശുപത്രിയിൽ പോകണമെന്നും ജെസിക്ക ജയിൽ അധികൃതരോട് കാലു പിടിച്ച് കേണിട്ടും അവർ അതിന് തയ്യാറാവാത്തതിനെ തുടർന്നാണ് വൃത്തിഹീനമായ ജയിലിലെ സെല്ലിൽ ഇവർക്ക് ആരുടെ സഹായവുമില്ലാതെ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നിരിക്കുന്നത്. യുവതി ഗർഭിണിയാണെന്ന് ജയിൽ ഗാർഡുമാർക്ക് വിശ്വാസം വരാഞ്ഞതിനെ തുടർന്നാണ് അവർ യുവതിയെ ആശുപത്രിയിലേക്ക് വിടാൻ അനുവദിക്കാതിരുന്നതെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ച് 15നായിരുന്നു യുവതിയെ ജയിലിൽ അടച്ചിരുന്നത്. തുടർന്ന് അഞ്ച് ദിവസത്തിന് ശേഷം പ്രസവിക്കുകയുമായിരുന്നു. എലിജാഹ് എന്നാണ് ഇവർ മകന് പേരിട്ടിരിക്കുന്നത്. ഡ്രൈവിങ് നിയമലംഘനത്തിന്റെ പേരിൽ പിടിയിലാകുമ്പോൾ യുവതി എട്ട് മാസം ഗർഭിണിയായിരുന്നു. 10,000 ഡോളറിന്റെ കാഷ്‌ബോണ്ട് താങ്ങാൻ പറ്റാത്തതിനെ തുടർന്നാണ് കോടതിയിൽ വിചാരണ തിയതി ആകുന്നത് വരെ യുവതി അഞ്ച് ദിവസം ജയിലിൽ കഴിയാൻ നിർബന്ധിതയായത്. അഞ്ച് ദിവസം കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷം അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് ലേബറിലേക്ക് ചെല്ലുകയും തനിക്ക് പ്രസവവേദന തുടങ്ങിയെന്ന് മെഡിക്കൽ സ്റ്റാഫുകളോട് പറയുകയും ചെയ്‌തെങ്കിലും അതവർ വിശ്വസിച്ചില്ല. തുടർന്ന് ഏഴ് മണിക്കുറുകൾക്ക് ശേഷം വൃത്തിഹീനമായ മാട്രസ് പാഡിൽ അവർ കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഹോസ്പിറ്റലിൽ എത്തിച്ച് പരിശോധനകൾ നടത്തിയിരുന്നു. അധികം വൈകാതെ ജസിക്കയെ വീണ്ടും ജയിലിൽ എത്തിക്കുകയും ഒരാഴ്ച കൂടി തടവിൽ ഇടുകയും ചെയ്തിരുന്നു. താൻ വ്യാജമായി പ്രസവ വേദന അഭിനയിക്കുകയായിരുന്നുവെന്ന് ജയിൽ ജീവനക്കാർ തന്നെ കുറ്റപ്പെടുത്തിയിരുന്നുവെന്ന് ഇന്നലെ ജസിക്ക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മണിക്കൂറുകൾ ഇടവിട്ട് താൻ മൂന്ന് പ്രാവശ്യം ലേബറിൽ പോയി അസ്വസ്ഥത ബോധ്യപ്പെടുത്തിയെങ്കിലും അവർ അത് വിശ്വസിച്ചില്ലെന്നും അവഗണിച്ചുവെന്നും ജെസിക്ക ആരോപിക്കുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം 2.40ന് പ്രസവം നടക്കുകയായിരുന്നു. ജസിക്കയുടെ വാക്കുകൾ മെഡിക്കൽ സ്റ്റാഫിന് വിശ്വസിക്കാനാവാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ട് പോകാതിരുന്നതെന്നാണ് ജയിൽ ഒഫീഷ്യലുകൾ പ്രതികരിച്ചിരിക്കുന്നത്.

യുവതി പ്രസവിക്കാൻ തുടങ്ങിയപ്പോൾ മെഡിക്കൽ സ്റ്റാഫ് ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടാൻ തുടങ്ങിയെന്നും എന്നാൽ അപ്പോഴേക്കും വൈകിയിരുന്നുവെന്നുമാണ് ഷെറിഫ് അന്തോണി വിക്കർഷാം വെളിപ്പെടുത്തിരിക്കുന്നത്. മെഡിക്കൽ സ്റ്റാഫ് യുവതിയെ പ്രസവത്തിന് സഹായിച്ചിരുന്നുവെന്നും പ്രസവത്തിന് ശേഷം ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. യുവതിയോട് ഇത്തരത്തിൽ ജയിൽ അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറിയതിൽ ഇവരുടെ കുടുംബക്കാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നാണ് ജസിക്കയുടെ ഭർത്താവ് തോമസ് ചാസ്റ്റയിൻ പ്രതികരിച്ചിരിക്കുന്നത്. ജയിലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ജസിക്ക ഒരുങ്ങുന്നുണ്ട്. എന്നാൽ ആരെയും ഇതു വരെ കസ്റ്റഡിയില് എടുത്തിട്ടില്ല. ഇതിന് മുമ്പ് ഈ ജയിലിൽ അടക്കപ്പെട്ട രണ്ട് പേർക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇവർ മരിച്ചിരുന്നു.